Top

'ദിവസം 3 ഗ്രാം, കിറ്റ് ഒരു മാസത്തിന് ധാരാളം, ഓരോ കോലുമിഠായി കൂടി നല്‍കിയാല്‍ ജനത്തിന് സന്തോഷം'; വിലക്കയറ്റത്തിനെതിരെ അബ്ദുറബ്ബ്

20 Nov 2021 4:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദിവസം 3 ഗ്രാം, കിറ്റ് ഒരു മാസത്തിന് ധാരാളം, ഓരോ കോലുമിഠായി കൂടി നല്‍കിയാല്‍ ജനത്തിന് സന്തോഷം; വിലക്കയറ്റത്തിനെതിരെ   അബ്ദുറബ്ബ്
X

ജന ജീവിതം ദുസ്സഹമാക്കി എല്ലാ മേഖലകളിലും വിലക്കയറ്റം തുടരുമ്പോള്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി പികെ അബ്ദുറബ്ബ്. വിപണിയില്‍ ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അബ്ദുറഹബ്ബിന്റെ പ്രതികരണം. ഇന്ധന വില ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിന് വില കുറയ്ക്കുന്ന പരിപാടി ഇല്ലെന്ന് കുറ്റപ്പെടുത്തുന്ന അദ്ദേഹം പച്ചക്കറിയ്ക്കും പലചരക്കിനും വില ഉയരുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ കിറ്റ് സംവിധാനത്തെയും അബ്ദുറബ്ബ് വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വര്‍ണ്ണം തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാല്‍ തന്നെ ഒരു മാസത്തിനത് ധാരാളമാണ് എന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

പോസ്റ്റ് പൂര്‍ണരൂപം


ഉഴുന്നും, ചെറുപയറും, കടലയും വരെ സെഞ്ച്വറിയടിച്ചപ്പോള്‍ പച്ചക്കറിയും മോശമാക്കിയില്ല. മുരിങ്ങയും, വെണ്ടക്കയും, ബീന്‍സും വരെയിപ്പോള്‍ വെടിക്കെട്ട് ബാറ്റിംഗാണ്, സെഞ്ച്വറിയിലേക്കുള്ള കുതിപ്പിലാണ്...

ഇതൊന്നും വിലക്കയറ്റമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്, നമ്മുടെ നാട്ടിനെ യൂറോപ്പ് പോലെയാക്കുമെന്ന് ഘഉഎ ജനങ്ങള്‍ക്ക് തന്ന ഉറപ്പാണ്.. അതാണ് യാഥാര്‍ത്ഥ്യമാകുന്നത്.

വൈദ്യുതി ചാര്‍ജ്ജും, ബസ് ചാര്‍ജ്ജും, വാട്ടര്‍ ചാര്‍ജ്ജും ലോകനിലവാരത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണീ സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ അധിക നികുതി കുറക്കാന്‍ പറഞ്ഞപ്പോള്‍ കേള്‍ക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, വില കുറക്കുന്ന ആ പരിപാടി അതു ഞങ്ങള്‍ക്കില്ല.

വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല, കടലയും, പരിപ്പും, ഉഴുന്നുമൊക്കെ സര്‍ക്കാര്‍ കിറ്റിലൂടെ നല്‍കുന്നുണ്ടല്ലോ. സര്‍ക്കാര്‍ നല്‍കുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വര്‍ണ്ണം തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാല്‍ തന്നെ ഒരു മാസത്തിനത് ധാരാളമാണ്. അടുത്ത കിറ്റില്‍ ഓരോ കോലുമിഠായി കൂടി നല്‍കുന്നതോടെ ജനത്തിന് സന്തോഷം...!

അടുത്തൊന്നും തെരഞ്ഞെടുപ്പില്ലല്ലോ...




Next Story