Top

കായംകുളത്ത് അട്ടിമറി ലക്ഷ്യമിട്ട് അരിത, സീറ്റ് നിലനിർത്താൻ പ്രതിഭ

2006 വരെ ആരുടെയും കുത്തകമണ്ഡലമായിരുന്നില്ല കായംകുളം.

3 April 2021 2:12 AM GMT
അനുപമ ശ്രീദേവി

കായംകുളത്ത് അട്ടിമറി ലക്ഷ്യമിട്ട് അരിത, സീറ്റ് നിലനിർത്താൻ പ്രതിഭ
X

മുന്നണികളെ മാറി മാറി വിജയിപ്പിച്ചും പ്രമുഖര്‍ക്ക് പകരം പുതുമുഖങ്ങളെ തെരഞ്ഞെടുത്തും കൊണ്ടിരുന്ന കായംകുളം 2006 വരെ ആരുടെയും കുത്തകമണ്ഡലമായിരുന്നില്ല. മണ്ഡലചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ 2001-തെരഞ്ഞെടുപ്പില്‍ നിലവിലെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും ഏറ്റുമുട്ടുകയും എം എം ഹസന്‍ വിജയം കാണുകയുമായിരുന്നു. ഈ തെരഞ്ഞെടുപ്പിന് ശേഷമുള്ള 2006-ലെ തെരഞ്ഞെടുപ്പ് മുതലാണ് മണ്ഡലം ഇടതുപക്ഷമുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുന്നത്.

തുടര്‍ന്ന് 2006-ലും 2011-ലും സി കെ സദാശിവനും 2016-ല്‍ യുവ വനിത നേതാവ് യു പ്രതിഭയും മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2016-ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കാനായി ഡിസിസി അധ്യക്ഷന്‍ എം ലിജുവിനെ തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കിയെങ്കിലും 11857 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യു പ്രതിഭ എംഎല്‍എക്കായിരുന്നു വിജയം. യു പ്രതിഭ 72956 വോട്ടുകളും എം ലിജു 61099 വോട്ടുകളും എന്‍ഡിഎയില്‍ നിന്ന് മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി ഷാജി എം പണിക്കര്‍ 20000 വോട്ടുകളുമാണ് അന്ന് മണ്ഡലത്തില്‍ നേടിയത്.

ഐക്യ കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കറായി ചരിത്രത്തിലിടം പിടിച്ച കെ ഒ ഐഷാഭായിയായിരുന്നു കായംകുളം മണ്ഡലത്തിന്റെ ആദ്യ എംഎല്‍എ. 1957-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സരോജിനിയെ പിന്തള്ളി മണ്ഡലത്തില്‍ വിജയിച്ച സിപിഐ സ്ഥാനാര്‍ഥി ഐഷാ ഭായി 1960-ലെ രണ്ടാം തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1960-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഹേമചന്ദ്രനായിരുന്നു എതിരാളി.

1965-ല്‍ സിപിഎമ്മിലെ എസ് സുകുമാരനും 1967-ല്‍ എസ്എസ്പിയിലെ പി കെ കുഞ്ഞും കായംകുളം മണ്ഡലത്തെ പ്രതിനിധീകരിച്ചു. ആലപ്പുഴയുടെ ജനകീയനായ കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരനായിരുന്നു 1967-ല്‍ പി കെ കുഞ്ഞിന്റെ എതിരാളി. 1970-ല്‍ ടി കുഞ്ഞുകൃഷ്ണ പിള്ളയിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. സിപിഐഎം സ്ഥാനാര്‍ഥിയായിരുന്ന പി ആര്‍ വാസുവിനെ പിന്തള്ളിയായിരുന്നു ആ വിജയം. 77-ല്‍ അദ്ദേഹം വിജയം ആവര്‍ത്തിച്ചപ്പോള്‍ ജനതാപാര്‍ട്ടിയുടെ പി എ ഹാരിസായിരുന്നു പ്രധാന എതിരാളി.

ഇന്ദിരാ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ കോണ്‍ഗ്രസ് യു ബാനറില്‍ 1980-ലും 1982-ല്‍ സ്വതന്ത്രനായും തച്ചടി പ്രഭാകരന്‍ കായംകുളത്ത് വിജയിച്ചു. കോണ്‍ഗ്രസിന്റെ കുഞ്ഞുകൃഷ്ണപിള്ളയും എം കെ രാഘവനുമായിരുന്നു ആ തെരഞ്ഞെടുപ്പുകളില്‍ തോല്‍വിയറിഞ്ഞവര്‍. 1987-ല്‍ സിപിഎമ്മിലെ എം ആര്‍ ഗോപാലകൃഷ്ണന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. കെ ഗോപിനാഥനെ പിന്തള്ളി മണ്ഡലത്തില്‍ വിജയിച്ചു. പിന്നീട് 1991-ല്‍ ഗോപാലകൃഷ്ണനെ തോല്‍പിച്ച് തച്ചടി പ്രഭാകരനും 1996-ല്‍ തച്ചടി പ്രഭാകരനെ തോല്‍പ്പിച്ച് സിപിഐഎം നേതാവ് ജി സുധാകരനും മണ്ഡലം ഇരുമുന്നണികള്‍ക്കൊപ്പവുമെത്തിച്ചു.

