Top

'പ്രശ്‌നം വഷളാക്കിയത് കോണ്‍ഗ്രസുകാര്‍'; ആക്രമണത്തിന് സാക്ഷിയായ യുവാവ് പറയുന്നു

'പൂര്‍ണമായും ഈ വിഷയത്തില്‍ ആ ബ്ലോക്കില്‍ കുടുങ്ങിക്കിടന്ന മനുഷ്യര്‍ക്കൊപ്പമാണ്'

2 Nov 2021 3:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രശ്‌നം വഷളാക്കിയത് കോണ്‍ഗ്രസുകാര്‍; ആക്രമണത്തിന് സാക്ഷിയായ യുവാവ് പറയുന്നു
X

റോഡ് ഗതാഗതം തടസപ്പെടുത്തി പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ സംഭവത്തിന് സാക്ഷിയായ യുവാവ്. തുടക്കത്തില്‍ ജോജുവിന്റെ പ്രതിഷേധത്തെ പൊലീസുകാര്‍ സമാധാനപരമാക്കിവിട്ടിരുന്നു. സ്ഥിതി മാറിയത് ജോജുവിന്റെ പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെന്നപ്പോഴാണെന്ന് ഹരി മോഹന്‍ എന്ന യുവാവ് പറഞ്ഞു. ഇതോടെ സ്വാഭാവികമായും ജോജു പ്രകോപിതനായി. അവിടെയുണ്ടായ വാക്കുതര്‍ക്കങ്ങള്‍ തെറിവിളി വരെയായി നീണ്ടു. ഇരുവശത്തുനിന്നും അതുണ്ടായി. അതുവരെ മിണ്ടാതെ വാഹനത്തിലിരുന്ന ഒരുപാടാളുകള്‍ ജോജുവിനൊപ്പം ചേര്‍ന്നിരുന്നെന്നും ഹരിമോഹന്‍ പറഞ്ഞു. ഗതാഗത നിയന്ത്രണമൊക്കെ രാവിലെ പത്രത്തില്‍ വായിച്ചു ബോധ്യപ്പെട്ടു വേറെ വഴിക്കു പോവുന്ന ഒരു ജനതയെയൊന്നും ഇവിടെ പ്രതീക്ഷിക്കരുതെന്നും പത്രം വായിക്കുന്നവരുടെയും ദിനംപ്രതിയുള്ള വാര്‍ത്തകളുടെയുമൊന്നും അപ്‌ഡേഷന്‍ അറിയില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ നാട്ടിലുണ്ടെന്നും ഹരിമോഹന്‍ അഭിപ്രായപ്പെട്ടു.

ഹരി മോഹന്‍ പറഞ്ഞത്: ഇന്നു മുഴുവന്‍ സമയവും വൈറ്റിലയില്‍ ഉണ്ടായിരുന്ന, സമരവും അതിനോടുള്ള പ്രതിഷേധവും കണ്ട വ്യക്തി എന്ന നിലയില്‍ എഴുതുന്നതാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വില വര്‍ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിന്റെ മെറിറ്റിനെ ഒരു കാരണവശാലും ചോദ്യം ചെയ്യില്ല. ഇവിടെ ചോദ്യം ചെയ്തത് അക്കാര്യത്തിലുള്ള ഒരു സമര മാര്‍ഗത്തെയാണ്. രണ്ടു മിനിറ്റ് സിഗ്‌നലില്‍ കിടക്കേണ്ടി വരുമ്പോള്‍ പോലും ജീവിതത്തിന്റെ പല സമയക്രമങ്ങളും തെറ്റിയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ നേരിട്ടിട്ടുള്ള ഒട്ടനവധി മനുഷ്യരുണ്ട്. അതുകൊണ്ടുതന്നെയാണു വൈറ്റിലയും കുണ്ടന്നൂരും ഫ്‌ലൈഓവറുകള്‍ വന്നപ്പോള്‍ ഏറെ സന്തോഷം തോന്നിയതും.

