ക്വീര്‍ അനുകൂല പോസ്റ്റ് പിന്‍വലിക്കല്‍; എംകെ മുനീറിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം
നിങ്ങളുടെ സ്വത്വത്തില്‍ അഭിമാനിക്കുക എന്ന ക്യാപ്ഷനോടെ പോസ്റ്റിട്ട മുനീര്‍ അത് മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്തത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുകയാണ്.
6 Jun 2021 5:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി ജൂണ്‍ മാസം പ്രൈഡ് മാസമായി ആചരിക്കുന്നതിന് ആശംസ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റ് നീക്കം ചെയ്തത് ചൂണ്ടി മുസ്ലീം ലീഗ് നേതാവ് എംകെ മുനീറിനെതിരെ വ്യാപക വിമര്‍ശനം. ലൗ വിത്ത് പ്രൈഡ് എന്ന ആശംസാ ട്വീറ്റ് നീക്കം ചെയ്തതിനെതിരെയാണ് മുനീര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടുന്നത്. നല്‍കിയ പിന്തുണ പിന്‍വലിക്കുന്നത് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലൈഗിക ന്യൂനപക്ഷങ്ങളെ വീണ്ടും ഒറ്റപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് കമന്റുകള്‍ ഉയരുന്നത്. എല്‍ജിബിടിക്യൂ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നത് മതവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണെന്ന് ലീഗിനകത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മുനീര്‍ പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നാണ് സൂചന.
നിങ്ങളുടെ സ്വത്വത്തില്‍ അഭിമാനിക്കുക എന്ന ക്യാപ്ഷനോടെ പോസ്റ്റിട്ട മുനീര്‍ അത് മണിക്കൂറുകള്‍ക്കുള്ളില്‍ നീക്കം ചെയ്തത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുകയാണ്. ക്വീര്‍ പ്രൈഡ് മാസാചരണത്തിന്റെ ഭാഗമായി ശീതള്‍ ശ്യാം ഉള്‍പ്പെടെയുള്ള ആക്റ്റിവിസ്റ്റുകള്‍ മുനീറിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും മികച്ച മാതൃകയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. നിങ്ങളുടെ ആഗ്രഹമനുസരിച്ചുള്ള ലൈംഗിക തെരഞ്ഞടുപ്പുകള്‍ അഭിമാനപൂര്‍വ്വം നടത്തണമെന്നായിരുന്നു തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്നും മുനീര്‍ ആഹ്വാനം ചെയ്തിരുന്നത്. മുനീറിനെപ്പോലെ ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവും ഡോക്ടറുമായ ഒരാള്‍ ഇത്തരത്തില്‍ പിന്തുണയുമായി മുന്നോട്ട് വന്നത് ലൈംഗിക ന്യൂനപക്ഷങ്ങല്‍ക്ക് സമൂഹത്തില്‍ കുറച്ചുകൂടി സ്വീകാര്യത നേടാന്‍ സഹായിക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു. നിരവധി പേരാണ് മുനീറിന്റെ പോസ്റ്റിന് പിന്തുണയുമായി മുന്നോട്ട് വന്നത്.
പോസ്റ്റ് പിന്‍വലിക്കലിന് പിന്നില്‍ വ്യക്തമായും വോട്ട്ബാങ്ക് രാഷ്ട്രീയം തന്നെയാണെന്നും ആക്ഷേപമുയരുന്നുണ്ട്. മുനിറിന്‌റെ പോസ്റ്റിന് താഴെ ആക്ഷേപകരമായ പല കമന്റുകളും വന്നിരുന്നു. മുസ്ലീം ലീഗിന്റെ പൈതൃകം കൊണ്ട് ജയിച്ചുവന്ന മുനീര്‍ ഇപ്പോള്‍ ലിബറലുകള്‍ക്ക് കൊടിപിടിക്കുകയാണെന്ന് കമന്റ് വന്നിരുന്നു. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പ്രൈഡ് മംത് പോസ്റ്റ് മുനീര്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതുവരെ നീക്കം ചെയ്തിട്ടില്ല.
- TAGS:
- LGBTQ+
- MK Muneer
- queer pride