Top

ഹിജാബ് വിവാദത്തിൽ വിമർശനവുമായി അബ്ദുള്ളക്കുട്ടി; 'ഭാര്യ ഹിജാബ് ധരിക്കുന്നയാളാണെന്ന് വിമർശനം'

ഭാര്യയുടെ വേഷം ഹിജാബായിരിക്കെ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനയുടെ ഔചിത്യമെന്താണെന്നും വിമർശകർ

17 Feb 2022 9:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിജാബ് വിവാദത്തിൽ വിമർശനവുമായി അബ്ദുള്ളക്കുട്ടി; ഭാര്യ ഹിജാബ് ധരിക്കുന്നയാളാണെന്ന് വിമർശനം
X

ഹിജാബ് വിവാദത്തിൽ പ്രതികരിച്ച ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം. ഇന്ത്യയുടെ സംസ്കാരത്തിന് വിരുദ്ധമായ വസ്ത്രധാരണമാണ് ഹിജാബ് എന്ന് അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ അബ്ദുള്ളക്കുട്ടിയുടെ പങ്കാളിയുടെ വേഷത്തെ ചൂണ്ടിക്കാണിച്ച സോഷ്യൽ മീഡിയ വിമർശനവുമായി രം​ഗത്തുവന്നു. ഭാര്യയുടെ വേഷം ഹിജാബും പർദ്ദയുമായിരിക്കെ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനയുടെ ഔചിത്യമെന്താണെന്നും വിമർശകർ ചോ​ദിച്ചു.

ഹിജാബ് വിവാദം അനാവശ്യമാണ്. ബുർഖ നമ്മുടെ സംസ്കാരത്തിന്റെ വേഷമല്ല. ശരീരമാസകലം മൂടുന്ന താലിബാന്റെ വേഷമാണ് അത്. അത് സ്ത്രീ വിരുദ്ധമാണ്. നമ്മെ തമ്മിലടിപ്പിക്കാൻ ചില ദേശവിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. എന്റെ സമുദായത്തിലെ ദേശീയ മുസ്ലിംങ്ങൾ അത് തിരിച്ചറിയുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്വന്തം മാതാവിന്റെയും ചിത്രത്തിനൊപ്പമാണ് ഇക്കാര്യങ്ങൾ അബ്ദുള്ളക്കുട്ടി കുറിക്കുന്നത്. ഹിജാബ് യൂണിഫോമിനൊപ്പം ധരിക്കുന്നതിൽ ആരും എതിരല്ലെന്നും മറ്റൊരു പോസ്റ്റിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

ഹിജാബ് വിവാദത്തിനിടെ പ്രതികരിച്ച് മുസ്ലിം രാജ്യങ്ങളുടെ സംഘടന; ഇടപെടേണ്ടെന്ന് ഇന്ത്യ

ഇന്ത്യയിൽ മുസ്ലിംങ്ങൾക്കെതിരെ നിരന്തര ആക്രമണം നടക്കുകയാണെന്ന് മുസ്ലിം രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി). നിലവിലെ ഹിജാബ് വിവാദത്തിൽ ആശങ്കയുണ്ടെന്നും മുസ്ലിങ്ങൾക്കെതിരെയും അവരുടെ ആരാധനാലയങ്ങൾക്കെതിരെയും ഇന്ത്യയിൽ ആക്രമണം നടക്കുകയാണെന്നും ഒഐസി ആരോപിച്ചു. രാജ്യത്ത് മുസ്ലിം വംശഹത്യയാണ് നടക്കുന്നതെന്നും ഒഐസി വിമർശിച്ചു. ഉത്തരാഖണ്ഡിൽ മുസ്ലിങ്ങൾക്കെതിരെ നടന്ന വിദ്വേഷ പ്രചരണം, കർണാടകയിലെ ഹിജാബ് വിവാദം എന്നിവ ഒഐസിയുടെ പ്രസ്താവനയിലുണ്ട്.

വിഷയങ്ങളിൽ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്നും ഒഐസി ആവശ്യപ്പെട്ടു. എന്നാൽ ഒഐസി പരാമർശത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയംവിമർശിച്ചു. ഒഐസി സെക്രട്ടറിയേറ്റിന്റെ വർഗീയ ചിന്താഗതിയാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് കാരണമെന്നാണ് ഇന്ത്യയുടെ പ്രതികരണം.

ഒഐസി സെക്രട്ടറിയേറ്റിന്റെ വർഗീയ ചിന്താഗതി യാഥാർത്ഥ്യങ്ങളെ ശരിയായ രീതിയിൽ വിലയിരുത്താൻ അനുവദിക്കുന്നില്ല. ഇന്ത്യയ്‌ക്കെതിരായ പ്രചരണം വർധിപ്പിക്കുന്നതിന് ഒഐസി നിക്ഷിപ്ത താൽപര്യങ്ങളാൽ ഹൈജാക്ക് ചെയ്യപ്പെടുന്നത് തുടരുകയാണ്. തൽഫലമായി അവർ സ്വന്തം പേരിന് ദോഷം ചെയ്യുകയാണ്. ഇന്ത്യയുടെ വിഷയങ്ങൾ ഭരണഘടനാ ചട്ടങ്ങൾക്കനുസരിച്ചു ജനാധിപത്യപരവുമായി തീർപ്പാക്കുമെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

57 മുസ്ലിം രാജ്യങ്ങൾ അംഗങ്ങളായ ഒഐസിയുടെ ആസ്ഥാനം സൗദിയിലാണ്. പാകിസ്താനും ഒഐസിയിൽ അംഗമാണ്. നേരത്തെ കശ്മീർ വിഷയത്തിലും ഒഐസി പ്രതിഷേധമറിയിച്ചിരുന്നു


STORY HIGHLIGHTS: HIJAB CONTRAVERSY SOCIAL MEDIA AGAINST AP ABDULLAKKUTTY

Next Story