‘കുഞ്ഞാലിക്കുട്ടിക്ക് മനസിലായി, മുനീറിന് മനസിലായില്ല’; ലീഗിനെ വിടാതെ പിടിച്ച് ശോഭാ സുരേന്ദ്രന്

മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച സംഭവത്തില്‍ വിശദീകരണവുമായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന്. അധികാരക്കൊതി മൂത്ത് എസ്ഡിപിഐ പോലെയുള്ള രാജ്യദ്രോഹികളുമായി കൈകോര്‍ത്തവരാണ് ലീഗ് എന്നും അത് മാറ്റണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ശോഭ പറഞ്ഞു. ഭീകരന്മാരെ മടിയില്‍ നിന്ന് താഴെ ഇറക്കി ദേശീയതയിലേക്ക് ലീഗ് വരണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ അക്കാര്യം എം കെ മുനീര്‍ അടക്കമുള്ളവര്‍ക്ക് മനസിലായില്ലെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ വാക്കുകള്‍:
”ഞാനൊരു പ്രസ്താവന നടത്തി. മുസ്ലീംലീഗ് എന്ന് പറയുന്ന പ്രസ്ഥാനം ദേശീയത ഉള്‍ക്കൊണ്ട് നരേന്ദ്രമോദിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കടന്നുവരണമെന്നാണ് പറഞ്ഞത്. അതിന്റെ അര്‍ത്ഥം കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുനീര്‍ ഇന്നലെ പറഞ്ഞത് എന്താണ്, മുസ്ലീംലീഗിനുള്ള ദേശീയത വേറെ ആര്‍ക്കുമില്ലെന്നാണ്. ബഹുമാനപ്പെട്ട മുനീറിനോട് ചെറിയ ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുകയാണ്. ഇത് സാധാരണക്കാരിയായ ഒരു സ്ത്രീയുടെ ചോദ്യമെന്ന നിലയില്‍ അല്ല.
അധികാരകൊതിയില്‍ രാജ്യദ്രോഹികളുമായി ബന്ധമുണ്ടാക്കി എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും മടിയിലിരുത്തി കൊണ്ട്, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ നിന്ന ആ ചരിത്രം ഒന്ന് മാറ്റണമെന്നാണ് ഞാന്‍ പറഞ്ഞത്. പിന്നെ നിങ്ങള്‍ വിളിച്ച നാലു മുദ്രാവാക്യങ്ങള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ എട്ടണയ്ക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാന് എന്ന് വിളിക്കില്ലായിരുന്നു. നിങ്ങള്‍ പണ്ട് വിളിച്ചിട്ടുണ്ട്. ഒപ്പം മണ്മറഞ്ഞു പോയ സീതീ ഹാജി, പാകിസ്ഥാന് വേണ്ടി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഇബ്രാഹിം സുലൈമാന്‍ സേട്ട് പാകിസ്ഥാനില്‍ പോയി പ്രസംഗിച്ചത് എന്താണെന്ന് അറിയുമോ? ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ രക്ഷയില്ലെന്നാണ്. ചോദിക്കുന്ന ചോദ്യം ഇത്രമാത്രമേയുള്ളൂ.
രാജ്യദ്രോഹക്കേസുകളില്‍ ആളുകളെ പിടികൂടുമ്പോള്‍ അവര്‍ കേരളത്തില്‍ നിന്നുള്ളവരാകുമ്പോള്‍, ഞാന്‍ അടിവരയിട്ട് പറയുന്നു, ഭീകരന്മാരെ മടിയില്‍ നിന്ന് താഴെയിറക്കി ഈ രാജ്യത്തിന്റെ ദേശീയതയിലേക്ക് കടന്നുവരണമെന്നാണ് ഞാന്‍ ഉദേശിച്ചത്. തെറ്റ് തിരുത്താന്‍ തയ്യാറല്ലെന്ന് ലീഗ് പറഞ്ഞു. വിനാശകാല വിപരീത ബുദ്ധി എന്നേ അതിന് ഉത്തരം പറയാനുള്ളൂ. മുനീറിന് മനസിലാക്കാത്ത ചില കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടിക്ക് മനസിലായിട്ടുണ്ട്. അദ്ദേഹം ഡല്‍ഹിയില്‍ ചെന്നപ്പോഴാണ് കണ്ടത്, 303 പേരാണ് താമര ചിഹ്നത്തില്‍ ജയിച്ച് എംപിമാരായതെന്ന്. കുഞ്ഞാലിക്കുട്ടിക്ക് ബോധ്യപ്പെട്ടു. 303 എംപിമാരെ കണ്ടപ്പോള്‍ ഭയപ്പെട്ട് ഇങ്ങോട്ട് വന്ന്, വീണ്ടും അസംബ്ലിയില്‍ മത്സരിക്കാനുള്ള പ്രയത്നത്തിലാണ് അദ്ദേഹം. അതൊന്നും തെറ്റല്ല. കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങാന്‍ പോവുകയാണ്.”