Top

'കുട്ടിക്കാലത്ത് ഒരു പന്തിന് വേണ്ടി കൊതിച്ചിട്ടുണ്ട്', പൈലറ്റ് വാഹനം കയറിപ്പൊട്ടിയ പന്തിന് പകരം ഫുട്‌ബോള്‍ വാങ്ങിനല്‍കി മന്ത്രി ശിവന്‍കുട്ടി

18 Dec 2021 6:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുട്ടിക്കാലത്ത് ഒരു പന്തിന് വേണ്ടി കൊതിച്ചിട്ടുണ്ട്, പൈലറ്റ് വാഹനം കയറിപ്പൊട്ടിയ പന്തിന് പകരം ഫുട്‌ബോള്‍ വാങ്ങിനല്‍കി മന്ത്രി ശിവന്‍കുട്ടി
X

പൈലറ്റ് വാഹനം കയറി പന്ത് പൊട്ടിയ സംഭവത്തില്‍ കുട്ടികള്‍ക്ക് ഫുട്ബാള്‍ വാങ്ങി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കണ്ണൂര്‍ ജില്ലയിലെ കടന്നപ്പളിയിയ്ക്ക സമീപത്ത് വച്ചായിരുന്നു സംഭവം. കുട്ടികളുടെ കൈയില്‍ നിന്ന് പന്ത് താഴെ വീഴുകയും അതുരുണ്ട് പൈലറ്റ് വാഹനത്തിന്റെ ടയറിനിടയില്‍ എത്തിയതോടെ പൊട്ടുകയും ചെയ്യുകയായിരുന്നു. വിഷയം ശ്രദ്ധയില്‍പെട്ട മന്ത്രി കുട്ടികള്‍ക്ക് പന്ത് വാങ്ങി നല്‍കാന്‍ ഏര്‍പ്പാട് ചെയ്യുകയുമായിരുന്നു.

പണ്ട്, കുട്ടിക്കാലത്ത് ഒരു പന്തിന് വേണ്ടി ഞാന്‍ ഏറെ കൊതിച്ചിട്ടുണ്ട്. കുട്ടികളുടെ വിഷമം എനിക്ക് മനസിലാകും എന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വി ശിവന്‍ കുട്ടി സംഭവം വിശദീകരിച്ചത്.

ഫേസ്ബുക് പോസ്റ്റ് പൂര്‍ണരൂപം-

കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു. കടന്നപ്പള്ളിയില്‍ പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം കോഴിച്ചാല്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി പോകവേ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കാനാണ് ഈ കുറിപ്പ്.

പോകുന്ന വഴിയില്‍ മൂന്ന് കുട്ടികള്‍ ഒരു പന്തുമായി നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്നിലെ പൈലറ്റ് വാഹനം കടന്നു പോകവേ കുട്ടികളുടെ കൈയില്‍ നിന്ന് പന്ത് താഴെ വീഴുകയും അതുരുണ്ട് പൈലറ്റ് വാഹനത്തിന്റെ ടയറിനിടയില്‍ വച്ച് പൊട്ടുകയും ചെയ്തു . ശബ്ദം കേട്ട് നോക്കുമ്പോഴാണ് അത് പന്ത് ആണെന്ന് എനിക്ക് മനസിലായത്.

പണ്ട്, കുട്ടിക്കാലത്ത് ഒരു പന്തിന് വേണ്ടി ഞാന്‍ ഏറെ കൊതിച്ചിട്ടുണ്ട്. കുട്ടികളുടെ വിഷമം എനിക്ക് മനസിലാകും. തിരക്കേറിയ ഷെഡ്യൂള്‍ ആയിട്ടും അങ്ങിനെ അവിടെ നിന്ന് പോകാന്‍ മനസ് വന്നില്ല. കുട്ടികള്‍ക്ക് പന്ത് വാങ്ങി നല്‍കാന്‍ ഏര്‍പ്പാട് ചെയ്തു. കുട്ടികളെ അവിടെ അടുത്തുള്ള കടയില്‍ കൊണ്ടുപോയി അവര്‍ക്കിഷ്ടമുള്ള പന്ത് ചുമതലപ്പെടുത്തിയവര്‍ വാങ്ങി നല്‍കി.

ചുമതലപ്പെടുത്തിയവരോട് കുട്ടികള്‍ പറഞ്ഞുവത്രെ പന്ത് വാങ്ങാന്‍ പിരിവിടാന്‍ ആലോചിക്കുക ആയിരുന്നു തങ്ങളെന്ന്. എന്തായാലും വലിയ സന്തോഷം.. എനിക്കും, കുട്ടികള്‍ക്കും. മക്കളെ... കളിക്കൊപ്പം പഠനവും നന്നായി മുന്നോട്ട് പോകണം. ഇനി കുട്ടികള്‍ പറയും.


Next Story