
തൃശൂര്‍ ജില്ലയില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് എംപി ടി എന്‍ പ്രതാപന്. ഒരാഴ്ച്ചയിക്കിടെ മാത്രം നടന്ന ആറ് കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം. ഗുണ്ടാസംഘങ്ങളുടേയും മയക്കുമരുന്ന്, മദ്യ അധോലോക മാഫിയകളുടേയും വിളയാട്ടം കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാന പൊലീസ് വകുപ്പിന്റെ പരാജയമാണിതെന്നും എംപി ചൂണ്ടിക്കാട്ടി.
ക്രമസമാധാന നില സംരക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ അത്യാവശ്യമാണ്. അല്ലെങ്കില്‍ മഹാമാരിയും തദ്ദേശ തെരഞ്ഞെടുപ്പും സാമൂഹിക വിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമുണ്ടാക്കും.
ടി എന്‍ പ്രതാപന്
ഗുണാ സംഘങ്ങളുടെ കുടിപ്പകയും ആക്രമണവും തൃശൂര്‍ ജില്ലയില്‍ പതിവായിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കിടെ ആറാമത്തെ കൊലപാതകമാണ് ഇന്ന് പകല്‍ അന്തിക്കാട് മാങ്ങാട്ടുകരയിലുണ്ടായത്. ചൊവ്വന്നൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി, എളനാട് പോക്സോ കേസ് പ്രതി, അമ്പിളിക്കല ആശുപത്രിയിലെ കസ്റ്റഡി മരണം, ഒല്ലൂര്‍, എറിയാട് കൊലപാതകങ്ങള്‍ ഒരാഴ്ച്ച കാലയളവില്‍ സംഭവിച്ചതാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് സംവിധാനം തികഞ്ഞ പരാജയമാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഭരണകക്ഷി ഇടപെടലുകളാണ് ഇതിന് കാരണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
ഇന്ന് 11.10നാണ് അന്തിക്കാട് ആദര്‍ശ് വധക്കേസ് പ്രതിയും മുറ്റിച്ചൂര്‍ സ്വദേശിയുമായ നിഥില്‍ (അപ്പു 32) കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് അനുമാനം. രണ്ട് കൊലക്കേസിലെ പ്രതിയാണ് നിഥില്‍. കാറില്‍ സഞ്ചരിക്കവെ നാലംഗ സംഘം വാഹനം ഇടിപ്പിച്ച് നിര്‍ത്തിയ ശേഷം വലിച്ചിറക്കി വെട്ടുകയായിരുന്നു.