
തിരുവനന്തപുരം: കേരളം കാത്തിരുന്ന അഭയാ കേസില്‍ 28 വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ഡിസംബര്‍ 22 ന് ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക കോടതി വിധി പ്രസ്താവിച്ചു. അടുത്ത ദിവസം ഡിസംബര്‍ 23 ന് ഇരുവര്‍ക്കുമുള്ള ശിക്ഷ പ്രഖ്യാപിക്കപ്പെട്ടു. ഫാ. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും സി. സെഫിക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. അതിനൊപ്പം ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. കന്യാസ്ത്രീ മഠത്തിലേക്ക് അതിക്രമിച്ച് കടന്നതിന് തോമസ് കോട്ടൂരിന് ഒരുലക്ഷം രൂപ അധികശിക്ഷയും ഈടാക്കിയിട്ടുണ്ട്.
1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.
സിബിഐയുടെ കണ്ടെത്തലുകള്‍:
- അഭയ സമര്‍ത്ഥയായ വിദ്യാര്‍ഥിയും സന്തോഷവതിയും സത്യസന്ധയും മിടുക്കിയുമായിരുന്നു എന്ന രീതിയില്‍ ആത്മഹത്യാസാധ്യത തള്ളിയുള്ള കോണ്‍വെന്റ് അന്തേവാസികളുടെയും അധ്യാപിക ത്രേസ്യാമ്മയുടെയും മൊഴികള്‍
- കേസില്‍ കുറ്റാരോപിതരായ പുരോഹിതര്‍ കോണ്‍വെന്റ് ഹോസ്പിറ്റലില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നെന്നും അവര്‍ക്കായി ഭക്ഷണം തയ്യാറാക്കാന്‍ ഏല്‍പ്പിച്ചിരുന്നു എന്നും പാചകക്കാരി അച്ചാമ്മ നല്‍കിയ മൊഴി.
- അപരിചിതരെ കണ്ടാല്‍ കുരയ്ക്കുന്ന കോണ്‍വെന്റിലെ നായകള്‍ അന്ന് കുരച്ചതായി ആരും കേട്ടില്ല. പുരോഹിതര്‍ പതിവായി എത്തിയിരുന്നവരാണെന്ന അച്ചാമ്മയുടെ മൊഴി ഇക്കാര്യത്തില്‍ വ്യക്തത നല്‍കി.
- സംഭവ ദിവസം കോണ്‍വന്റിനു മുന്നില്‍ ഫാ. തോമസ് കോട്ടൂരിന്റെ സ്‌കൂട്ടര്‍ കണ്ടെന്ന മൊഴി. രാത്രി പത്തരയ്ക്കും രാവിലെ അഞ്ചിനുമിടയില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം ഇല്ലെന്ന ചട്ടം നിലനില്‍ക്കെ പുലര്‍ച്ചെ കോണ്‍വെന്റ് ഹോസ്റ്റലില്‍ ചെന്നതിന് ഫാ. കോട്ടൂരിന് മതിയായ വിശദീകരണം നല്‍കാനായില്ല.
- കോണ്‍വെന്റിലെ അടുക്കള, വര്‍ക്ക് ഏരിയ, വാഷ് ഏരിയ തുടങ്ങിയ ഇടങ്ങള്‍ അലങ്കോലമായി കാണപ്പെട്ടിരുന്നു എന്ന സാക്ഷിമൊഴികള്‍. പാചകക്കാരി അച്ചാമ്മ, സംഭവസ്ഥലത്ത് ആദ്യമെത്തിയ എംഎം തോമസ്, ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ എന്നിവരാണ് ഇത് സാക്ഷ്യപ്പെടുത്തിയത്.
- അടുക്കളയിലും തൊട്ടടുത്തുള്ള കൈ കഴുകുന്ന സ്ഥലത്തുമാണു കൊല നടന്നത്. താഴത്തെ നിലയിലെ മുറിയില്‍ ഒറ്റയ്ക്കാണ് സിസ്റ്റര്‍ സെഫി താമസിക്കുന്നത്. ഇതിനു സമീപത്തുള്ള കിണറ്റില്‍ നിന്നാണ് അഭയയുടെ മൃതദേഹം കണ്ടെത്തിയത്.
- അടുക്കളമൂലയില്‍ കിടന്ന കൈക്കോടായി, തുറന്നു കിടന്ന ഫ്രിഡ്ജിനരികെ കിടന്ന വെള്ളംകുപ്പി, വാതില്‍പാളിയില്‍ കുടുങ്ങി കിടന്ന ശ്രോവസ്ത്രം, രണ്ടിടങ്ങളിലായി ചിതറിക്കിടന്ന ചെരുപ്പുകള്‍.
- മരണത്തിന് മുന്‍പ് അഭയയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത് ആറ് മുറിവുകളാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പൊലീസ് സര്‍ജന്‍ ഡോ. രാധാകൃഷ്ണന്‍ (33ാം സാക്ഷി) നല്‍കിയ തെളിവുകള്‍.
