'മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര് ഇവിടെ വന്‍ മരമാകും'; വിദ്വേഷ പോസ്റ്റുമായി തുഷാര്‍ വെള്ളാപ്പള്ളി
26 Dec 2021 2:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളത്ത് കിറ്റക്സ് തൊഴിലാളികള്‍ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ വിദ്വേഷ പോസ്റ്റുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റെ തുഷാര്‍ വെള്ളാപ്പള്ളി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പരാമര്‍ശം. മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര് ഇവിടെ വന്‍ മരമാകും എന്ന പരാമാര്ശത്തോടെയാണ് തുഷാര്‍ വെള്ളാപ്പള്ളി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കിഴക്കമ്പലം കലാപം ഒരു ഒര്‍മ്മപ്പെടുത്തലാണ്. മലയാളികളെ ഭയപ്പെടുത്തുന്ന സംഭവം. മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പൊലീസിനു പോലും പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത് എന്ന ചോദ്യവും എസ്എന്‍ഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും സാമൂഹിക സുരക്ഷക്കു വേണ്ടിയും സംസ്ഥാന സര്‍ക്കാര്‍ ഒരു നയം രൂപികരിച്ച് വൈകാതെ നടപ്പിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പോസ്റ്റ് പൂര്‍ണരൂപം-
കിഴക്കമ്പലം കലാപം ഗൗരവമായി കാണണം.
മറുനാടൻ തൊഴിലാളികൾക്ക് നമ്മൾ അതിഥി തൊഴിലാളികൾ എന്ന ഓമന പേര് നൽകി.
അതിഥികളെ ഊട്ടി ഉറക്കി. മലയാളികൾ മറുനാട്ടിൽ ജോലിക്കു പോകുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോകുന്നിടത്ത് അവഗണന അനുഭവിച്ച് മൃഗതുല്യ ജീവിതം നയിച്ചവരുമാണ് നമ്മൾ. നമ്മുടെ ദുരനുഭവം മറ്റുള്ളവർക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം.പക്ഷെ അത് അതിരുകടക്കരുത്.
കിഴക്കമ്പലം കലാപം ഒരു ഒർമ്മപ്പെടുത്തലാണ്.
മലയാളികളെ ഭയപ്പെടുത്തുന്ന സംഭവവുമാണ്.
പോലീസിനു പോലും മറുനാടൻ തൊഴിലാളികളെ കൊണ്ട് പൊറുതി മുട്ടിയെങ്കിൽ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത് ?
ഇവർ ആരൊക്കെ?
കൃത്യമായ രേഖകൾ സർക്കാരിന്റെ കൈവശം ഉണ്ടോ?
ഇവർക്ക് ജോലി കൊടുക്കുന്ന കമ്പനിക്കാർ വശം രേഖകൾ ഉണ്ടോ?
പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഇവരുടെ റെക്കോഡുകൾ ഉണ്ടോ?
അതിഥികൾ ആരൊക്കെയെന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒരു പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എടുത്ത് നമ്മുടെ പോലീസ് ഇവരുടെ പ്രാദേശിക സ്വഭാവം ഉറപ്പുവരുത്താറുണ്ടോ ?
മറ്റ് സംസ്ഥാനങ്ങളിൽ ഭീകര പ്രവർത്തനത്തിലും കലാപങ്ങളിലും കൊലപാതകങ്ങളിലും പ്രതിയായവരെ നമ്മുടെ അതിഥി തൊഴിലാളികൾക്ക് ഇടയിൽ നിന്ന് പിടികൂടുന്നത് നിത്യ സംഭവമാണ്. കേരളത്തിൽ കൊല ചെയ്ത് മുങ്ങുന്ന അതിഥികളും ഏറെയാണ്.
മറുനാടൻ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും സാമൂഹിക സുരക്ഷക്കു വേണ്ടിയും സംസ്ഥാന സർക്കാർ ഒരു നയം രൂപികരിച്ച് വൈകാതെ നടപ്പിലാക്കണം.
മുളയിലെ നുള്ളിയില്ലായെങ്കിൽ മറുനാടന്മാർ ഇവിടെ വൻ മരമാകും. പിന്നീട് മടിയിൽ വെയ്ക്കാനും പറ്റില്ല.
ജനങ്ങളുടെ കാര്യത്തിൽ ജാഗ്രത വേണം.