Top

മാര്‍പ്പാപ്പയെ മൂന്ന് വര്‍ഷം മുന്‍പ് കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു; കേന്ദ്രം 'ലേറ്റായെന്ന്' കടകംപള്ളി സുരേന്ദ്രന്‍

31 Oct 2021 11:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാര്‍പ്പാപ്പയെ മൂന്ന് വര്‍ഷം മുന്‍പ് കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു; കേന്ദ്രം ലേറ്റായെന്ന് കടകംപള്ളി സുരേന്ദ്രന്‍
X

മാര്‍പ്പാപ്പയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ നേരത്തെ തന്നെ താല്‍പര്യം ഉണ്ടായിരുന്നു എന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്ന് വര്‍ഷം മുന്‍പ് താന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നതായും കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മുന്‍ മന്ത്രിയുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഫോട്ടോയുള്‍പ്പെടെ പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു. പുരോഗമന നിലപാടുകള്‍ ഉയര്‍ത്തി പിടിച്ചിരുന്ന അദ്ദേഹത്തിന് നവോത്ഥാന കേരളത്തിന്റെ സ്‌നേഹ സമ്മാനങ്ങളും നല്‍കിയിരുന്നു, കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം ക്ഷണം സ്വീകരിച്ചു കൊണ്ട് കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്നും കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയുമായിരുന്നു എന്നും കടകംപള്ളി ആരോപിച്ചു.

കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റ് പുര്‍ണ രൂപം-

3 വര്‍ഷം മുമ്പാണ് മാര്‍പ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കേരള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അസുലഭ അവസരം എനിക്ക് ലഭിക്കുന്നത്. പുരോഗമന നിലപാടുകള്‍ ഉയര്‍ത്തി പിടിച്ചിരുന്ന അദ്ദേഹത്തിന് നവോത്ഥാന കേരളത്തിന്റെ സ്‌നേഹ സമ്മാനങ്ങളും നല്‍കുകയുണ്ടായി. കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് അദ്ദേഹം കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അറിയിക്കുകയുണ്ടായി. മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്നും കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അറിയിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയുമായിരുന്നു. വൈകിയാണെങ്കിലും മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. ബഹു: പ്രധാനമന്ത്രി മാര്‍പ്പാപ്പയെ നേരിട്ട് സന്ദര്‍ശിച്ചു ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നു. മാര്‍പ്പാപ്പക്ക് ഇന്ത്യയിലേക്ക് സ്വാഗതം.




കഴിഞ്ഞ ദിവസം ഇറ്റലി സന്ദര്‍ശിച്ച പ്രധാന മന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ഒന്നേക്കാല്‍ മണിക്കൂറോളം മാര്‍പ്പാപ്പയുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു, പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.

Next Story