Top

'ഏട്ടനെതിരെ മിണ്ടിയാല്‍, നിന്നെയൊക്കെ എടുത്തോളാം'; വാര്‍ത്തകള്‍ക്ക് കീഴില്‍ ദിലീപ് അനുകൂലികളുടെ ഭീഷണി

ഡബ്ല്യൂസിസി അംഗങ്ങളെ മോശക്കാരാക്കിയുള്ള പരാമര്‍ശങ്ങളും ഇവരുടെ ടൈംലൈനില്‍ നിറഞ്ഞുനില്‍ക്കുന്നു.

6 Feb 2022 1:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏട്ടനെതിരെ മിണ്ടിയാല്‍, നിന്നെയൊക്കെ എടുത്തോളാം; വാര്‍ത്തകള്‍ക്ക് കീഴില്‍ ദിലീപ് അനുകൂലികളുടെ ഭീഷണി
X

നടന്‍ ദിലീപിനെതിരായ വാര്‍ത്തകള്‍ നല്‍കുന്ന റിപ്പോര്‍ട്ടര്‍ ടിവി അടക്കമുള്ള മാധ്യമസ്ഥാപനങ്ങളുടെ സോഷ്യല്‍മീഡിയ പേജുകളില്‍ ഫാന്‍സ് അസോസിയേഷന്‍ നേതൃത്വത്തിന്റെ സൈബര്‍ആക്രമണം. കൊലവിളിയും ഭീഷണിയും അസഭ്യങ്ങളുമാണ് ദിലീപ് അനുകൂലികള്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തുന്നത്.

വധഗൂഢാലോചന കേസില്‍ ദിലീപിനെ പ്രതി ചേര്‍ത്തതോടെയാണ് അനുകൂലികളുടെ സൈബര്‍ ആക്രമണം ശക്തമായത്. 'ദിലീപേട്ടനെതിരെ മിണ്ടിയാല്‍ നീയൊന്നും അധികകാലം ജീവിക്കില്ല', 'ഏട്ടന്റെ സ്വാധീനം അറിയാത്തവര്‍ കേരളത്തില്‍ ഇല്ല', 'ഏട്ടന്‍ വിചാരിച്ചാല്‍ നിന്നെയും കുടുംബത്തെയും തീര്‍ത്തു കളയും' തുടങ്ങിയ തരത്തിലാണ് സോഷ്യല്‍മീഡിയ കമന്റുകള്‍. ഇവരില്‍ ഭൂരിഭാഗം പേരുടെയും ടൈംലൈനില്‍ ദിലീപിനെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ്.

ദിലീപിനെതിരെ രംഗത്ത് വന്നവരെയും ഡബ്ല്യൂസിസി അംഗങ്ങളെയും മോശക്കാരാക്കിയുള്ള പരാമര്‍ശങ്ങളും ഇവരുടെ ടൈംലൈനില്‍ നിറഞ്ഞുനില്‍ക്കുന്നു. ആക്രമിക്കപ്പെട്ട നടിയെയും അവരെ പിന്തുണയ്ക്കുന്ന നടിമാരെയും മോശക്കാരിയാക്കി ചിത്രീകരിച്ചും ഇവര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തുന്നുണ്ട്. ദിലീപ് ഫാന്‍ അസോസിയേഷന്‍, ദിലീപ് ഫാന്‍സ് ക്ലബ്, ദിലീപ് ഗേള്‍സ് ഫാന്‍സ് ക്ലബ്, ദിലീപേട്ടന്‍സ് ചങ്ക്‌സ്, ഏട്ടന്‍സ് ഗ്രൂപ്പ് തുടങ്ങിയ നിരവധി ഗ്രൂപ്പുകള്‍ വഴിയും ദിലീപ് അനുകൂലികള്‍ മോശം പ്രചരണങ്ങളാണ് നടത്തുന്നത്.

ദിലീപിനെ അനുകൂലിച്ചും എതിരെ സംസാരിക്കുന്നവരെ നേരിടാനുമായി കൊച്ചിയില്‍ വന്‍ സൈബര്‍ ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാകിസ്ഥാന്‍ ഐപി അഡ്രസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസം കാണിക്കുന്നതെന്ന് ജനുവരി 29-ാം തീയതിയിലെ റിപ്പോര്‍ട്ടര്‍ ടിവി 3പിഎം ചര്‍ച്ചയിലാണ് ബൈജു പറഞ്ഞത്.

കൊച്ചിയില്‍ ഒരു സൈബര്‍ ഗുണ്ടാ വിംഗുണ്ട്. ദിലീപിന്റെ പിആര്‍ വര്‍ക്ക് ചെയ്യുന്നതും അവരാണ്. ദിലീപിനെ നല്ലവനാക്കി കാണിച്ച് കേസ് വഴി തിരിച്ചു വിടാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ബൈജു പറഞ്ഞിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ക്കെതിരെ ഇവര്‍ വ്യാജപ്രചരണം നടത്താറുണ്ടെന്നും ബൈജു ആരോപിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ മോശമാണെന്ന് പറയും, ദിലീപിന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ സൂപ്പറെന്ന് പറയും. ഇതാണ് ഇവരുടെ രീതിയെന്നു ബൈജു പറഞ്ഞു.

Next Story

Popular Stories