Top

‘എന്നെ തള്ളിയിട്ടതല്ല വലിയ കാര്യം’; മോഡി സര്‍ക്കാര്‍ കര്‍ഷകരെ ആക്രമിക്കുന്നെന്ന് രാഹുല്‍ ഗാന്ധി

‘ഭക്ഷ്യസുരക്ഷയെ തകര്‍ക്കാനുള്ള വഴിയാണ് മോഡി സര്‍ക്കാര്‍ അവതരിപ്പിച്ചത്.’

6 Oct 2020 1:20 AM GMT

‘എന്നെ തള്ളിയിട്ടതല്ല വലിയ കാര്യം’; മോഡി സര്‍ക്കാര്‍ കര്‍ഷകരെ ആക്രമിക്കുന്നെന്ന് രാഹുല്‍ ഗാന്ധി
X

ഹാത്രസ് യാത്രയ്ക്കിടെ യുപി പൊലീസ് തന്നെ തള്ളി താഴെയിട്ടത് വലിയ കാര്യമായി കാണുന്നില്ലെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്നെ തള്ളി വീഴ്ത്തിയാലെന്താണെന്ന് രാഹുല്‍ ചോദിച്ചു. നമ്മുടെ ജോലി രാജ്യത്തെ സംരക്ഷിക്കലാണ്. ഹാത്രസ് സംഭവത്തില്‍ മോഡി ഒരു വാക്കുപോലും മിണ്ടുന്നില്ല. ഹാത്രസ് കുടംബം ഒറ്റയ്ക്കല്ല എന്ന് അവര്‍ മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കൂടെ ഞങ്ങളുണ്ട്. യുപി സര്‍ക്കാര്‍ ഹാത്രസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെയൊന്നാകെ ലക്ഷ്യമിട്ടെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ പ്രതികരണം.

ബില്ലുകള്‍ കര്‍ഷകര്‍ക്ക് നേരെയുള്ള ആക്രമണമാണ്. ഭക്ഷ്യസുരക്ഷയെ തകര്‍ക്കാനുള്ള വഴിയാണ് മോഡി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ബില്ലുകള്‍ ഏറ്റവും ബാധിക്കുക പഞ്ചാബിനെയാണ്.

രാഹുല്‍ ഗാന്ധി

ലോക്ഡൗണിലൂടെ ചെറുകിട-ഇടത്തരം ബിസിനസുകള്‍ മോഡി സര്‍ക്കാര്‍ തകര്‍ത്തു. അതായിരുന്നു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. തൊഴിലാളികള്‍ക്ക് ഉപജീവനം നല്‍കിയിരുന്നതും ചെറുകിട ഇടത്തരം ബിസിനസുകളാണ്. കൊവിഡിനേക്കുറിച്ച് ഫെബ്രുവരിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് തന്നെ പരിഹസിക്കുകയാണുണ്ടായതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

നിങ്ങള്‍ക്കറിയാമോ എന്തുകൊണ്ടാണ് നമ്മുടെ മണ്ണിന്റെ ഒരു ഭാഗം കൊണ്ടുപോകാന്‍ ചൈനയ്ക്ക് സാധിച്ചതെന്ന്? ചൈനക്കറിയാം, ഏറ്റവും ഉന്നത സ്ഥാനത്ത് ഇരിക്കുന്നയാള്‍ തന്റെ പ്രതിച്ഛായയേക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നതെന്ന്.

രാഹുല്‍ ഗാന്ധി
Next Story