Top

'ഇറച്ചിക്കടയിലെ പോത്തിന്റെ ഗണത്തിലേക്ക് മാറി, കൊല്ലാന്‍ തയ്യാറായി അറവുകാരും'; 'കെഎസ് അനുയായി'കളുടെ ആക്രമണത്തെക്കുറിച്ച് 'ഓണ്‍ എയറില്‍' നിന്ന് സൂരജ്

'പ്രതികരിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനോടാണെങ്കില്‍ നിങ്ങള്‍ കാണിക്കുന്നത് മണ്ടത്തരമാകും'

25 Oct 2021 10:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇറച്ചിക്കടയിലെ പോത്തിന്റെ ഗണത്തിലേക്ക് മാറി, കൊല്ലാന്‍ തയ്യാറായി അറവുകാരും; കെഎസ് അനുയായികളുടെ ആക്രമണത്തെക്കുറിച്ച് ഓണ്‍ എയറില്‍ നിന്ന് സൂരജ്
X

കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അനുയായി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയ സംഭവം പുറത്തുവിട്ട ആര്‍ജെ സൂരജിന് നേരെ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണം.

കമന്റ് ബോക്‌സിലും ഇന്‍ബോക്‌സിലും കടുത്ത അസഭ്യപരാമര്‍ശങ്ങളാണ് താന്‍ നേരിടുന്നതെന്ന് സൂരജ് പറഞ്ഞു. എംപിയുടെ പെരുമാറ്റവും അണികളുടെ ശരിയല്ലാത്ത ഇടപെടലിനെയും പറ്റി തുറന്നു പറഞ്ഞതാണോ താന്‍ ചെയ്ത തെറ്റെന്ന് സൂരജ് ചോദിക്കുന്നു. കേരള രാഷ്ട്രീയം സിനിമയിലൊക്കെ കാണും പോലെ തന്നെയാണ്. അധികാരമുള്ളവന്‍ പറയും ബാക്കിയുള്ളവന്‍ അതെന്തായാലും വെള്ളം തൊടാതെ വിഴുങ്ങണം. പിന്നെങ്ങനെ ഇവിടെ ജനങ്ങളുടെ കാര്യങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്ന ജനപ്രതിനിധി ഉണ്ടാകും. നേതാവ് തെറ്റ് ചെയ്താലും കൈയ്യടിക്കുന്ന അണികളുള്ളിടത്തോളം ഇവിടൊരു പിണ്ണാക്കും മാറാന്‍ പോകുന്നില്ലെന്നും സൂരജ് പറഞ്ഞു.

സൂരജ് പറഞ്ഞത്: ''ഇത് ഭയങ്കര അത്ഭുതമായിരിക്കുന്നു..! കൊറേ പേര്‍ കമന്റ് ബോക്‌സില്‍ ചീത്ത പറയുന്നു.. കൊറേ പേര്‍ ഇന്‍ബോക്‌സില്‍ ചീത്തപറയുന്നു...!! കൊറേ പേര്‍ എന്റെ രാഷ്ട്രീയം ചികയാന്‍ പോകുന്നു.. പൊതുമരാമത്ത് മന്ത്രി മുതല്‍ രാഷ്ട്രീയ കുപ്രസിദ്ധിയുള്ള ആകാശ് തില്ലങ്കേരിയെ വരെ എന്റെ നുകത്തില്‍ കൂടെ കെട്ടുന്നു.. നാലു വര്‍ഷം മുന്നേ ഇതേ പേജില്‍ ഞാന്‍ തന്നെ പബ്ലിക്കായി പോസ്റ്റ് ചെയ്ത പാര്‍ട്ടി പതാകയുമായുള്ള പടവുമായി വരുന്നു.. ആകെ ഒരു ഉത്സവ മേളം..! ഇതൊക്കെ എന്തിനാ..? എനിക്ക് രാഷ്ട്രീയം ഉണ്ടെന്ന് തെളിയിക്കാനാ..? എനിക്ക് രാഷ്ട്രീയം ഇല്ലെന്ന് ഞാന്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ..? എന്നാല്‍ നിങ്ങളെ പോലെ രാഷ്ട്രീയ തിമിരം പിടിച്ചിട്ടില്ലെന്ന് നിസംശയം പറയും.. കെട്ടോ..''