എന്നാല്‍ 2001-ലെ തെരഞ്ഞെടുപ്പില്‍ സുധാകരന് 1764 വോട്ടുകളുടെ പരാജയം നേരിടേണ്ടി വന്നു. നിലവില്‍ യുഡിഎഫ് കണ്‍വീനറായ എം എം ഹസനായിരുന്നു അന്ന് സുധാകരനെ പരാജയപ്പെടുത്തിയ എതിരാളി. ആ തോല്‍വിയില്‍ നിന്നാണ് 2006-ല്‍ ഇടതുമുന്നണി മണ്ഡലം തിരിച്ചുപിടിച്ചത്. 2006-ല്‍ കോണ്‍ഗ്രസിന്റെ അഡ്വ. സി ആര്‍ ജയപ്രകാശിനെ 5832 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ സിപിഐഎം നേതാവ് സി കെ സദാശിവന്‍ 2011-ല്‍ എം മുരളിയെയും പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തി. തുടര്‍ന്ന് 2016-ല്‍ ഇടത് സ്ഥാനാര്‍ഥിയായ അഡ്വ. യു പ്രതിഭ ഡിസിസി അധ്യക്ഷന്‍ എം ലിജുവിനെ തന്നെ പരാജയപ്പെടുത്തി 11857 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.

അതുകൊണ്ട് തന്നെ ഇത്തവണയും പ്രതിഭയെ തന്നെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനാണ് ഇടതുമുന്നണിയുടെ നീക്കം. ആലപ്പുഴയിലെ എംഎല്‍എ മണ്ഡലത്തില്‍ ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയിട്ടുള്ളൂ എന്നും പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നുവെന്നും അഭിപ്രായപ്പെട്ട ജി സുധാകരന്റെ വാക്കുകൾ പ്രതിഭയുടെ പ്രതീക്ഷിത വിജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ മണ്ഡലത്തിലെ ഒരു വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രിയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എംഎല്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുന്‍പ് കായംകുളം മുട്ടേല്‍ പാലത്തിന്റെ ഉദ്ഘാടന പോസ്റ്ററില്‍ നിന്ന് എംഎല്‍എയുടെ ചിത്രം ഒഴിവാക്കിയ ഏരിയ കമ്മിറ്റി പോസറ്ററും വിഭാഗീയത സംബന്ധിച്ച് സൂചന നല്‍കിയിരുന്നു.

കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാർത്ഥിയായി നിയോഗിച്ചിരിക്കുന്നത് അരിത ബാബുവിനെയാണ്. ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥി, ക്ഷീരകർഷക, സാമൂഹികമായും സാമ്പത്തികമായും താഴെക്കിടയിലുള്ള ചുറ്റുപാടുകളിൽ നിന്ന് മത്സരിക്കുന്നയാൾ, കെട്ടിവെക്കാനുള്ള കാശ് പോലും നടൻ സലിം കുമാർ സംഭാവനയായി നൽകിയ ആൾ എന്നിങ്ങനെ ഒക്കെയാണ് അരിതയുടെ വിശേഷണങ്ങൾ. ആലപ്പുഴ മുൻ ജില്ലാ പഞ്ചായത്ത് അംഗമെന്ന പരിചയമാണ് അരിതയുടെ രാഷ്ട്രീയ മുതൽക്കൂട്ട്.

പ്രദീപ് ലാൽ ആണ് എന്‍ഡിഎയ്ക്ക് വേണ്ടി ഇത്തവണ കായംകുളം മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത്. നിലവിലെ എസ്എന്‍ഡിപി യോഗം ഭാരവാഹിയും ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റുമാണ് പ്രദീപ് ലാൽ. കായംകുളത്തിന്റെ വികസ‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്‍ഡിഎയ്ക്ക് മാത്രമേ സാധിക്കൂവെന്ന് അറിയാവുന്ന ജനങ്ങള്‍ ഇത്തവണ തന്നെ വിജയിപ്പിക്കും എന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് പ്രദീപ് ലാൽ.

Next Story

Popular Stories