'ഇത് സംഘവിജയം'; ഫിറോസ്ക മയിലിനെ കറി വച്ചില്ല, പകരം കോഴിക്കറി
ആരും മയിലിനെ കൊല്ലാന്‍ പാടില്ല. മോശമാണ്.
15 Nov 2021 2:36 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദുബായിയില്‍ പോയി മയില്‍ കറി വയ്ക്കാതെ കോഴിക്കറി വച്ച് യുട്യൂബ് ഫുഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ. സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായ മയില്‍ കറി വിവാദത്തിലാണ് ഒടുവില്‍ കോഴിക്കറിയിലൂടെ വന്‍ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. താനൊരിക്കലും മയിലിനെ കറി വയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കണമെന്നും ഫിറോസ് പറഞ്ഞു. വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.
ഫിറോസ് പറഞ്ഞത്: ''ഒരിക്കലും ഞാന്‍ മയിലിനെ കറി വയ്ക്കില്ല. കാരണം ഇത് ദേശീയമൃഗമാണ്. കഴിക്കാനുള്ള സാധനമല്ല. ഇത്രയും ക്യൂട്ടായ പക്ഷിയെ ആര്‍ക്കാണ് ഭക്ഷിക്കാന്‍ സാധിക്കുക. അത്രയും മോശക്കാര് അല്ല ഞങ്ങള്‍. ആരും മയിലിനെ കൊല്ലാന്‍ പാടില്ല. മോശമാണ്.ഇതിനെ ആരും ഉപദ്രവിക്കില്ല. തൊടാന്‍ സാധിച്ചത് തന്നെ ഭാഗ്യമാണ്. 20,000 രൂപ കൊടുത്താണ് ഈ മയിലിനെ വാങ്ങിയത്. ഇത് ഒരു പാലസിന് ഗിഫ്റ്റ് കൊടുക്കാനാണ് തീരുമാനം. അത് ശരിയായ രീതി. കറി വയ്ക്കുമെന്ന് ഞങ്ങള്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കുക.''
മയില്‍ കറി വയ്ക്കുമെന്ന് പറഞ്ഞ ഫിറോസിനെ സംഘപരിവാര്‍ അനൂകൂല പ്രൊഫൈലുകള്‍ അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു. മയിലിനെ കറി വയ്ക്കാനായി ദുബായിലേക്ക് പോവുകയാണെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സൈബറാക്രമണം.