
ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാലക്കാട് ബിജെപിയില്‍ ശോഭാ അനുകൂലികളുടെ രാജി. ജആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും ,മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച നിയോജക മണ്ഡലം ട്രഷറര്‍ കെ.നാരായണന്‍, മുഖ്യശിക്ഷക് ആയിരുന്ന എന്‍ വിഷ്ണു എന്നിവരാണ് ബിജെപി വിട്ടിറങ്ങിയത്. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍ ലഭിക്കില്ലെന്ന് എല്‍ പ്രകാശിനി പറഞ്ഞു. പ്രാദേശിക തലത്തില്‍ വരെ ബിജെപി നേതാക്കള്‍ വന്‍ അഴിമതി നടത്തുകയാണെന്നും വന്‍കിടകാരില്‍ നിന്നും പണം വാങ്ങി ജനകീയ സമരത്തില്‍ വരെ ഒത്തുതീര്‍പ്പ് നടത്തുകയാണെന്നും രാജിവെച്ചവര്‍ കുറ്റപ്പെടുത്തി. വരും ദിവസങ്ങളില്‍ ശോഭാ അനുകൂലികളായ കൂടുതല്‍ പേര്‍ ബിജെപിയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് സൂചനകളുണ്ട്.
നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടുപോകുകയാണെന്ന ശോഭയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് രാജി.
സംസ്ഥാന നേതൃത്വത്തിനോടുള്ള അതൃപ്തി ശോഭ സുരേന്ദ്രന്‍ പരസ്യമാക്കിയതോടെ സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമാവുകയാണ്. സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തിയുള്ള നേതാക്കളെ ഒപ്പം നിര്‍ത്തുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തനിക്ക് പിന്തുണ വര്‍ധിപ്പിച്ച് പുതിയ ഗ്രൂപ്പിനുള്ള നീക്കങ്ങളാണ് ശോഭ നടത്തുന്നതെന്നും അതല്ല പാര്‍ട്ടി വിടാനുള്ള ആലോചനയാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന തലത്തിലേക്ക് താഴ്ത്തിയെന്നും പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നും ആരോപിച്ച് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ല. ആരുടേയും വിഴുപ്പലക്കാന്‍ ഇല്ല. പൊതു രംഗത്ത് തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനും ഭാരവാഹികളും സ്ഥാനം ഏറ്റതോടെ പാര്‍ട്ടിയുടെ കീഴ് വഴക്കങ്ങള്‍ മാറി. പാര്‍ട്ടി കീഴ് വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ടാണ് ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താഴ്ത്തിയതെന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എന്ത് കൊണ്ടാണ് പൊതുരംഗത്ത് ഇപ്പോള്‍ പ്രത്യക്ഷപ്പെടാത്തത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ശോഭയുടെ മറുപടി.
പൊതു സമൂഹത്തിന് മുന്നില്‍ ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ലെന്നും ആരുടേയും വിഴുപ്പലക്കാന്‍ തയ്യാര്‍ അല്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടി ചേര്‍ത്തു. പാര്‍ട്ടിയിലെ കീഴ്വഴക്കങ്ങള്‍ ലംഘിച്ചതും തന്റെ സ്ഥാന മാറ്റവും അതൃപ്തിയും എല്ലാം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷന്‍ ആയതിനു പിന്നാലെ പാര്‍ട്ടിയില്‍ താഴെ തട്ട് മുതല്‍ ഉള്ള കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ശോഭ പറഞ്ഞു.
അതേ സമയം പാര്‍ട്ടി തഴഞ്ഞോ എന്ന ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി. പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ ഇല്ലാതിരുന്നാലും പൊതു പ്രവര്‍ത്തന രംഗത്ത് എപ്പോഴും തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു
കെ സുരേന്ദ്രനെ സംസ്ഥാനാധ്യക്ഷനാക്കിയതാണ് ശോഭയടക്കമുള്ള നേതാക്കളെ അസ്വസ്ഥരാക്കിയത്. ദേശീയ നിര്‍വ്വാഹക സമിതിയിലുണ്ടായിരുന്ന ശോഭയെ സംസ്ഥാനാധ്യക്ഷയാക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും സംസ്ഥാനത്ത് മാറിവന്ന ബലാബലത്തില്‍ ശോഭയുടെ പേര് പരിഗണിക്കാതെ പോവുകയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി വൈസ് പ്രസിഡന്റാക്കിയതില്‍ വലിയ അമര്‍ഷമായിരുന്നു ശോഭ സുരേന്ദ്രനുണ്ടായിരുന്നത്.
പിന്നീട് ഇവരെ അഖിലേന്ത്യ പുനഃസംഘടനയിലേക്ക് പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ശോഭയെ തഴയുകയായിരുന്നു. മഹിളാ മോര്‍ച്ച അധ്യക്ഷ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായതോടെയാണ് ബിജെപിയിലെ ചേരിപ്പോര് പരസ്യ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്.
സംസ്ഥാനസര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ നടന്ന സമയത്ത് ശോഭയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. ശോഭ സുരേന്ദ്രനെ പാര്‍ട്ടിയില്‍ കെ സുരേന്ദ്രന്‍ തഴയുകയാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് ശോഭയെ ആരും ഒഴിവാക്കിയിട്ടില്ലെന്നും സജീവമാകാത്തതിന് കാരണം ശോഭയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
എന്നാല്‍ തന്നെ കെ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഒതുക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ കേന്ദ്രമന്ത്രി വി മുരളീധരനാണെന്ന് ആരോപിച്ച് ശോഭ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ടെലിവിഷന്‍ ചര്‍ച്ചകളില്‍നിന്നും ശോഭ മാറി നില്‍ക്കുകയായിരുന്നു.