'ശശികല, പ്രതീഷ്, ശ്രീജിത്ത് പണിക്കര്‍, ശങ്കു ദാസ്'; എതിരാളികളെ കൊണ്ട് നല്ലതു പറയിപ്പിച്ച ഡിവൈഎഫ്‌ഐക്കാരെ നിങ്ങള്‍ പൊളിയാണ്
25 Nov 2021 1:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹലാല്‍ വിവാദത്തില്‍ ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അനുഭാവികളുടെ പ്രതികരണത്തില്‍ ട്രോളുമായി നടിയും ആക്ടിവിസ്റ്റുമായ ലാലി പിഎം. എതിരാളികളെ കൊണ്ട് പോലും നല്ലത് പറയിപ്പിച്ച ഡിവൈഎഫ്‌ഐ നിങ്ങള്‍ പൊളിയാണെന്ന് ലാലി പിഎം ഫേസ്ബുക്കില്‍ കുറിച്ചു. സംഘപരിവാര്‍ അനുഭാവികളായ ശ്രീജിത്ത് പണിക്കര്‍, ശങ്കു ദാസ് ഹിന്ദു ഐക്യവേദി നേതാക്കളായ പ്രതീഷ് വിശ്വനാഥ്, ശശികല എന്നിവരുടെ പോസ്റ്റുകളെ ഉദ്ധരിച്ചായിരുന്നു ലാലിയുടെ പ്രതികരണം. ഫുഡ് ഫെസ്റ്റിവല്‍ പ്രതിഷേധത്തില്‍ പന്നിയിറച്ചി ഉള്‍പ്പെടുത്തിയ ഡിവൈഎഫ്‌ഐയ്ക്കാണ് സംഘപരിവാറിന്റെ അനുമോദനം ലഭിച്ചത്.
നേരത്തെ മലപ്പുറത്ത് പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്താന്‍ ഡിവൈഎഫ്‌ഐയെ വെല്ലുവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും രംഗത്തുവന്നിരുന്നു. എറണാകുളത്ത് ബിഫും പന്നിയും ഉള്‍പ്പെടുത്തി ഡിവൈഎഫ്ഐക്ക് പരിപാടി നടത്താം എന്നാല്‍ മലപ്പുറത്ത് വന്ന ഹലാല്‍ എന്ന് പറഞ്ഞ് പന്നി ഫെസ്റ്റ് നടത്താന്‍ ധൈര്യമുണ്ടോ? ബി ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു.
മലപ്പുറത്ത് പന്നിയിറച്ചി വിളമ്പാന്‍ ധൈര്യമുണ്ടോ? ഡിവൈഎഫ്ഐ മറുപടി
'മലപ്പുറത്ത് പന്നിയിറച്ചി' പരാമര്‍ശങ്ങളില്‍ മറുപടിയുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാര്‍ ഉദേശിക്കുന്നതെന്നും റഹീം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
എഎ റഹീം പറഞ്ഞത്: ''പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടത്തുന്നത്. അപക്വമതികളായ വ്യക്തികള്‍ സോഷ്യല്‍മീഡിയ ഹൈപ്പിന് വേണ്ടി എന്തും പറയാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിനെ തീ പിടിപ്പിക്കേണ്ട കാര്യമില്ല. എറണാകുളത്ത് നടത്തിയ ഫുഡ് സ്ട്രീറ്റില്‍ പന്നിയിറച്ചി വിതരണം ചെയ്തു. എറണാകുളത്തെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് പന്നിയിറച്ചി. പൊതുവെ പന്നിയിറച്ചി ലഭ്യമല്ലാത്ത തിരുവനന്തപുരത്തും അത് വിതരണം ചെയ്തു. ഓരോ പ്രദേശത്തിനും പ്രദേശങ്ങളുടേതായ ഭക്ഷണവിഭവങ്ങളുണ്ട്. എല്ലാം കഴിക്കണമെന്ന് പറയുന്നത്, മദ്യം കുടിക്കാത്തവരെ നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുന്നത് പോലെയാണ്. മലപ്പുറത്തും വിതരണം ചെയ്യണം, അങ്ങനെയാണോ പറയേണ്ടത്, ദുരുദേശപരമായ പ്രസ്താവനകളാണ് ഇത്. ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ സംഘപരിവാര്‍ ഉദേശിക്കുന്നത്.''
''ആര്‍എസ്എസിന്റെ സര്‍ട്ടിഫിക്കറ്റ് ഒരിക്കലും ഡിവൈഎഫ്ഐക്ക് ആവശ്യമില്ല. പന്നി വിളമ്പിയത് സൂപ്പറാണ്, വിളമ്പാത്തത് സൂപ്പറാണ്. എന്നൊക്കെ ചിന്തിച്ച് വിഷമിക്കുന്നതിന് പകരം, ഒരു കാര്യം ഉറപ്പിക്കാം. വര്‍ഗീയതയുടെ ഭക്ഷണം വിളമ്പാനും വേവിക്കാനും ഒരു ശശികലയ്ക്കും ആര്‍എസ്എസിനും കേരളത്തില്‍ അടുപ്പ് കൂട്ടാന്‍ സ്ഥലം തരില്ല. ഇതാണ് ഫുഡ് സ്ട്രീറ്റിലൂടെ ഡിവൈഎഫ്ഐ നല്‍കിയ സന്ദേശം. ഉത്തരേന്ത്യന്‍ മാതൃകകള്‍ ഇവിടെ നടക്കില്ല. ഞങ്ങള്‍ ഇങ്ങനെ അടുപ്പ് കൂട്ടുന്നത് കണ്ട് സന്തോഷിച്ചോ. നിങ്ങള്‍ക്ക് ഇങ്ങനെയാരു അടുപ്പ് കൂട്ടാന്‍ കേരളത്തില്‍ കഴിയുമെന്ന് ആര്‍എസ്എസ് കരുതേണ്ട. സാഹോദര്യത്തില്‍ ഒരുമിച്ച് ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സംഘപരിവാര്‍ വര്‍ഗീയ വിദ്വേഷപ്രചരണത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്താന്‍ കേരളത്തിന് സാധിക്കണം. കേരളത്തെ വിഭജിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ഡിവൈഎഫ്ഐ തടയും. വര്‍ഗീയത പടര്‍ത്താന്‍ ആര്‍എസ്എസിനെ ഡിവൈഎഫ്ഐ അനുവദിക്കില്ല.''