''അല്ലാ അതിനിപ്പൊ ഞാന്‍ ഇവിടെ എന്താ ചെയ്‌തേ..? ഒരു MP യുടെ ഇന്നത്തെ പെരുമാറ്റവും കൂടെയുള്ള അണികളുടെ ശെരിയല്ലാത്ത ഇടപെടലിനെയും പറ്റി 'നേരില്‍ കണ്ടത്' തുറന്നു പറഞ്ഞതോ..? അതാണോ ഇവിടെ തെറ്റായി നിങ്ങളൊക്കെ കാണുന്നത്..? അപ്പൊ ചുരുക്കി പറഞ്ഞാല്‍ കേരളത്തിലെ രാഷ്ട്രീയം ഈ സിനിമയിലൊക്കെ കാണും പോലെ തന്നെയാണ്..!! അധികാരമുള്ളവന്‍ പറയും ബാക്കിയുള്ളവന്‍ അതെന്തായാലും വെള്ളം തൊടാതെ വിഴുങ്ങണം..! ല്ലേ.. കൊള്ളാം.. പിന്നെങ്ങനെ ഇവിടെ ജനങ്ങളുടെ കാര്യങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്ന ജന പ്രതിനിധി ഉണ്ടാകും..? പിന്നെങ്ങനെ ഇവിടെ ജനത്തിന് വിലയുണ്ടാകും..? നേതാവ് തെറ്റ് ചെയ്താലും കൈയ്യടിക്കുന്ന അണികളുള്ളിടത്തോളം ഇവിടൊരു പിണ്ണാക്കും മറാന്‍ പോകുന്നില്ല.. അത്രേ എനിക്ക് പറയാനുള്ളൂ..! ഇതില്‍ രാഷ്ട്രീയം മാത്രം കണ്ടവര്‍ ആ സാധനം ഒന്ന് മാറ്റി വെച്ച് ഒരുസാധാരണ പൗരന്റെ സ്ഥാനത്ത് നിന്ന് സ്വയം ചിന്തിച്ച് നോക്കു ഞാന്‍ പറഞ്ഞത് ശെരിയോ തെറ്റോ എന്ന്..! അല്ലാത്തവര്‍ എന്തോ പറഞ്ഞോളു.. എനിക്ക് ഇത് കാലാകാലമായി ശീലമായതാണ്.. എങ്കിലും മുന്നില്‍ കണ്ടാല്‍ പറയാതെ വയ്യ.. ഇടപെടാതെ വയ്യ.. അതെന്റെ ശീലമായിപ്പോയി.. ഇനിയും തുടരും.. ക്ഷമിക്കുക..''

സൈബര്‍ ആക്രമണത്തിന് പിന്നാലെ സൂരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് ഇങ്ങനെ: കണ്‍ മുന്നില്‍ ശെരിയല്ലെന്ന് തോന്നുന്നത് കണ്ടാല്‍ നേരിട്ട് പ്രതികരിക്കുന്ന 'ലക്ഷത്തില്‍ ഒരാള്‍' മനസിലാക്കേണ്ട പാഠങ്ങള്‍.. നേരിട്ട് ഫീല്‍ ചെയ്യുന്ന വിഷയങ്ങളില്‍ പ്രതികരിച്ചു പോകുന്ന ശീലം കാരണം ഇതുവരെ ഞാന്‍ പഠിച്ച ചില പാഠങ്ങള്‍ ഇനി എന്നെങ്കിലും പ്രതികരിക്കാന്‍ ഇടയുള്ളവരുടെ അറിവിലേക്ക്... നിങ്ങള്‍ പ്രതികരിക്കുന്നത് ആരോടാണെന്ന് നോക്കണം.. നിങ്ങളുടെ ലെവലിലോ നിങ്ങളെക്കാള്‍ താഴ്ന്നതെന്ന് തോന്നുന്നവരോടോ മാത്രം പ്രതികരിക്കുക.

നിങ്ങള്‍ പ്രതികരിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനോടാണെങ്കില്‍ നിങ്ങള്‍ കാണിക്കുന്നത് മണ്ടത്തരമാകും.. കാരണം കേരളത്തില്‍ രാഷ്ട്രീയക്കുപ്പായത്തിലുള്ളവര്‍ക്ക് എന്തും ചെയ്യാനുള്ള പ്രത്യേക അനുവാദമുണ്ട്. ഒരു നാടിന്റെ MP എന്നാല്‍ ആ നാട്ടിലെ അയാളുടെ രാഷ്ട്രീയം ഉള്ളവരുടെ മാത്രം MP ആണ്.. അയാളോട് നിര്‍ദ്ദേശങ്ങള്‍ പറയാനും തിരുത്താന്‍ പറയാനും ആ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവര്‍ക്ക് മാത്രമേ അവകാശമുണ്ടാകുകയുള്ളൂ..

നിങ്ങള്‍ നല്ല ഭാഷയില്‍ കണ്ട ഒരു തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ ഇന്‍ബോക്‌സിലും കമന്റിലും കോളുകളിലുമായി ഏറ്റവും മോശം ഭാഷയില്‍ 1000 തെറ്റുകളുമായി ഒരു പട തന്നെ വരും. നേരില്‍ കാണുന്ന ഒരു തെറ്റിനെതിരെ നിങ്ങള്‍ പറയാന്‍ പോകുകയാണെങ്കില്‍ ആ വര്‍ഷം ആ സംസ്ഥാനത്ത് നടന്ന എല്ലാ തെറ്റുകളെയും പറ്റി അന്വേഷിച്ച് പഠിച്ച് സീനിയോരിറ്റി അടിസ്ഥാനത്തില്‍ അതിനെ പറ്റിയൊക്കെ പറഞ്ഞ്.. ഏറ്റവും ഒടുവില്‍ നിര്‍ബന്ധമെങ്കില്‍ മാത്രം നിങ്ങള്‍ 'നേരില്‍' കണ്ട തെറ്റിനെ പറ്റി പറയുക.