ഇന്നും ആ സാമാന്യ വികാരം തന്നെയാകും ഏതൊരു മനുഷ്യനും ഉണ്ടാവുക. ഗതാഗത നിയന്ത്രണമൊക്കെ രാവിലെ പത്രത്തില്‍ വായിച്ചു ബോധ്യപ്പെട്ടു വേറെ വഴിക്കു പോവുന്ന ഒരു ജനതയെയൊന്നും ഇവിടെ പ്രതീക്ഷിക്കരുത്. പത്രം വായിക്കുന്നവരുടെയും ദിനംപ്രതിയുള്ള വാര്‍ത്തകളുടെയുമൊന്നും അപ്‌ഡേഷന്‍ അറിയില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ ഈ നാട്ടിലുണ്ട്. ദൂരവ്യാപകമായി പ്രത്യാഘാതം ഉണ്ടാകുന്ന ഒരു വിഷയമൊന്നും ബ്ലോക്കില്‍ കിടന്ന ആ അരമണിക്കൂറില്‍ കിടന്നു ചിന്തിക്കാനുള്ള മാനസികാവസ്ഥ ജനങ്ങള്‍ക്കുണ്ടാവില്ല. ലക്ഷ്യസ്ഥാനത്തെത്തുക എന്നതില്‍ക്കവിഞ്ഞൊന്നും അവിടെ വിഷയമല്ല. ഒട്ടേറെ ആളുകള്‍ കാറിനുള്ളിലും ബൈക്കിലും ബസിലും ഇരുന്നു പ്രതികരിച്ചപ്പോള്‍ ഇറങ്ങിവന്നു പ്രതികരിച്ചയാളുടെ ലേബല്‍ സെലിബ്രിറ്റി എന്നതായതു മാത്രമാണ് അവിടെ തുടര്‍ന്നുണ്ടായ വിഷയങ്ങള്‍ക്കു കാരണം.

സമരം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഉണ്ടായ ജോജുവിന്റെ പ്രതിഷേധത്തെ പോലീസുകാര്‍ സമാധാനപരമാക്കിവിട്ടിരുന്നു. ബൈറ്റ് എടുക്കാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരെ പോലും അതിന് അനുവദിക്കാതെ അയാള്‍ മടക്കിവിട്ടു. സ്ഥിതി മാറിയത് അയാളുടെ പുറകെ ഏതൊക്കെയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെന്നപ്പോഴാണ്. സ്വാഭാവികമായും അയാള്‍ പ്രകോപിതനായി. അവിടെയുണ്ടായ വാക്കുതര്‍ക്കങ്ങള്‍ തെറിവിളി വരെയായി നീണ്ടു. ഇരുവശത്തുനിന്നും അതുണ്ടായി. അതുവരെ മിണ്ടാതെ വാഹനത്തിലിരുന്ന ഒരുപാടാളുകള്‍ ജോജുവിനൊപ്പം ചേര്‍ന്നു. അവിടം കൊണ്ട് അവസാനിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചെങ്കിലും വാഹനം തടഞ്ഞു ചില്ല് അടിച്ചുപൊട്ടിച്ചത് (ആരായാലും) അതിഗുരുതരമായ സാഹചര്യമാക്കി അതു മാറ്റി.

