KERALA ELECTION 2021

‘കോണ്‍ഗ്രസ് 92 സീറ്റില്‍ കൂടുതല്‍ മത്സരിക്കും’; 55 സീറ്റുകളില്‍ യുവാക്കളും വനിതകളും പുതുമുഖങ്ങളുമെന്ന് എഐസിസി നിരീക്ഷകര്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 92ലധികം സീറ്റുകളില്‍ മത്സരിക്കുമെന്ന് എഐസിസി നിരീക്ഷക സംഘം. 60 ശതമാനം യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പരിഗണന നല്‍കുമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും സ്‌ക്രീനിങ് സമിതി ചെയര്‍മാനുമായ എച്ച് കെ പാട്ടീല്‍ പറഞ്ഞു. വിജയ സാധ്യതയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ പ്രധാന മാനദണ്ഡമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കളുടെ പ്രതികരണം.

കോണ്‍ഗ്രസ് 92 സീറ്റില്‍ കൂടുതല്‍ മത്സരിക്കും. തിങ്കളാഴ്ച്ച ദില്ലിയില്‍ സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം ചേരും. ചൊവ്വാഴ്ച്ച അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറും.

എച്ച് കെ പാട്ടീല്‍

സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ എഐസിസി സര്‍വ്വേ സഹായിച്ചു. സിറ്റിങ്ങ് എംഎല്‍എമാരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ച്ചയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രസക്തിയില്ല. എല്‍ഡിഎഫാണ് കേരളത്തില്‍ യുഡിഎഫിന്റെ മുഖ്യ എതിരാളി. സ്ഥാനാര്‍ത്ഥി മോഹികള്‍ ദില്ലിയില്‍ വരരുതെന്നും അവരവരുടെ മണ്ഡലങ്ങളില്‍ ശ്രദ്ധിക്കണമെന്നും കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അഭ്യര്‍ത്ഥിച്ചു.

എഐസിസി നിര്‍ദ്ദേശ പ്രകാരം യുവാക്കള്‍, വനിതകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം സീറ്റ് നല്‍കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി കെപിസിസിസി ആസ്ഥാനത്ത് ചേര്‍ന്ന ശേഷമായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടുതവണ തുടര്‍ച്ചയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തി. ഘടകകക്ഷികളുമായി ആലോചിച്ച് അടുത്ത ദിവസം പ്രകാശനം ചെയ്യും. സ്‌ക്രീനിങ്ങ് സമിതി നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കും. ഘടകകക്ഷികളുമായിട്ടുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനഘട്ടത്തിലാണ്. എത്രയും വേഗം അതും പൂര്‍ത്തിയാകുമെന്നും ഉമ്മന്‍ ചാണ്ടി പറയുകയുണ്ടായി.

Latest News