Top

'പാന്റ്‌സില്‍ ബെല്‍റ്റിന് പകരം ദൈന്യതയുടെ നിറമുള്ള മഞ്ഞ നൂല്‍, കണ്ണില്‍ നിന്നും മായുന്നില്ല...'; നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതിയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

മോട്ടോര്‍ സൈക്കിള്‍ വാങ്ങാനുള്ള അവന്റെ ആഗ്രഹം ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു

18 Sep 2021 7:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാന്റ്‌സില്‍ ബെല്‍റ്റിന് പകരം ദൈന്യതയുടെ നിറമുള്ള മഞ്ഞ നൂല്‍, കണ്ണില്‍ നിന്നും മായുന്നില്ല...; നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതിയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍
X

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അര്‍ജുനെക്കുറിച്ച് അന്വേഷണസംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ എം.എം അബ്ദുല്‍ കരീമിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കേസിന്റെ അന്വേഷണസമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ച് ആരംഭിക്കുന്ന കുറിപ്പ്, അര്‍ജുന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് അവസാനിക്കുന്നത്.

അബ്ദുല്‍ കരീമിന്റെ കുറിപ്പ് ഇങ്ങനെ: 'Pain and suffering are always inevitable for a large intelligence and a deep heart'.. Rodion Raskolnikov.

വയനാട് ജില്ലയെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം. വൃദ്ധ ദമ്പതികളുടെ കൊലപാതകം നടന്ന് 96 ദിവസം കഴിഞ്ഞപ്പോഴാണ് അറസ്റ്റ്.. യാതൊരു വിധ സൂചനകളുമില്ലാതെ നടന്ന കൊലപാതകമായതിനാല്‍ പോലീസിന് ഏറെ വെല്ലൂവിളികള്‍ നിറഞ്ഞ കേസായിരുന്നു ഇത്.

അഞ്ച് ലക്ഷത്തിലധികം മൊബൈല്‍ കോളുകള്‍ പരിശോധിച്ചു. 150ലധികം സി സി ടി വി ക്യാമറകള്‍ നിരീക്ഷിച്ചു.രണ്ടായിരത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചു. നൂറ് കണക്കിന് കളവ് കേസ് പ്രതികളെ നിരീക്ഷണം നടത്തിയും ചോദ്യം ചെയ്തും വിവിധ റാങ്കിലുള്ള അമ്പതോളം പോലീസ് ഉദ്യോഗസ്ഥര്‍ രാവും പകലും ഇല്ലാതെ അന്വേഷണം നടത്തി.. എന്നിട്ടും ഡിറ്റക്ഷന്‍ ആവാതിരുന്നത് പൊതുജനങ്ങളില്‍ ആശങ്ക ഉണ്ടാക്കി. അന്വേഷണ സംഘാംഗങ്ങളായ ഞങ്ങള്‍ ഒരാളും പക്ഷേ പ്രതീക്ഷ കൈ വിട്ടിരുന്നില്ല. കാരണം അത്രയ്ക്കും വിശദമായും ആത്മാര്‍ത്ഥമായും അന്വേഷണം നടന്നു വന്നിരുന്നു. ഒരു പക്ഷേ വയനാട് ജില്ലയില്‍ ഇത്രയും സൂക്ഷ്മമായും വിശദമായും അന്വേഷിച്ച് കണ്ട് പിടിച്ച ഇത്രയും സങ്കീര്‍ണ്ണമായ മറ്റൊരു കേസ് ഉണ്ടാവാന്‍ സാധ്യതയില്ല.. ബഹു.വയനാട് ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള മികച്ച ഒരു ടീം വര്‍ക്ക്..

അതിലൊരു പ്രധാന പങ്ക് വഹിക്കാന്‍ എനിക്കും കഴിഞ്ഞതില്‍ വലിയ സന്തോഷം.. ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി..കേവലം 23 വയസ്സുള്ള ,ജീവിത സാഹചര്യങ്ങള്‍ തികച്ചും വെല്ല് വിളികള്‍ നിറഞ്ഞ, ചെറുപ്പത്തിലേ അനാഥനായ അവന്റെ കുറ്റം ഏറ്റ് പറച്ചിലും ,കുറ്റം ചെയ്ത അവന്റെ രീതിയും മനസ്സില്‍ നമ്മുടെ സമൂഹത്തെക്കുറിച്ച് ഒരു പാട് ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു..മോട്ടോര്‍ സൈക്കിള്‍ വാങ്ങാനുള്ള അവന്റെ ആഗ്രഹം ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.

