‘രക്തക്കറയുള്ള യൂണിഫോം’; പാലസ്തീനെ അടിച്ചമര്‍ത്തുന്ന സൈന്യത്തില്‍ ചേരില്ലെന്ന് ഇസ്രായേലിലെ ചെറുപ്പക്കാര്‍

പാലസ്തീന്‍ ജനതയുടെ മനുഷ്യാവകാശം കവര്‍ന്നെടുക്കുന്ന ഇസ്രായേല്‍ സൈന്യത്തില്‍ ചേരില്ലെന്ന് സര്‍ക്കാരിനോട് 60 ഓളം ഇസ്രായേല്‍ കൗമാരക്കാര്‍. ഇതു സംബന്ധിച്ചുള്ള തുറന്ന കത്ത് ഈ ചെറുപ്പക്കാര്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു. പാലസ്തീനു മേല്‍ കാണിക്കുന്ന അധിനിവേശം ചൂണ്ടിക്കാട്ടിയാണ് ഇവരുടെ കത്ത്. ഇസ്രായേല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്ന വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും പാലസ്തീനികള്‍ക്കും ജൂതര്‍ക്കും രണ്ട് നിയമമാണെന്നും ഇവരുടെ കത്തില്‍ ആരോപിക്കുന്നു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്, വിദ്യാഭ്യാസ മന്ത്രി യോവ് ഗാലന്റ്, പ്രതിരോധ ചീഫ് ഓഫ് സ്റ്റാഫ് അവിവ് കൊച്ചാവി എന്നിവര്‍ക്കാാണ് കത്ത് അയച്ചിരിക്കുന്നത്.

‘ ഞങ്ങളുടെ പ്രശനങ്ങള്‍ക്കെതിരെ ഒന്നിച്ചു നിന്നും ആക്രമ സംവിധാനങ്ങളെ സേവിക്കാന്‍ വിസമ്മതിച്ചും ഈ വിനാശകരമായ യാഥാര്‍ത്ഥ്യത്തെ എതിര്‍ക്കേണ്ടത് ഞങ്ങളുടെ കടമയാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് സൈന്യം,’ കത്തില്‍ പറയുന്നു.

സൈന്യത്തില്‍ ചേരാതിരിക്കുന്നത് ഇസ്രായേല്‍ സമൂഹത്തിനിരെയുള്ള പ്രവൃത്തിയല്ല മറിച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കലാണ്. ഇതൊരു രാഷ്ട്രീയ മാനമുള്ള പ്രവൃത്തിയാണെന്നും കത്തില്‍ പറയുന്നു.

‘ രക്തക്കറയുള്ള സൈനിക യൂണിഫോം ധരിക്കാനും നക്ബയുടെയും അധിനവേശത്തിന്റെയും പാരമ്പര്യം കാത്തു സൂക്ഷിക്കാനാണ് ഞങ്ങള്‍ക്ക് ഉത്തരവിട്ടിരിക്കുന്നത്. ഈ ചീഞ്ഞ വേരുകളിലാണ് ഇസ്രായേല്‍ സമൂഹം കെട്ടിപ്പെടുത്തിരിക്കുന്നത്. ഇത് ജീവിതത്തിന്റെ എല്ലാ വശങ്ങളിലും പ്രകടമാണ്. വംശീയത, വിദ്വേഷകരമായ രാഷ്ട്രീയ വ്യവഹാരം, പൊലീസ് ക്രൂരത എന്നിവയും അതിലേറിയയും,’

‘ അധിനിവേശ പാലസ്തീന്‍ പ്രദേശങ്ങളിലെ പൗരന്‍മാര്‍ ദരിദ്രരാണെങ്കിലും സമ്പന്നരായ വരേണ്യവര്‍ഗം അവരുടെ ചെലവിലാണ് ധനികരാവുന്നത്. പാലസ്തീന്‍ തൊഴിലാളികള്‍ ആസൂത്രിതമായി ചൂഷണം ചെയ്യപ്പെടുന്നു. പാലസ്തീന്‍ പ്രദേശങ്ങളെ ആയുധങ്ങളുടെയും വ്യവസായങ്ങളുടെയും പരീക്ഷണ കേന്ദജ്രമായും വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള ഷോകേസായും ഉപയോഗിക്കുന്നു,’ കത്തില്‍ പറയുന്നു.

ഇസ്രായേലിന്റെ ദേശീയ നിയമപ്രകാരം 18 വയസ്സ് പൂര്‍ത്തിയായ പൗരന്‍മാര്‍ നിര്‍ബന്ധമായും നിശ്ചിതകാലത്തേക്ക് സൈന്യത്തില്‍ ചേരേണ്ടതുണ്ട്. രാജ്യത്തെ അറബ് വിഭാഗക്കാര്‍ക്കും ശാരീരിക പരിമതികള്‍ ഉള്ളവര്‍ക്കും മാത്രമാണ് ഇതില്‍ നിന്നും ഇളവ് ലഭിക്കുക.

Latest News