കിഫ്ബി ഓഡിറ്റിംഗ്: ശിവശങ്കറിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടന്റിന് പങ്കാളിത്തമുള്ള സ്ഥാപനത്തിന് കരാര്‍
കിഫ്ബി ഓഡിറ്റിംഗിന്റെ കരാര്‍ എം ശിവശങ്കരന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന് പങ്കാളിത്തമുള്ള സ്ഥാപനത്തിന്. കിഫ്ബിയുടെ രണ്ടാംഘട്ട ഓഡിറ്റിംഗായ പീര്‍ റിവ്യു ഓഡിറ്റിംഗിന്റെ കരാറാണ് എം ശിവശങ്കരന്റെ സിഎ പി വേണുഗോപാലിന് പങ്കാളിത്തമുള്ള ചെന്നൈ ആസ്ഥാനമായുള്ള സുരി ആന്റ് കൊ എന്ന സ്ഥാപനത്തിന് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: കിഫ്ബി ഓഡിറ്റിംഗിന്റെ കരാര്‍ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന് പങ്കാളിത്തമുള്ള സ്ഥാപനത്തിനെന്ന് റിപ്പോര്‍ട്ട്. കിഫ്ബിയുടെ രണ്ടാംഘട്ട ഓഡിറ്റിംഗായ പീര്‍ റിവ്യു ഓഡിറ്റിംഗിന്റെ കരാറാണ് എം ശിവശങ്കറിന്റെ സിഎ പി വേണുഗോപാലിന് പങ്കാളിത്തമുള്ള ചെന്നൈ ആസ്ഥാനമായുള്ള ‘സുരി ആന്റ് കൊ’ എന്ന സ്ഥാപനത്തിന് നല്‍കിയിരിക്കുന്നത്. ‘സുരി ആന്റ് കോ’യുടെ വെബ്‌സൈറ്റ് പ്രകാരം സ്ഥാപനത്തിന്റെ ടീമിലെ തിരുവനന്തപുരം ബ്രാഞ്ച് കൈകാര്യം ചെയ്യുന്നതും വേണുഗോപാലാണ്. ഈ വിവരം കിഫ്ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലും നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷമായി ഓഡിറ്റിംഗ് കരാറുള്ള ഈ സ്ഥാപനം സര്‍ക്കാരിന്റെ പല പദ്ധതികളിലും കണ്‍സള്‍ട്ടന്‍സിയായും പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ ടെന്‍ഡര്‍ വഴിയാണ് സ്ഥാപനത്തിന് കരാര്‍ ലഭിച്ചതെന്നാണ് സൂചന. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ലോക്കറെടുത്ത് നല്‍കിയിരുന്നു. ഇതില്‍ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷന്‍ കരാറിലെ കമ്മീഷനാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ മൊഴി. തുടര്‍ന്ന് ലൈഫ് മിഷനിലും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഈ ലോക്കറിന്റെ സഹഉടമയായിരുന്നു പി വേണുഗോപാല്‍. കിഫ്ബിയില്‍ സിആന്റ്ജിയുടെ ഓഡിറ്റിംഗ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള വിവാദം തുടരവെയാണ് പുതിയ വിവരം പുറത്തുവരുന്നത്.
എം ശിവശങ്കറിന്റെ ഇടപാടുകളെക്കുറിച്ച് ചാറ്റേര്‍ഡ് അക്കൗണ്ടന്റ് പി വേണുഗോപാല്‍ അയ്യരെ ഇഡി ചോദ്യം ചെയ്തിരുന്നു. തന്റെ സിഎ വേണുഗോപാലിനോട് സാമ്പത്തിക ഇടപാടില്‍ സ്വപ്നയെ സഹായിക്കണം എന്ന് താന്‍ പറഞ്ഞിരുന്നെന്നും ശിവശങ്കര്‍ ഇഡിക്ക് മൊഴിനല്‍കിയതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
സ്വപ്നയുടെ ബാങ്ക് ലോക്കറിലെ പണമിടപാടുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ തനിക്കയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ സിഎ വേണുഗോപാല്‍ ഇഡിയ്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. വേണുഗോപാലുമൊത്തുള്ള സ്വപ്നയുടെ ജോയിന്റ് അക്കൗണ്ടിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്നതും ശിവശങ്കറാണെന്നും വ്യക്തമായിരുന്നു.