‘മകന്‍ ചെയ്യുന്നതിനെല്ലാം അച്ഛന്‍ ഉത്തരവാദിയല്ലെന്ന ന്യായം കൊള്ളാം’; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും നീണ്ടതോടെ, സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍, 2019 ജൂണ്‍ 22ന് സുരേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് സോഷ്യല്‍മീഡിയ വീണ്ടും സജീവമാക്കിയിരിക്കുന്നത്. മകന്‍ ചെയ്യുന്നതിനെല്ലാം അച്ഛന്‍ ഉത്തരവാദിയല്ലെന്ന ന്യായം ഒക്കെ കൊള്ളാമെന്ന് പറഞ്ഞുകൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഈ പോസ്റ്റില്‍ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഇടത് അനുകൂലികള്‍ നടത്തുന്നത്.‘സുരേന്ദ്രന്‍ മകന്‍ കെഎസ് ഹരികൃഷ്ണന്‍ ബാലഗോകുലത്തിലോ എബിവിപിയിലോ എന്തെങ്കിലും സംഘടനാ […]
6 Jun 2021 4:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും നീണ്ടതോടെ, സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍, 2019 ജൂണ്‍ 22ന് സുരേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് സോഷ്യല്‍മീഡിയ വീണ്ടും സജീവമാക്കിയിരിക്കുന്നത്. മകന്‍ ചെയ്യുന്നതിനെല്ലാം അച്ഛന്‍ ഉത്തരവാദിയല്ലെന്ന ന്യായം ഒക്കെ കൊള്ളാമെന്ന് പറഞ്ഞുകൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

ഈ പോസ്റ്റില്‍ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഇടത് അനുകൂലികള്‍ നടത്തുന്നത്.
‘സുരേന്ദ്രന്‍ മകന്‍ കെഎസ് ഹരികൃഷ്ണന്‍ ബാലഗോകുലത്തിലോ എബിവിപിയിലോ എന്തെങ്കിലും സംഘടനാ ചുമതല വഹിച്ചിട്ടില്ല.’ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ചുമതലയുമില്ലാത്ത ഹരികൃഷ്ണന്‍ ആഴ്ചകളോളം കോന്നിയില്‍ തങ്ങി ധര്‍മ്മരാജനുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെടുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തത് എന്തിനായിരുന്നെന്ന് സോഷ്യല്‍മീഡിയ ചോദിക്കുന്നു. സുരേന്ദ്രന്‍ തനിക്ക് ഏറ്റവും വിശ്വസ്തനായ മകനെ തന്നെയാണ് കുഴല്‍പ്പണത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചതെന്നും ചിലര്‍ കമന്റ് രൂപത്തില്‍ പറയുന്നു.
ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ തവണ ബന്ധപ്പെട്ടെന്നും കോന്നിയില്‍ നിന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ ബന്ധുവിന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പലതവണയായി ഇരുവരും ബന്ധപ്പെട്ടിട്ടുണ്ട്. പിന്നീടാണ് ഇത് കെ സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. ഇരുവരും കോന്നിയില്‍ വെച്ച് കൂടികാഴ്ച്ചയും നടത്തിയിരുന്നു. മൊഴി എടുക്കുന്നതിനായി ഇദ്ദേഹത്തെയും വിളിപ്പിച്ചേക്കും. നേരത്തെ സുരേന്ദ്രന്റെ സെക്രട്ടറിയുടേയും ഡ്രൈവറുടേയും മൊഴി എടുത്തിരുന്നു. ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പരിചയമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു.
അതേസമയം, പത്രിക പിന്‍വലിക്കുന്നതിനായി കെ സുരേന്ദ്രനില്‍ നിന്നും പണം ലഭിച്ചെന്ന വെളിപ്പെടുത്തലില്‍ പൊലീസ് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയുടെ മൊഴിയെടുത്തു. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും സുന്ദരയെ ബദിയടുക്ക പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോയി. സുരേന്ദ്രന്‍ പണം തന്നുവെന്ന വെളിപ്പെടുത്തലിന് ശേഷം ബിജെപി നേതാക്കളില്‍ നിന്നും താനും കുടംബവും ഭീഷണി നേരിടുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കെ സുന്ദരയ്ക്ക് സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മഞ്ചേശ്വത്തെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സുരേന്ദ്രന്‍ പണം തന്നിട്ടില്ലെന്ന് പറയാന്‍ തന്റെ അമ്മയോട് ബിജെപിക്കാര്‍ ആവശ്യപ്പെട്ടെന്നും തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നുമാണ് സുന്ദര ആരോപിച്ചത്. ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുന്ദര പറഞ്ഞിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.