- അഭയയുടെ കഴുത്തിലെ നഖപ്പാടുകളുണ്ടായിരുന്നു എന്ന മൃതദ്ദേഹത്തിന്റെ ചിത്രങ്ങളെടുത്ത വര്‍ഗീസ് ചാക്കോയുടെ (ഏഴാം സാക്ഷി) മൊഴി.
- ഇവ ഉള്‍പ്പടെയുള്ള മുറിവുകള്‍ വെള്ളത്തിലേക്ക് വീഴുന്നതിന് മുമ്പ് ഉണ്ടായതാണെന്നും അത് മറ്റാരോ ഏല്‍പ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന ഡോ. രാധാകൃഷ്ണന്റെയും ആരോഗ്യവിദഗ്ദന്റെയും(31ാം സാക്ഷി) മൊഴികള്‍.
- തലക്കേറ്റ ഗുരുതര പരിക്കുകളും വെള്ളത്തില്‍ മുങ്ങിയതുമാണ് മരണത്തിന് ഇടയാക്കിയതെന്ന ശാസ്ത്രീയ തെളിവ്. അഭയയുടെ തലയൊട് പൊട്ടിയിരുന്നു എന്ന ഡോ. രാധാകൃഷ്ണന്റെ സാക്ഷ്യപ്പെടുത്തല്‍. 1992 മാര്‍ച്ച് 27 ന് പുലര്‍ച്ചെ 4.15 നും അഞ്ചിനുമിടയിലാണ് അഭയ കൊല്ലപ്പെട്ടത്. 4.30 നാണ് അഭയയുടെ തലയ്ക്കടിച്ചത്.
- കൊലപാതകം നടന്ന രാത്രി കോണ്‍വെന്റ് ഹോസ്റ്റലിന്റെ പിന്‍വാതിലില്‍ നിന്നിറങ്ങി വന്ന രണ്ട് പുരുഷന്മാരില്‍ ഒന്ന് ഫാ. കോട്ടൂരാണെന്ന മൂന്നാം സാക്ഷി അടക്കാ രാജുവിന്റെ മൊഴി. രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെ തിരിച്ചറിയാന്‍ രാജുവിന് കഴിഞ്ഞില്ല. ഇതിനാലാണ് വിചരണയില്‍ നിന്ന് പൂതൃക്കലിനെ ഒഴിവാക്കിയത്.
- ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ കുമരകത്തെ ഒരു ഹോട്ടലിനടുത്ത് വെച്ച് ഫാ. കോട്ടൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ മൊഴി.
- സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്നും പച്ചയായ മനുഷ്യന്റെ എല്ലാ വികാരങ്ങളും തനിക്കുണ്ടെന്നും തെറ്റുചെയ്‌തെന്ന തരത്തിലും ഫാ. കോട്ടൂര്‍ പറഞ്ഞെന്നുമുള്ള പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാലിന്റെ മൊഴി. ഇത് കോടതിക്ക് പുറത്തുള്ള കുറ്റസമ്മതമായി കണക്കാക്കപ്പെട്ടു.
- കന്യകയാണെന്ന് തെളിയിക്കാന്‍ സി. സെഫി ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി എന്ന ഡോ ലളിതാംബിക കരുണാകരന്‍ ഡോ പി രമ എന്നിവരുടെ മൊഴികളും തെളിവുകളും. ഒപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സി. സെഫി വെളിപ്പെടുത്തിയെന്ന ഇരു ഡോക്ടര്‍മാരുടെയും മൊഴികളും വൈദ്യപരിശോധന ഫലങ്ങളും.
തെളിവുകളനുസരിച്ച് സി. സെഫിയുടെ സഹായത്തോടെയാണ് കോണ്‍വെന്റ് ഹോസ്റ്റലിനകത്ത് ഫാ. തോമസ് കോട്ടൂര്‍ പ്രവേശിച്ചത്. ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ബന്ധം അഭയ കാണാനിടയായി. ഇതു പുറത്തു പറയാതിരിക്കാന്‍ വേണ്ടി, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഫാ. കോട്ടൂര്‍ കോടാലി ഉപയോഗിച്ചു 3 തവണ അഭയയുടെ തലയ്ക്കടിച്ചത്. തലയുടെ മധ്യത്തിലും വശത്തുമാണ് അടിയേറ്റത്. ഇതിനു ശേഷം അഭയയെ കിണറ്റിലിട്ടു. ഈ വീഴ്ചയിലാണ് അഭയയുടെ ശരീരത്തില്‍ മുറിവുണ്ടായത്. തലയിലെ 3 മുറിവുകളും ആയുധം കൊണ്ടുള്ളതാണെന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മൊഴി നല്‍കി.
സിബിഐയുടെ ഈ കണ്ടെത്തലുകള്‍ കോടതി ശരിവെച്ചു. പ്രതികള്‍ക്കെതിരായ സാഹചര്യതെളിവുകള്‍ കുറ്റം തെളിയിക്കാന്‍ പര്യാപ്തമാണെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ് കെ സനില്‍കുമാര്‍ പറഞ്ഞു.