ജോജുവിന്റെ സാമ്പത്തിക നിലയോ അയാള്‍ ഉപയോഗിക്കുന്ന ആഡംബര കാറോ ഒന്നും അയാളോടുള്ള പെരുമാറ്റത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ല. സൈക്കിളില്‍ യാത്ര ചെയ്യുന്നവരും ആഡംബര കാറില്‍ യാത്ര ചെയ്യുന്നവരുമൊക്കെ ആ വാഹനങ്ങള്‍ വാങ്ങിക്കുന്നത് അവര്‍ കഷ്ടപ്പെട്ട് അധ്വാനിക്കുന്ന കാശുകൊണ്ടാണ്. 'ഞങ്ങളെ ജീവിക്കാന്‍ അനുവദിച്ചാല്‍ മതി, പെട്രോളിനും ഡീസലിനും എത്ര വേണമെങ്കിലും കൂട്ടിക്കോട്ടെ' എന്ന ജോജുവിന്റെ പ്രതികരണം കണ്ട്, അയാളുടെ സാമ്പത്തികഭദ്രത അളന്ന്, ഇന്ധന വിലവര്‍ധനവില്‍ അയാള്‍ക്ക് ഒരു പ്രശ്‌നവുമില്ല എന്നൊക്കെ ന്യായകീരണ സിദ്ധാന്തം ചമയ്ക്കുന്നവര്‍ മനസിലാക്കേണ്ടത്, അയാള്‍ക്കു വ്യക്തിപരമായുണ്ടാകുന്ന വിഷയമല്ല ഇതെന്നാണ്. എത്രയേറെ ആളുകള്‍ ഇന്നാ ബ്ലോക്കില്‍ കിടന്നിട്ടുണ്ടാവും. ജോലി ആവശ്യങ്ങള്‍ മുതല്‍, ആശുപത്രി വരെ എത്രയെത്ര ആവശ്യങ്ങളുള്ളവര്‍. അതില്‍ ഈ സമരമാര്‍ഗത്തെ അനുകൂലിക്കുന്ന ആളുകളെക്കാള്‍ എതിര്‍ക്കുന്ന എത്രയോ ആളുകളുണ്ടാവും. ഇന്ധന വിലവര്‍ധനവില്‍ പ്രയാസപ്പെട്ടു നില്‍ക്കുന്ന ഒരു ജനതയെ വീണ്ടും ബുദ്ധിമുട്ടിക്കുക എന്നതിനപ്പുറത്തേക്ക് ഒന്നും തന്നെ ഇന്നത്തെ സമരത്തില്‍ മെറിറ്റ് ആയി കാണാന്‍ കഴിഞ്ഞില്ല.

പ്രതിഷേധങ്ങള്‍ ഇന്ധന വിലവര്‍ധനവിനെതിരെ ഉണ്ടാകണം. ദിവസവും ഉണ്ടാകണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യവുമുണ്ട്. പക്ഷേ ജനജീവിതം സ്തംഭിപ്പിക്കുക എന്നതു ജീവിതക്രമം തെറ്റിക്കുന്ന പരിപാടിയാണ്. അതുകൊണ്ടാണു ഹര്‍ത്താലിനും ബന്ദിനുമൊക്കെയുള്ള എതിര്‍പ്പുകള്‍ യോജിപ്പുകളെക്കാള്‍ കൂടുതലാകുന്നത്. വഴി തടയുന്ന സമരമാര്‍ഗമാണു സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അതിനു കാരണമായ, വിലവര്‍ധനവിനെ ഒരുളുപ്പുമില്ലാതെ ഇപ്പോഴും ന്യായീകരിക്കുന്ന കേന്ദ്രമന്ത്രിമാരുടെയും നികുതിയിനത്തില്‍ അഞ്ചു പൈസ പോലും കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാന മന്ത്രിമാരുടെയും വാഹനങ്ങള്‍ തടയുക. അതില്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും ഭൂരിപക്ഷം വരുന്ന ജനസമൂഹം ഒപ്പമുണ്ടാവും. പൂര്‍ണമായും ഈ വിഷയത്തില്‍ ആ ബ്ലോക്കില്‍ കുടുങ്ങിക്കിടന്ന മനുഷ്യര്‍ക്കൊപ്പമാണ്. അതില്‍ ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡര്‍ ഉള്ള ജോജുവായാലും ഒരു പ്രിവിലേജുമില്ലാതെ കെ.എസ്.ആര്‍.ടി.സി ബസിലിരുന്നു വാച്ച് നോക്കി ആശങ്കപ്പെട്ടിരുന്ന മനുഷ്യരായാലും.


Next Story