Top

'ആടുമ്പോൾ പെണ്ണാണെന്ന് ഓർക്കേണ്ടത് പെണ്ണു തന്നെയാണ്'; മരിച്ചിട്ടും റിഫയെ വിടാതെ സെെബർ ഇടത്തിലെ ഒരു വിഭാഗം

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന സ്ത്രീകളുടെ കമന്റ് ബോക്സിൽ നമ്മൾ നിരന്തരം കാണുന്ന അധിക്ഷേപ കമന്റുകൾക്ക് ഒരു അന്ത്യമുണ്ടാകുമോ?

1 March 2022 5:22 PM GMT
ആർച്ച സജീവ്

ആടുമ്പോൾ പെണ്ണാണെന്ന് ഓർക്കേണ്ടത് പെണ്ണു തന്നെയാണ്; മരിച്ചിട്ടും റിഫയെ വിടാതെ സെെബർ ഇടത്തിലെ ഒരു വിഭാഗം
X

നമ്മുടെ ഈ കൊച്ചുകേരളത്തിൽ ഇന്ന് സോഷ്യൽ മീഡിയ വഴി വരുമാനം കണ്ടെത്തുന്ന യുവാക്കളും യുവതികളും നിരവധിയാണ്. തുടക്ക ഘട്ടത്തിൽ ഈ രം​ഗത്ത് പുരുഷന്മാരുടെ അതിപ്രസരം ഉണ്ടായിരുന്നുവെന്ന് ഉറപ്പിച്ചു പറയാം. എന്നാൽ ഇന്നിപ്പോൾ യുട്യൂബ്, ഫെയ്സ്ബുക്ക് അടക്കമുളള പ്ലാറ്റ്ഫോമുകളിലൂടെ വരുമാനം കണ്ടെത്തുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. പക്ഷെ സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന സ്ത്രീകളുടെ കമന്റ് ബോക്സിൽ നമ്മൾ നിരന്തരം കാണുന്ന അധിക്ഷേപ കമന്റുകൾക്ക് ഒരു അന്ത്യമുണ്ടാകുമോ?

നമ്മുടെ സമൂഹത്തിലെ സ്ത്രീകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ പതിവാണെങ്കിലും പൊതുവേ ഈ രംഗത്തേക്ക് കടന്നു വരുന്ന മുസ്ലിം സ്ത്രീകൾ നേരിടേണ്ടിവരുന്നത് കടുത്ത അധിക്ഷേപങ്ങളും അശ്ലീല പരാമർശങ്ങളും ആണ്. ഇസ്ലാംമത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കൂട്ടുപിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തുന്ന സ്ത്രീകളെ ഇക്കൂട്ട‍ർ കഴിയുന്നിടത്തോളം അപമാനിക്കാൻ ശ്രമിക്കുകയാണ്.

ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലയാളി വ്ളോ​ഗറായ റിഫ മെഹ്നയുടെ മരണ വാർത്തയ്ക്ക് കീഴിൽ വന്ന കമന്റുകൾ. സ്വയം എത്തിപ്പെടാൻ പറ്റാത്ത ഉയരങ്ങൾ മറ്റൊരാൾ കീഴടക്കുമ്പോൾ അത് പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീ ആകുമ്പോൾ ഇത്തരത്തിലുള്ള കമന്റുകൾ ഉണ്ടാകുന്നത് കേരളത്തിന് പരിചിതമാണ്. യുട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും നിരവധി ഫോളോവേഴ്സുളള കോഴിക്കോട് സ്വദേശിനിയായ വ്ളോഗറാണ് റിഫ, ഇരുപത് വയസ്സുകാരി, മുസ്ലിം പെൺകുട്ടി..സദാചാര വെട്ടുകിളി കൂട്ടങ്ങൾക്ക് അക്രമിക്കാൻ ഇത് ധാരാളമാണ്. മതം പറയുന്ന പിന്തിരിപ്പൻ ആശയങ്ങളിൽ അടിയുറച്ച് വിശ്വസിച്ച് കുടുംബത്ത് ഇരിക്കേണ്ട പെണ്ണ് യുട്യൂബ് ഇൻഫ്ലുവൻസറായാൽ ഇതിനപ്പുറവും സംഭവിക്കുമെന്നാണ് ചിലർ പറയുന്നത്. മരണ വാർത്തയ്ക്ക് കീഴിൽ നിറഞ്ഞ അധിക്ഷേപ കമന്റുകൾ ഇട്ടവരുടെ മുന്നിൽ മരണത്തിന് യാതൊരു പ്രസക്തിയുമില്ലാതായി പോയത് എന്നത് തീർത്തും നിരാശാജനകമാണ്.

'കൂടുതൽ റീച്ച് കിട്ടാൻ ചെയ്തതാവും, പബ്ലിക് ഫിഗർ ആയിട്ട് ആടുമ്പോൾ പെണ്ണാണെന്ന് ഓർക്കേണ്ടത് പെണ്ണു തന്നെയാണ്, ഇൻസ്റ്റയിൽ തുള്ളുന്ന സകല മുസ്ലിം പെണ്ണുങ്ങൾക്കും ഇതൊരു പാഠമാണ്, പക്വതയുമില്ലാതെ ഇൻസ്റ്റാ ജീവിതം നയിക്കുന്ന കുറേ എണ്ണം, അല്ലാഹുവിനെ ഭയമില്ലാതെ ജീവിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു മുസ്‌ലിങ്ങൾ, ഇൻസ്റ്റയിലെ രാജ്ഞിമാരുടെ സ്ഥിരം പരിപാടിയാണിത്, ആത്മഹത്യ ആയിരുന്നെങ്കിൽ കേരളത്തിൽ വന്ന് ചെയ്ത് കൂടായിരുന്നോ, ലൈക്ക് വർധനവ് കൊണ്ട് ജീവിതം സുന്ദരമാവില്ല,' തുടങ്ങിയ വിദ്വേഷ കമന്റുകളാണ് വാർത്തക്ക് താഴെയുള്ളത്.

എല്ലാ സ്ത്രീകളും ഓരോ സ്വതന്ത്ര വ്യക്തികൾ ആണെന്ന ഭരണഘടനാപരമായ വസ്തുത പൂർണമായും അവഗണിച്ചുകൊണ്ടാണ് ഈ നാട്ടിലെ ഒരു കുടുംബങ്ങളിലെയും പുരുഷന്മാർ സ്ത്രീകളെ അവരുടെ കൈപ്പിടിയിലൊതുക്കി നിർത്തിയിരിക്കുന്നത്. സമൂഹത്തിന്റെ പൊതുബോധത്തെ തച്ചുടച്ച് മുന്നോട്ടു നീങ്ങുന്ന സ്ത്രീകളെ അംഗീകരിക്കുവാനും ഇക്കൂട്ടർ തയ്യാറാകില്ല. മറിച്ച് കുടുംബവ്യവസ്ഥയെ സുരക്ഷിതമായി നിലനിർത്തികൊണ്ട് പോകുവാനുള്ള ഉപകരണം മാത്രമാണ് ഇവർക്ക് സ്ത്രീകൾ. അതിനാൽ ഇത്തരം വിദ്വേഷ ആശയങ്ങൾ പുറന്തളളുന്ന കൂട്ടരെ തളളികളഞ്ഞുകൊണ്ടു തന്നയാവണം മുന്നോട്ടുളള ജീവിതം.

Story highlights: Cyber ​​attack following the news of the death of Malayalee vlogger Rifa mehna

Next Story