തിയേറ്ററിലും ഒടിടിയിലും ഒന്നിച്ച് റിലീസുമായി രാധെ; കൊവിഡ് സാഹചര്യത്തിൽ പുതിയ തീരുമാനവുമായി സൽമാൻ ഖാൻ
ദിഷ പടാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഭരത്തിന് ശേഷം ദിഷയും സൽമാനും ഒന്നിക്കുന്ന എന്ന പ്രത്യേകത കൂടെയുണ്ട് ചിത്രത്തിന്.
21 April 2021 7:38 AM GMT
ഫിൽമി റിപ്പോർട്ടർ

കൊവിഡ് രണ്ടാം തരംഗം ഭീകരമാകുന്ന സാഹചര്യത്തിൽ സൽമാൻ ഖാന്റെ പുതിയ ചിത്രം രാധെ തിയേറ്ററിലും ഒടിടിയിലും ഒരേദിവസം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൽമാൻ ഖാൻ ഫിലിംസിന്റെ ട്വിറ്റർ പേജിലൂടെയാണ് വിവരം പങ്കുവെച്ചത്. ചിത്രത്തിന്റെ റിലീസിംഗ് തീയതിയിൽ മാറ്റമുണ്ടാകില്ലെന്നും നിർമ്മാതാക്കൾ അറിയിച്ചു. മെയ് 13 ഈദ് ദിനത്തിലാണ് ചിത്രം റീലിസ് ചെയ്യുക.
എല്ലാ രീതിയിലും മികച്ച ഈദ് ആഘോഷം. നിങ്ങൾ കാത്തിരുന്ന ചിത്രം രാധെ നിരവധി പ്ലാറ്റ്‌ഫോമുകളിൽ ഒരേസമയം റിലീസ് ചെയ്യുന്നു.
സൽമാൻ ഖാൻ ഫിലിംസ്
2019 നവംബറിൽ ചിത്രീകരണം ആരംഭിച്ച രാധെ കൊവിഡ് പ്രതിസന്ധി മൂലമാണ് ഇത്രയും വൈകുവാൻ കാരണം. കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’. പ്രദുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദിഷ പടാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഭരത്തിന് ശേഷം ദിഷയും സൽമാനും ഒന്നിക്കുന്ന എന്ന പ്രത്യേകത കൂടെയുണ്ട് ചിത്രത്തിന്. ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാധെയ്ക്ക് ശേഷം ടൈഗർ 3 എന്ന ചിത്രത്തിലാകും സൽമാൻ അഭിനയിക്കുക. ടൈഗർ സീരിസിലെ മൂന്നാമത്തെ ചിത്രത്തിലും, കത്രിന കൈഫ് തന്നെയാകും നായികയായി എത്തുക.