'മദ്യം പ്രോത്സാഹിപ്പിക്കരുത്, പ്രദര്‍ശിപ്പിക്കരുത്'; സ്വന്തം നിര്‍ദേശം 'വിഴുങ്ങി' ജിഎന്പിസിയില് വന്‍ 'കട്ടന്‍' പ്രോത്സാഹനം
വാറ്റ് ചാരായം കുടിക്കുന്ന ഫോട്ടോകളും ഗ്രൂപ്പിന്റെ ഗ്യാലറിയില്‍
4 Oct 2021 2:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മദ്യപാനവും വ്യാജമദ്യവും പ്രോത്സാഹിപ്പിച്ച് വീണ്ടും ഫേസ്ബുക്കില്‍ ജിഎന്‍പിസി എന്ന് അറിയപ്പെടുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ്. മദ്യത്തിന്റെ പ്രോത്സാഹനം ഈ ഗ്രൂപ്പില്‍ പാടില്ല. ബ്രാന്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന ഗ്രൂപ്പ് നിര്‍ദേശം മറന്നുകൊണ്ടാണ് അഡ്മിന്മാര് ഗ്രൂപ്പില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത്. വിദേശമദ്യത്തിന്റെ ചിത്രങ്ങളും വീഡിയോയും കൂടാതെ വാറ്റ് ചാരായം കുടിക്കുന്ന ഫോട്ടോകളും ഗ്രൂപ്പിന്റെ ഗ്യാലറിയില്‍ നിറഞ്ഞുനില്ക്കുന്നു.
2018ല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്മാരായ അജിത്ത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ തിരുവനന്തപുരം എക്സൈസ് ഓഫീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കുറച്ച് നാള് ഗ്രൂപ്പില്‍ മദ്യപാനവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോയകളും പോസ്റ്റ് ചെയ്യുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഗ്രൂപ്പില്‍ ഇത്തരം ഫോട്ടോകളാണ് നിറയുന്നത്. കട്ടന്‍ ചായ എന്ന പേരിലാണ് ഭൂരിഭാഗം അംഗങ്ങളും മദ്യപാന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്. ഇവരില്‍ പലരും പൊതുസ്ഥലങ്ങളിലും മദ്യനിരോധിത മേഖലകളില്‍ നിന്നുമുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്യുന്നത്.
അതേസമയം, പോസ്റ്റുകളുടെ ഉത്തരവാദിത്വം വ്യക്തികള്‍ക്ക് തന്നെയാണെന്ന മുന്‍കൂര്‍ ജാമ്യവും അഡ്മിന്മാര് സ്വീകരിച്ചിട്ടുണ്ട്. ''ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നതെന്തും പോസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വമായിരിക്കും. കൂടാതെ അതിന്റെ ഭവിഷ്യത്തുകളും പരിണിതഫലവും പോസ്റ്റു ചെയ്യുന്നവര്‍ക്കായിരിക്കും.'' നിര്‍ദേശങ്ങളില്‍ പറയുന്നു.
ഗ്രൂപ്പ് ആരംഭിച്ചതിന് പിന്നാലെ നിരവധി സിനിമാ-രാഷ്ട്രീയ-സാംസ്കാരികപ്രവര്‍ത്തകരും ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു. എക്സൈസിന്റെ കേസും വിവാദങ്ങളും ഉയര്‍ന്നതോടെ ഇവരില്‍ പലരും ഗ്രൂപ്പില്‍ നിന്ന് സ്വയം പിന്മാറിയിരുന്നു.