Top

ഫാക്ട്‌ചെക്ക്: കെ മുരളീധരന്റേതെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടിവി ലോഗോയ്‌ക്കൊപ്പം പ്രചരിക്കുന്ന കാര്‍ഡ് വ്യാജം, പ്രതികരണവുമായി എംപി

വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട കെ മുരളീധരന്‍ എംപി വാര്‍ത്തകള്‍ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിച്ചു

9 Jun 2022 3:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫാക്ട്‌ചെക്ക്: കെ മുരളീധരന്റേതെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടിവി ലോഗോയ്‌ക്കൊപ്പം പ്രചരിക്കുന്ന കാര്‍ഡ് വ്യാജം, പ്രതികരണവുമായി എംപി
X

റിപ്പോര്‍ട്ടര്‍ ലൈവിന്റെ ലോഗോയ്‌ക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപിയുടെ പേരില്‍ പ്രചരിക്കുന്ന വാക്കുകള്‍ വ്യാജമാണ്. കഴിഞ്ഞ ദിവസം സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കെ മുരളീധരന്റേത് എന്ന പേരില്‍ ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട വാക്കുകള്‍ പ്രചരിപ്പിക്കപ്പെടുന്നത്.

പ്രചരിക്കുന്നത്

'സ്വപ്‌ന പറയുന്ന വിവരക്കേടുകള്‍ കേട്ട് യുഡിഎഫുകാര്‍ അതിന്റെ പുറകെ പോവാന്‍ നിന്നാല്‍ കൂടുതല്‍ നാറുമെന്ന് കെ മുരളീധര്‍' എന്നാണ് റിപ്പോര്‍ട്ടര്‍ ലൈവിന്റെ ലോഗോയ്ക്കും കെ മുരളീധരന്‍ എംപിയുടെ പേരില്‍ പ്രചരിക്കുന്നത്.





വാസ്തവം

ഒറ്റ നോട്ടത്തില്‍ തന്നെ വ്യാജമാണ് എന്ന് വ്യക്തമാവുന്നതാണ് പ്രചരിക്കുന്ന ചിത്രം. കെ മുരളീധരന്‍ എംപിയുടെ ഫോട്ടോയുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് ചിത്രത്തില്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ലൈവ് സോഷ്യല്‍ മീഡിയാ കാര്‍ഡുകളില്‍ ഉപയോഗിച്ചുവരുന്ന ഫോണ്ടുകളല്ല ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഗൂഗിളില്‍ കെ മുരളീധരന്‍ എന്ന് സേര്‍ച്ച് ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ടര്‍ ലൈവിന്റെ വാര്‍ത്താ ലിങ്കിലുള്ള ഫോട്ടോയാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 2021 ആഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിച്ച 'ശല്യം ആവണ്ടല്ലോയെന്ന് കരുതിയാണ് കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത്: കെ മുരളീധരന്‍' എന്ന തലക്കെട്ടിലുള്ള വാര്‍ത്തയിലേതാണ് ഈ ചിത്രം. ഈ തലക്കെട്ടിന്റെ ആദ്യ ഭാഗം പ്രചരിക്കുന്ന കാര്‍ഡില്‍ കാണാം.

കെ മുരളീധരന്റെ പ്രതികരണം

വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട കെ മുരളീധരന്‍ എംപി വാര്‍ത്തകള്‍ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിച്ചു. 'റിപ്പോര്‍ട്ടര്‍ ടിവിയുടെ ലോഗോ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന പ്രചാരണം എന്റെ ശ്രദ്ധയില്‍ പെട്ടു. പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ മറുപടി പറയാന്‍ സിപിഐഎമ്മിന് കഴിയാതെ വന്നപ്പോഴാണ് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. യുഡിഎഫ് അണികള്‍ക്കിടയില്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ മൂലം ആശയക്കുഴപ്പമുണ്ടാകില്ല. സൈബര്‍ ഇടങ്ങളില്‍ ഞാന്‍ പറഞ്ഞുവെന്ന പേരില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ സിപിഐഎം ആണ്.' മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു.

STORY HIGHLIGHTS: Reporter Live Fact Check: Card that propagates in the name of K Muraleedharan with logo of Reporter Live is fake

Next Story