ഒരേ പോലെ കഴിവുള്ള കലാകാരന്മാർക്ക് പ്രതിഫലത്തിൽ വ്യത്യാസം: ഗായിക സിതാര കൃഷ്ണകുമാർ

ഒരു ഗായിക എന്ന രീതിയിൽ ലഭിയ്ക്കുന്ന വരുമാനത്തിൽ വലിയ വ്യത്യാസമുണ്ടെന്ന് പിന്നണി ഗായിക സിതാര കൃഷ്ണകുമാർ. ഒരേ പോലെ കഴിവുള്ള കലാകാരന്മാർക്ക് തുല്യ രീതിയിലുള്ള വരുമാനം അല്ല ലഭിയ്ക്കുന്നതെന്നും സിതാര കൃഷ്ണകുമാർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. കൊറോണ മാനദണ്ഡ പ്രകാരം തെരെഞ്ഞുടുപ്പുകൾ നടത്തുന്നു, സ്‌കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യം ഉണ്ടാകുന്നു. എന്നാൽ സ്റ്റേജ് ഷോകളും മറ്റു കലാപരിപാടികളും മാത്രം അനുവദിയ്ക്കുന്നില്ല. ഒരു സമൂഹത്തിന്റെ മാനസികമായ കെട്ടുറപ്പിന് കലയ്ക്ക് വലിയ സ്ഥാനമുണ്ട്. ഒരു കലാകാരൻ എന്ന നിലയിൽ അവരുടെ കല പ്രകടിപ്പിക്കാത്ത അവസരത്തിൽ വല്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെടുമെന്നും സിതാര പറഞ്ഞു.

‘ആരാധകരുടെ സ്നേഹം ലഭിയ്ക്കുക എന്നത് ഒരു ഭാഗ്യമാണ്. ചിലപ്പോൾ ഒരു പാട്ടു പാടിക്കഴിയുമ്പോൾ ആരാധകർ നമ്മളെ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് കരുതി പോയ നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്ത് കാരണം കൊണ്ടാണ് ആരാധകർ എന്നെ ഇഷ്ട്ടപ്പെടുന്നതെന്നു ആദ്യമൊക്കെ ഞാൻ ചിന്തിച്ചിരുന്നു. എന്നെ ഇഷ്ടപ്പെടുന്നത് പോലെ തന്നെ എന്നെ ഇഷ്ടപ്പെടാത്തവരും ഉണ്ടായിരിക്കും. അവരുടെ വിചാരങ്ങളെ ഞാൻ എന്റെ ചിന്തയിലേക്ക് കയറ്റാറില്ല’ സിതാര പറഞ്ഞു.

സിതാരയുടെ ഏറ്റവും പുതിയ സംഗീത ആൽബമായ ‘ചായപാട്ട്’ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടിക്കൊണ്ടിരിയ്ക്കുകയാണ്. മുഹ്‌സിൻ പെരാരിയാണ് ഗാന രചന നിർവഹിച്ചത്. ഒരു നടൻ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സിതാര തന്നെയാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Latest News