കുറ്റകൃത്യങ്ങളുടെ രീതികളും രൂപങ്ങളും നിറഞ്ഞ സിദ്ധാന്തങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്റെ ചിന്തകളില്‍ എന്നും നിറയാറുണ്ട്.. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്ന സാമൂഹിക സംവിധാനങ്ങളും ക്രിമിനോളജിയുടെ വിഷയമാണ്..മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ എന്നും ബാക്കിയുണ്ടാവും.. മനുഷ്യ മനസ്സിനെ കീറി മുറിക്കാനുള്ള മനശ്ശാസ്ത്രജ്ഞനാവും ചിലപ്പോള്‍ ഒരു കുറ്റാന്വേഷകന്‍..അണച്ച് കളഞ്ഞ രണ്ട് ജീവനാളങ്ങള്‍ക്ക് ഉത്തരം തേടി പുറപ്പെട്ട ഞങ്ങള്‍ ചെന്നെത്തുന്നത് ജീവിച്ച് തീര്‍ക്കാത്ത കുറേ കഥകളിലാണ്.. നടന്ന് പോയ വഴികളില്‍ കാത്ത് നിന്നത് നിഗൂഢതകള്‍ നിറഞ്ഞ ഇന്റര്‍നെറ്റുകളടക്കം ഇരുണ്ട ലോകത്ത് സഞ്ചരിക്കുന്ന ഒരു യുവാവിന്റെ നിശ്വാസങ്ങളുടെ കൂടി അടക്കമാണ്..

കൊല ചെയ്യപ്പെട്ടവരുടെ അവസാന ശബ്ദത്തിന് ചോരയുടെ നനവാണെന്ന് ഞങ്ങള്‍ക്കറിയാം.. വിരൂപമായ ചില കരച്ചിലുകള്‍ ഇന്‍ക്വസ്റ്റ് വേളകളില്‍ കാതില്‍ മുഴങ്ങാറുണ്ട്.. പ്രതിസന്ധി ഘട്ടങ്ങളില്‍ പിന്തിരിഞ്ഞ് നടക്കാത്ത പോലീസുദ്യോഗസ്ഥരുടെ കാലുകള്‍ പല കേസുകളിലും കാണാം.. മരിച്ചവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോലീസ് മാത്രമുള്ള സാഹചര്യങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ട്..ചില ഏറ്റ് പറച്ചിലുകളും അറസ്റ്റുകളും ചില അറിയിപ്പുകള്‍ കൂടെയാണ്.. നിന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും കണ്ണീരിന്റെ തടവറകളിലെത്തിച്ചതില്‍ സമൂഹത്തിന് പങ്കുണ്ടോ..?

ബാല്യകാലത്തോ യുവത്വത്തിന്റെ പ്രാരംഭ ഘട്ടത്തിലോ ആണ് കുറ്റവാസന ജന്‍മമെടുക്കന്നത് എന്ന് മന:ശാസ്ത്ര പഠനങ്ങളില്‍ കാണാറുണ്ട്.. ആവശ്യമായ സ്‌നേഹവും കരുതലും ലഭിക്കാതെ വളര്‍ന്ന നീ വേറിട്ട രീതികളില്‍ ചിന്തിച്ച് തുടങ്ങി...

നീ എപ്പോഴാണ് നിഗൂഢതകളുടെ രാജകുമാരനായത്??..നിന്റെ വിഹ്വലതകളും കുറ്റമേറ്റു പറയുമ്പോഴുള്ള കണ്ണീരും അതിന് ശേഷമുള്ള ദീര്‍ഘനിശ്വാസവും ചില അടയാളങ്ങളാണെനിക്ക്..ജീവിതത്തിന്റെ സായംസന്ധ്യയില്‍ വെച്ച് രണ്ട് വയോധികരെ നിലവിളിക്കാന്‍ പോലും കഴിയാതെ.....

ആ ക്രൂരത....ഞങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള നിന്റെ ഉത്തരങ്ങളില്‍ ഒരു ചേര്‍ത്ത് പിടിക്കലിന്റെ കുറവ് വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു...നിന്റെ സ്വപ്നങ്ങള്‍ അടക്കം ചെയ്ത പെട്ടി മനസ്സില്‍ നിന്ന് പോകുന്നില്ലല്ലോ..'നിയമത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരാണ്' അത് നീയാണെങ്കിലും ഞാനാണെങ്കിലും...ജീവിതത്തിലെ നിറമുള്ള വസന്തത്തെ നിന്നില്‍ കാലം അടയാളപ്പെടുത്തിയില്ലേ...വഴുതിപ്പോയ മനസ്സില്‍ തൊടാന്‍ ആരും ഉണ്ടായിരുന്നില്ലേ..നീ നല്‍കുന്ന പാഠം എന്ത്? നിയമത്തിലെ തെളിവുകള്‍ നിനക്കെതിരെ ഒട്ടേറെ..

കൊല്ലപ്പെട്ടവര്‍ക്കും കുടുംബത്തിനും നീതി ലഭിച്ചേ മതിയാവൂ.. അത് ഞങ്ങള്‍ വാങ്ങിക്കൊടുക്കുക തന്നെ ചെയ്യും..എന്നിട്ടും...നടപടികളുടെ ഭാഗമായി നിന്റെ ദേഹപരിശോധന നടത്തുമ്പോള്‍ പാന്റ്‌സില്‍ ബെല്‍റ്റിന് പകരം കണ്ട ദൈന്യതയുടെ നിറമുള്ള ആ മഞ്ഞ നൂല്‍ എന്റെ കണ്ണില്‍ നിന്നും മായുന്നില്ലല്ലോ.

Next Story