Top

'സമരം ചെയ്തും, രക്തം ചിന്തിയും, ജീവന്‍ വെടിഞ്ഞും നേടിയതാണ് ജോജു ഇന്ന് നേടിയ അവകാശം'; വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

1 Nov 2021 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമരം ചെയ്തും, രക്തം ചിന്തിയും, ജീവന്‍ വെടിഞ്ഞും നേടിയതാണ് ജോജു ഇന്ന് നേടിയ അവകാശം; വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
X

ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ രോക്ഷാകുലനായ നടന്‍ ജോജു ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജോജു ജോര്‍ജ് അടക്കമുള്ള മുഴുവന്‍ പൊതു ജനങ്ങളുടേയും ആവശ്യത്തിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇതു പോലെ 'ഷോ' കാണിക്കേണ്ടി വരില്ലായിരുന്നു എന്നാണ് രാഹുലിന്റെ പ്രതികരണം. ദുരിത വഴികള്‍ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അല്‍പ നേരം ഗതാഗതക്കുരുക്കില്‍ കുടുങ്ങിയപ്പോള്‍ അസ്വസ്ഥനായി. എന്നാല്‍ സമരം ചെയ്തും,രക്തം ചിന്തിയും, ജീവന്‍ വെടിഞ്ഞും നേടിയതാണ് ജോജു ഇന്ന് നേടിയ അവകാശമെന്നോര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോസ്റ്റ് പൂര്‍ണരൂപം-

ദുരിത വഴികള്‍ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അല്‍പ നേരം ഇടപ്പള്ളി വൈറ്റില റോഡില്‍ തന്റെ കാര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയപ്പോള്‍ അസ്വസ്ഥനാകുന്നത് നാം കണ്ടു. അവിടെ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ ആരും തങ്ങളുടെ വാഹനത്തിനടിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്നല്ല ആവശ്യപ്പെടുന്നത്. ജോജു ജോര്‍ജ് അടക്കമുള്ള മുഴുവന്‍ പൊതു ജനങ്ങളുടേയും ആവശ്യത്തിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇതു പോലെ 'ഷോ' കാണിക്കേണ്ടി വരില്ലായിരുന്നു.

അടിസ്ഥാന വിലയേക്കാളേറെ നികുതി നല്‍കേണ്ട ഗതികേടിലേക്ക് രാജ്യം മാറുമ്പോള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തിയിട്ടും സമരത്തോട് കണ്ണടക്കുന്ന ഭരണകൂടത്തിന്റെ തിമിരം മാറ്റാന്‍ മറ്റൊരു ശസ്ത്രക്രിയയും സാധ്യമല്ലാത്തപ്പോള്‍ പ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലാണ് കോണ്‍ഗ്രസ് ഇത്തരം ഒരു സമരവുമായി രംഗത്തിറങ്ങിയത്. മാളികപ്പുറത്തേറിയവരോട് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രമൊന്നുമോതുവാനില്ല, സമരം ചെയ്തും,രക്തം ചിന്തിയും, ജീവന്‍ വെടിഞ്ഞും നേടിയതാണ് ജോജു ഇന്ന് നേടിയ അവകാശമെന്നോര്‍ക്കുക, അല്ലാതെ ഒരു തമ്പുരാനും തളികയില്‍ വെച്ച് നല്‍കിയതല്ലെന്നോര്‍മിപ്പിക്കട്ടെ...


അതേസമയം, ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നടന്‍ ജോജു ജോര്‍ജ്ജ് സ്വീകരിച്ച സമീപം ഖേദകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചു. ജോജു വിളിച്ച് പറയുന്ന അസഭ്യം മാധ്യമങ്ങളില്‍ കാണാം. മുണ്ട് മാടി കെട്ടി ഒരു തറ ഗുണ്ടയെ പോലെ പെരുമാറുന്നു. പ്രത്യേകിച്ചും സ്ത്രീകളോട്. അദ്ദേഹത്തിന് എതിരെ പൊലീസ് നടപടി സ്വീകരിക്കണം. ജോജുവിനെതിരെ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കും. എന്നിട്ടും നടപടിയുണ്ടായിട്ടില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ സമരത്തെ കാണേണ്ടി വരുമെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണ് എന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ഉപരോധ സമരത്തിനെതിരേ ജോജു ജോര്‍ജ് നടത്തിയ പ്രതിഷേധം സിനിമയിലേത് പോലുള്ള ഷോ യെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആണ് ജോജുവിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മദ്യപിച്ചാണ് ജോജു ജോര്‍ജ് പ്രതികരിച്ചത്. വനിതാ പ്രവര്‍ത്തകെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന നിലയുണ്ടായി. ഇത്തരത്തില്‍ നടത്തിയ പ്രതിഷേധം വെറും ഷോ മാത്രമാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

Next Story