Top

പ്രചരണത്തിന് ഇനി മൂന്ന് നാള്‍, കഴക്കൂട്ടത്ത് മുന്നേറി ശോഭാ സുരേന്ദ്രന്‍

ശബരിമല വിഷയമാണ് ബിജെപി പ്രധാനമായും മണ്ഡലത്തില്‍ ഉന്നയിക്കുന്നത്.

2 April 2021 1:43 AM GMT
മിഥുൻ നാഥ്

പ്രചരണത്തിന് ഇനി മൂന്ന് നാള്‍, കഴക്കൂട്ടത്ത് മുന്നേറി ശോഭാ സുരേന്ദ്രന്‍
X

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് അവശേഷിക്കുന്നത് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ്. തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് കഴക്കൂട്ടം. എ പ്ലസ് ഗണത്തില്‍ പെടുത്തിയിരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ വിജയം ഉറപ്പിച്ച് മുന്നേറുകയാണ് ബിജെപിയും സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും. പ്രചരണം അവസാന ലാപ്പിലേക്ക് കടന്നതോടെ ആവേശം അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ് കഴക്കൂട്ടത്ത്.

ശക്തമായ ത്രികോണപ്പോരാണ് മണ്ഡലത്തില്‍ നടക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അല്‍പ്പം വൈകിയെങ്കിലും ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളിലൂടെ അതിന്റെ ക്ഷീണം മറികടക്കാന്‍ കഴിഞ്ഞെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അവസാന ദിനത്തോട് അടുക്കുമ്പോള്‍ പ്രചരണത്തില്‍ മറ്റ് രണ്ട് മുന്നണികളേക്കാള്‍ മുന്നിലെത്താനായെന്നും ബിജെപി അവകാശപ്പെടുന്നു.

ശബരിമല വിഷയമാണ് ബിജെപി പ്രധാനമായും മണ്ഡലത്തില്‍ ഉന്നയിക്കുന്നത്. അത് പാര്‍ട്ടിക്ക് ചെറുതല്ലാത്ത മേല്‍ക്കൈ നല്‍കിയിട്ടുണ്ട്. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എതിര്‍സ്ഥാനാര്‍ത്ഥി എന്നതാണ് മറ്റ് മണ്ഡലങ്ങളേക്കാള്‍ കഴക്കൂട്ടത്ത് ശബരിമല ഇത്രയും ശക്തമായി ഉയര്‍ത്താന്‍ കാരണമെന്ന് ബിജെപി ചുണ്ടിക്കാട്ടുന്നു. പ്രചരണത്തിന്റെ തുടക്കത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞെങ്കിലും തുടര്‍ന്ന് പ്രതികരണം നടത്തിയ ദേശീയ-സംസ്ഥാന നേതാക്കളെല്ലാം അത് തള്ളിക്കളഞ്ഞു. ഇതുള്‍പ്പെടെ ഉന്നയിച്ചാണ് ബിജെപിയുടെ പ്രചരണം.

ശബരിമല പ്രക്ഷോഭ സമയത്ത് നാമജപം ഉള്‍പ്പെടെ നടത്തി വിശ്വാസ സംരക്ഷണത്തിന് മുന്നില്‍ നിന്ന് നയിച്ച നേതാവാണ് ശോഭാ സുരേന്ദ്രന്‍. അതുകൊണ്ട് തന്നെയാണ് കടകംപള്ളിക്കെതിരെ തുറുപ്പുചീട്ടെന്ന നിലയില്‍ ശോഭയെ ഇറക്കിയത്. അത് ഫലം കാണുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ ശബരിമല വിഷയം സ്വാധീനം ചെലുത്താന്‍ ശോഭയുടെ സ്ഥാനാര്‍ത്ഥിത്വം കാരണമായിട്ടുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു. വിവിധ വിഭാഗങ്ങളില്‍ നിന്ന് പതിവില്ലാത്ത വിധമുള്ള പിന്തുണ ഇത്തവണ ബിജെപിക്ക് ലഭിക്കുന്നുണ്ട്. ഇതെല്ലാം മാറ്റത്തിന്റെ സൂചനയാണെന്ന് ശോഭാ സുരേന്ദ്രന്‍ അവകാശപ്പെടുന്നു.

മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയ വിവിധ ദേശീയ നേതാക്കള്‍ പ്രധാനമായും ഉന്നയിച്ചതും ശബരിമല വിഷയം തന്നെ. കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രനൊപ്പം റോഡ് ഷോ നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശബരിമല വിഷയം ഉയര്‍ത്തി കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ചു. വിശ്വാസ സംരക്ഷണത്തിന് എതിരായി പ്രവര്‍ത്തിച്ച മന്ത്രിയെ തോല്‍പ്പിക്കണമെന്ന് യോഗി ആവശ്യപ്പെട്ടു.

നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോ ചെറുതല്ലാത്ത ആവശേമാണ് അണികളില്‍ തീര്‍ത്തിരിക്കുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലത്തിലെത്തുന്നുണ്ട്. മോദിയും ശബരിമല വിഷയം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. മോദി നേരിട്ട് നടത്തിയ സ്ഥാനാര്‍ത്ഥിത്വമായിരുന്നു ശോഭാ സുരേന്ദ്രന്റേത്. അതിനാല്‍ത്തന്നെ വിജയ ഉറപ്പാക്കേണ്ടത് മോദിക്ക് വ്യക്തിപരമായും അത്യാവശ്യമായ ഒന്നായി മാറിയിട്ടുണ്ട്. മോദിയുടെ പ്രചരണം കൂടി കഴിയുന്നതോടെ സാഹചര്യം കൂടുതല്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ശബരിമല ഉയർത്തി ബിജെപി നടത്തുന്ന പ്രചരണം ശക്തമായി ചെറുക്കാൻ സിപിഐഎമ്മിന് സാധിക്കുന്നില്ല. ശബരിമലയെ കുറിച്ച് മിണ്ടാതെ മുന്നോട്ട് പോവുകയാണ് എൽഡിഎഫ്. അതിനിടയ്ക്ക് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കടകംപള്ളി ക്ഷമാപണം നടത്തിയതിനെ പാർട്ടി ദേശീയ – സംസ്ഥാന നേതൃത്വങ്ങൾ തള്ളിയത് കടകംപള്ളിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. പാർട്ടി തള്ളിയ സ്ഥാനാർത്ഥിയെ കഴക്കൂട്ടത്തിന് എന്തിന് എന്ന ചോദ്യമാണ് ബിജെപി ഉയർത്തുന്നത്.

ചൂടേറിയ പ്രചരണത്തിനിടയിൽ പരസ്പര വാക്ക് പോരിനും കഴക്കൂട്ടം സാക്ഷ്യം വഹിച്ചു. ശോഭാ സുരേന്ദ്രന്റെ പര്യടനത്തിനിടയ്ക്ക് സിപിഐഎം പ്രവർത്തകർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ടായിരുന്നു വാക്പോര്. മണ്ഡലത്തിൽ ദേശീയ നേതാക്കൾ ശോഭാ സുരേന്ദ്രനായി പ്രചരണത്തിനെത്തുന്നില്ലെന്നും നേതാക്കൾ ശോഭയെ അവഗണിച്ചെന്നും അതിനാൽ ശ്രദ്ധ നേടാൻ നടത്തുന്ന നാടകമാണിതെന്നും കടകംപള്ളി പരിഹസിച്ചു. അതിനുള്ള ശക്തമായ മറുപടി കൂടിയാണ് അവസാന ദിനങ്ങളിലെ വിവിഐപികളുടെ മണ്ഡലത്തിലെ സാന്നിധ്യം. യോഗി ആദിത്യനാഥിന്റേയും മോദിയുടേയും പരിപാടികളിലേക്ക് ക്ഷണിച്ചാണ് കടകംപള്ളിയുടെ പരിഹാസത്തിന് ശോഭ സുരേന്ദ്രൻ മറുപടി നൽകിയത്.

2016ൽ മൂന്നാം സ്ഥാനത്ത് പോയ യുഡിഎഫ് ഇത്തവണയും ചിത്രത്തിലേ ഇല്ലെന്ന് ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രചരണം സജീവമല്ല. പ്രവർത്തകർക്ക് താത്പര്യമില്ലാത്ത സ്ഥാനാർത്ഥിയെ കോൺഗ്രസ് അടിച്ചേൽപ്പിക്കുക ആയിരുന്നെന്നും ഇതിൽ പാർട്ടിയിൽത്തന്നെ അമർഷമുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. പ്രൊഫഷണൽ കോൺഗ്രസ് നേതാവ് ഡോ.എസ്എസ് ലാലാണ് കോൺഗ്രസ് സ്ഥാനാർത്ഥി.

Next Story