Top

‘സമൂഹമാധ്യമങ്ങളിലൂടെയുള്ള തുറന്ന സംവാദങ്ങൾ നിരോധിക്കപ്പെടാൻ പാടുള്ളതല്ല’,അറ്റോർണി ജനറൽ

സമൂഹമാധ്യമങ്ങളിലൂടെയുള്ള തുറന്ന സംവാദങ്ങൾ ആരോഗ്യപരമായ ഒരു ജനാധിപത്യത്തിൽ നിരോധിക്കപ്പെടാൻ പാടുള്ളതല്ല.

7 Dec 2020 3:48 AM GMT

‘സമൂഹമാധ്യമങ്ങളിലൂടെയുള്ള തുറന്ന സംവാദങ്ങൾ നിരോധിക്കപ്പെടാൻ പാടുള്ളതല്ല’,അറ്റോർണി ജനറൽ
X

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ-സംസാര സ്വാതന്ത്ര്യത്തിൻ മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഒരുപക്ഷേ അന്യായമാകാം എന്ന് സൂചിപ്പിച്ചു അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. ആരോഗ്യപരമായ ജനാധിപത്യ സംവിധാനം ഇല്ലാതാകുന്നതിന്റെ സൂചനയാണത്. കോടതിയലക്ഷ്യ കേസുകളിൽ മാത്രമേ സുപ്രീം കോടതി നടപടികൾ എടുക്കാറുള്ളൂ എന്ന് സൂചിപ്പിച്ച അദ്ദേഹം അത്തരം കേസുകൾ അപൂർവങ്ങളിൽ അപൂർവമാണെന്നും എൻഡിടിവിയോട് പറഞ്ഞു.

‘സമൂഹമാധ്യമങ്ങളിലൂടെയുള്ള തുറന്ന സംവാദങ്ങൾ ആരോഗ്യപരമായ ഒരു ജനാധിപത്യത്തിൽ നിരോധിക്കപ്പെടാൻ പാടുള്ളതല്ല. പരിധികൾ ലംഘിച്ചില്ലെങ്കിൽ സുപ്രീം കോടതി ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാറില്ല’. സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളുടെ പേരിൽ വ്യക്തികളെ കുറ്റാരോപിതരാക്കുന്ന സംസ്ഥാന നടപടികളുടെയും പരമോന്നത കോടതിയുടെ ഉത്തരവുകൾ സമൂഹമാധ്യമങ്ങളിലൂടെ കളിയാക്കപ്പെടുന്നതിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹം പറഞ്ഞു.

‘ഇത്തരം അഭിപ്രായപ്രകടനങ്ങളെ നിരോധിക്കുന്നത് അനാവശ്യമാണ്, ഈ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിന് സർക്കാർ ഒരു നടപടികളും കൊണ്ടുവരരുത്. നമുക്ക് തുറന്ന ജനാധിപത്യവും തുറന്ന ചർച്ചകളും ആവശ്യമാണ് ‘, അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും ചൂണ്ടിക്കാണിച്ചാൽ, സുപ്രീം കോടതി സന്തോഷത്തോടെ അത് കൈകാര്യം ചെയ്യു’മെന്നും അറ്റോർണി ജനറൽ പറഞ്ഞു.

കോടതിയലക്ഷ്യം ഫയൽ ചെയ്യാൻ അനവധി അപേക്ഷകളാണ് തനിക്കു വരുന്നതെന്നും, അതിലധികവും താൻ നിരാകരിക്കുകയാണ് പതിവെന്നും അദ്ദേഹം സൂചിപ്പിച്ചു. റിപ്പബ്ലിക് ടിവി അവതാരകൻ അർനബ് ഗോസ്വാമിക്ക് ആത്മഹത്യാ പ്രേരണ കേസിൽ, ജാമ്യം നൽകിയതിനെ തുടർന്ന് സുപ്രീംകോടതിയെ ലക്ഷ്യം വെച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര ചില ട്വീറ്റുകൾ ചെയ്‌തിരുന്നു. കുനാൽ കമ്രയുടെ ഈ ട്വീറ്റുകൾക്കെതിരെ കോടതിയലക്ഷ്യം ഫയൽ ചെയ്യാൻ സമ്മതം ആവശ്യപ്പെട്ട് നിരവധി അഭ്യർത്ഥനകൾ അദ്ദേഹത്തിന് വന്നിരുന്നു.

കാർട്ടൂണിസ്റ് രചിത തനേജ, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരും ഈയടുത്തു കോടതിയലക്ഷ്യ നടപടികൾക്ക് വിധേയരായവരാണ്. അറ്റോർണി ജനറലിന്റെയോ, സോളിസിറ്റർ ജനറലിന്റെയോ അനുമതിയില്ലാതെ കോടതിയലക്ഷ്യം ഫയൽ ചെയ്യാനാകില്ല എന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലവിലുള്ളത്.

Next Story