രാഷ്ട്രീയക്കാരന്റെ തെറ്റിനെ പറ്റി പറയുമ്പോള്‍ നിങ്ങള്‍ക്ക് ഒരു രാഷ്ട്രീയ അനുഭാവവും ഉണ്ടാകരുത്.. അഥവാ നിങ്ങള്‍ക്ക് ഒരു രാഷ്ട്രീയ അനുഭാവം ഉണ്ടെങ്കില്‍ കാര്യം പോയി.. നിങ്ങള്‍ പ്രതികരിച്ച തെറ്റ് ഒന്നുമല്ലാതായി..! നിങ്ങള്‍ വെറും രാഷ്ട്രീയ അടിമയായി..! രാഷ്ട്രീയം കൊണ്ട് ശമ്പളം പറ്റുന്നവനായി. കേരളത്തില്‍ രാഷ്ട്രീയക്കാരുടെ തെറ്റിനെ പറ്റി പറഞ്ഞാല്‍ കൊറച്ച് രാഷ്ട്രീയക്കാര്‍ വരും തെറി പറയും കുറ്റം പറയും നിങ്ങളെ പറ്റി കഥകള്‍ മെനയും..

രാഷ്ട്രീയത്തിലെ കുട്ടി നേതാക്കള്‍ക്ക് വളരണമെങ്കില്‍ തലപ്പത്തുള്ള നേതാവ് തെറ്റു ചെയ്താലും അതിനെ പുകഴ്തിയെഴുതിയേ മതിയാകൂ.. തെറ്റ് ചൂണ്ടിക്കാണിച്ചവനെ അപമാനിച്ചാലേ ശെരിയാകൂ..! കേരളത്തിലെ പൊതു ജനങ്ങളുടെ പ്രതിനിധിയല്ല MP & MLA. അവരൊക്കെ ദൈവപുത്രന്മാരാണ്.. അവരെ പറ്റി മിണ്ടാന്‍ പാടില്ല.. അവര്‍ നമുക്ക് അനുഗ്രഹങ്ങളെന്ന പോലെ അവകാശങ്ങള്‍ ചൊരിയും.. അത് വേണമെങ്കില്‍ ഉപയോഗിച്ച് മിണ്ടാതിരിക്കുക.. പ്രതികരിച്ചാല്‍ നിങ്ങള്‍ പിശാചിന്റെ പാതയിലാണ്..

കേരളത്തില്‍ നിങ്ങള്‍ പറഞ്ഞതും ചെയ്തതും 110% ശെരിയായ കാര്യമാണെങ്കിലും നിങ്ങളുടെ കൂടെ ആത്മാര്‍ത്ഥമായി നില്‍ക്കാന്‍ വളരെ ചുരുക്കം വിരലില്‍ എണ്ണാവുന്നത്ര പേര്‍ മാത്രമേ കാണു.! നിങ്ങള്‍ കേരളത്തിലെ ഒരു രാഷ്ട്രീയക്കാരനെ പറ്റിയോ അയാളുടെ കൂടെ ഉള്ളവരെ പറ്റിയോ സംസാരിച്ചാല്‍ പിന്നെ നിങ്ങളെ പറ്റി നിങ്ങള്‍ പോലുമറിയാത്ത നൂറുകണക്കിന് ആരോപണങ്ങളും വാര്‍ത്തകളും കേള്‍ക്കേണ്ടി വരും.!

ഒരു ജനപ്രതിനിധിയുടെ അനിഷ്ടം കാരണം ഒരാളുടെ ജോലി പോകുന്ന വിഷയത്തില്‍ നിങ്ങളിടപെട്ടാല്‍ നിങ്ങളുടെ ജോലി കളയിക്കാന്‍ പൈനായിരം പേര്‍ പാഞ്ഞു വരും.!

അവസാനമായി , രാഷ്ട്രീയക്കാരന്റെ തെറ്റിനെ പറ്റി മിണ്ടിയാല്‍ പിന്നെ നിങ്ങള്‍ ഒരു ഇറച്ചിക്കടയില്‍ തൂങ്ങി നില്‍ക്കുന്ന പോത്തിന്റെ ഗണത്തിലേക്ക് മാറും.. നിങ്ങടെ ഓരോ അവയവത്തിനും ആളുകള്‍ അവകാശവുമായി ഇന്‍ബോക്‌സിലും കോളിലും വരും.. നിന്റെ മുട്ടുകാല്.. നിന്റെ തല.. നിന്റെ കണ്ണ്.. നിന്റെ കാലിന്റെ ചിരട്ട.. നിന്റെ ചോര.. അങ്ങനെ അങ്ങനെ ഓരോ പാര്‍ട്ട്‌സിനും ആളുണ്ടാവും..! കൊല്ലാന്‍ തയാറുള്ള അറവുകാരുമുണ്ടാകും..!

ഇനി വല്ല പോയന്റും പുതുതായി പഠിച്ചാല്‍ കമന്റില്‍ ഇടാം..!

സുധാകരന്‍ അനുയായി എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയ സംഭവം ഇവിടെ

Next Story