Top

കൊല്ലത്തിന്റെ സ്വന്തം ചിഞ്ചുറാണി വീണ്ടും ട്രാക്കില്‍; ആദ്യ മൂന്നിലൊരാളായി ഫിനിഷിംഗ്

ലാൽബഹദൂർ സ്റ്റേഡിയത്തിന്റെ നിർമ്മാണ ഘട്ടത്തിലാണ് ഒടുവിൽ മന്ത്രി ചിഞ്ചുറാണി ഓട്ടമത്സരത്തിൽ മത്സരിച്ചത്.

12 Dec 2021 1:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലത്തിന്റെ സ്വന്തം ചിഞ്ചുറാണി വീണ്ടും ട്രാക്കില്‍; ആദ്യ മൂന്നിലൊരാളായി ഫിനിഷിംഗ്
X

പഴയ കായിക താരത്തിൻ്റെ മികവ് മൂന്ന് പതിറ്റാണ്ടിനു ശേഷവും ചോർന്നു പോയിട്ടില്ലെന്ന് തെളിയിച്ച് മന്ത്രി ചിഞ്ചുറാണി. ഭരണത്തിൽ മാത്രമല്ല സ്പോർട്ട്സ് ട്രാക്കിലും അതേ വേഗമുണ്ട് ഈ മുൻ കായിക താരത്തിനെന്ന് മന്ത്രി തെളിയിച്ചുകഴിഞ്ഞു. കൊല്ലത്ത് നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിമിലാണ് മന്ത്രി ചിഞ്ചുറാണി ഒരിക്കൽ കൂടി ജഴ്സിയണിഞ്ഞ് ട്രാക്കിലെത്തിയത്.

എസ്എൻ കോളേജ് പഠനകാലത്ത് ട്രാക്കിൽ തീപ്പൊരിയായ ആ പഴയ കായിക താരം വീണ്ടും അതേ മൈതാനത്ത് ഒരിക്കൽക്കൂടി മികവുള്ള ഓട്ടക്കാരിയായി. പരിശീലനം മുടങ്ങി പതിറ്റാണ്ടുകൾക്ക് ശേഷമാണ് മൈതാനത്ത് എത്തിയതെങ്കിലും പഴയ കായിക ശോഭ കെട്ടുപോയില്ലെന്ന് മന്ത്രി തെളിയിച്ചു. ലാൽബഹദൂർ സ്റ്റേഡിയത്തിന്റെ നിർമ്മാണ ഘട്ടത്തിലാണ് ഒടുവിൽ മന്ത്രി ചിഞ്ചുറാണി ഓട്ടമത്സരത്തിൽ മത്സരിച്ചത്. വിവിധ പ്രായത്തിലുള്ള കായിക താരങ്ങൾക്കൊപ്പം 100 മീറ്റർ ഓട്ട മത്സരത്തിൽ പങ്കെടുത്ത് ആദ്യ മൂന്നിലാണ് മന്ത്രി ഫിനിഷ് ചെയ്തത്.

രാഷ്ട്രീയത്തിലേക്ക് എത്തിയില്ലായിരുന്നുവെങ്കില്‍ കായിക മികവിലൂടെ ജോലി സമ്പാദിക്കുമായിരുന്നുവെന്നായിരുന്നു പിന്നാലെ മന്ത്രിയുടെ പ്രതികരണം. അന്തർ സർവകലാശാല മത്സരത്തിൽ ദേശീയ തലത്തിൽ മത്സരിച്ചിട്ടുണ്ട് ചിഞ്ചുറാണി. 1981ല്‍ ദില്ലിയില്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച ക്രോസ് കണ്‍ട്രി റെയ്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ വനിതാ എന്‍സിസി കേഡറ്റായിരുന്നു ചിഞ്ചുറാണി.

പിന്നീട് സിപിഐയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും, തെരഞ്ഞെടുപ്പ് പ്രചരണ സമയത്തുള്‍പ്പടെ തന്റെ കായിക നേട്ടങ്ങൾ ചിഞ്ചുറാണി പല വേദികളിൽ പ്രസംഗിച്ചിരുന്നു. ഒടുവില്‍ ഒരിക്കല്‍കൂടി ട്രാക്കിലെത്തിയപ്പോള്‍ ഭരണത്തിരക്കുകൾക്കിടയിൽ കായിക ഇനങ്ങളിൽ പങ്കെടുക്കാൻ സമയമില്ലെന്ന ചെറിയ നിരാശയും മന്ത്രി പങ്കുവെച്ചു. അതേസമയം, 'ക്യാപ്ഷന്‍ പ്ലീസ്' എന്ന തലവാചകത്തോടെ മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച ട്രാക്കിലെ ചിത്രത്തിന് രസകരമായ മറുപടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Next Story