‘രാഹുലിന്റെ പ്രഹസനമല്ല പിണറായിയുടെ വികസനമാണ് നാടിനാവശ്യം’; ആഴക്കടലില്‍ ചാടിയതിന് പിന്നാലെ രാഹുലിനെ ട്രോളി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: മത്സ്യതൊഴിലാളകള്‍ക്കൊപ്പം ആഴക്കടലില്‍ പോയ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തെ പിന്തുണച്ചും പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങള്‍. ‘ആഴക്കടലില്‍ മത്സ്യത്തൊഴിലാളികളോടൊപ്പം രാഹുല്‍ജി’ എന്ന ക്യാപ്ഷനോടു കൂടി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് പങ്കുവെച്ച ചിത്രത്തിന് താഴെയായാണ് കമന്റുകള്‍ വ്യാപകമായിരിക്കുന്നത്.

‘രാഹുലിന്റെ പ്രഹസനമല്ല പിണറായിയുടെ വികസനമാണ് ഈ നാടിനാവശ്യം’, ‘രാഹുല്‍ജിയുടെ ചുറ്റും വല്ലയിട്ടിരിക്കുന്നത് ബിജെപിക്കാര്‍ പിടിച്ചോണ്ട് പോകും എന്ന് കരുതിയാണോ’ തുടങ്ങിയ ട്രോളുകളാണ് ചിത്രത്തിന് താഴെയായി രാഹുലിനെ പരിഹസിച്ചുകൊണ്ട് ഉയരുന്നത്.

അതേസമയം അദ്ദേഹത്തെ പിന്തുണച്ചുക്കൊണ്ടും ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘രാഹുല്‍ ജി മത്സ്യ തൊഴിലാളികളും ആയി ഇടപഴകി അവരോടു ഒപ്പം ഭക്ഷണം കഴിച്ചു കടലില്‍ ചാടി അവരോട് ഒപ്പം ഒന്നിച്ചു നീന്തി അവരോടു ഒപ്പം ചിലവഴിച്ച നിമിഷങ്ങള്‍ വലിയ ഒരു അനുഭവം ആയിരുന്നു എന്ന് ആണ് രാഹുല്‍ ജി സൂചിപ്പിച്ചത് ഒരു നേതാവ് എങ്ങനെ ആവണം എന്ന് അറിയാന്‍ രാഹുല്‍ ജിയെ കണ്ടു പഠിക്കുക’, ‘പാടവരമ്പത്ത് ചുവപ്പ് പരവതാനി വിരിച്ച് മുട്ട് വരെ സോക്‌സിട്ട് കൃഷി ഉദ്ഘാടനം ചെയ്തവര്‍ക്ക് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് നിന്നതും വലയെറിഞ്ഞതും അവരോടൊപ്പം കടലിലേക്ക് ചാടിയതുമൊന്നും ഇഷ്ടപ്പെട്ടിട്ടില്ല. രാഹുല്‍ ഈ പോക്ക് പോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പോലെ മരുന്നിന് ഒരിടത്ത്, ധര്‍മ്മടത്ത് മാത്രം ജയിച്ചു മറ്റിടത്തെല്ലാം രാഹുല്‍ പാര്‍ട്ടി തൂത്തുവാരുമോ എന്ന പേടി കൊണ്ടാണോ ഈ കൂട്ട ആക്രമണം?’, തുടങ്ങിയ കമ്മന്റുകളും പോസ്റ്റിനു താഴെയായി ഉയരുന്നുണ്ട്.

മത്സ്യതൊഴിലാളികളോട് കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കാണിക്കുന്നത് പൊള്ളത്തരമാണെന്ന് വിമര്‍ശിച്ചുകൊണ്ട് സിപിഐഎം നേതാവ് എംബി രാജേഷും നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി പോവാത്തതെന്താണ്? ആ ഇറ്റാലിയന്‍ മറീനുകളെ ശിക്ഷയില്‍നിന്ന് രക്ഷിച്ചപ്പോള്‍ കോണ്‍ഗ്രസായിരുന്നു കേന്ദ്രത്തില്‍ ഭരണത്തിലെന്നും രാജേഷ് ഓര്‍മ്മിപ്പിച്ചു.

ആ മല്‍സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നീതി നിഷേധിച്ചതില്‍ മാപ്പു പറയുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രനും ആദ്യം ചെയ്യേണ്ടത്. എന്നിട്ടാകാം ബാക്കി സ്നേഹപ്രകടനമെന്നുമായിരുന്നു എംബി രാജേഷിന്റെ വിമര്‍ശനം.

Latest News