Top

സെക്രട്ടറിയേറ്റിന് ഇനി സായുധ സുരക്ഷ; നാല് കവാടങ്ങളിലും സായുധ സേനയെ വിന്യസിക്കും

സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളിലുമായി 81 അംഗ സായുധ സേനയെയാണ് വിന്യസിക്കുക.

31 Oct 2020 8:29 AM GMT

സെക്രട്ടറിയേറ്റിന് ഇനി സായുധ സുരക്ഷ; നാല് കവാടങ്ങളിലും സായുധ സേനയെ വിന്യസിക്കും
X

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ഇനി മുതല്‍ സായുധ സേനയുടെ സുരക്ഷ. സെക്രട്ടേറിയറ്റിന്റെ കാവല്‍ കേരള പൊലീസിന് കീഴിലെ സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് (എസ്‌ഐഎസ്എഫ്) നല്‍കിക്കൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സെക്രട്ടറിയേറ്റ് തീപിടുത്തത്തിന് പിന്നാലെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ വര്‍ദ്ധിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന്റെ സുരക്ഷ സംബന്ധിച്ച നിരവധി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സമരത്തിന്റെ മറവില്‍ പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റില്‍ കടക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളിലുമായി 81 അംഗ സായുധ സേനയെയാണ് വിന്യസിക്കുക. പ്രധാന ഓഫീസുകള്‍ക്ക് മുന്നിലും സേനാംഗങ്ങളുണ്ടാകും. കര്‍ശന സുരക്ഷാ പരിശോധന നടത്തിയതിന് ശേഷം മാത്രമേ ഇനി മുതല്‍ സെക്രട്ടറിയേറ്റിലേക്ക് ആളെ കടത്തിവിടൂ.

പൊതുഭരണ സെക്രട്ടറി അധ്യക്ഷനായി സെക്രട്ടറിയേറ്റ് സുരക്ഷാ സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയും സിറ്റി പോലീസ് കമ്മീഷണറും പിഡബ്ല്യുഡി സെക്രട്ടറിയും സമിതിയില്‍ അംഗങ്ങളാണ്. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം, പാര്‍ക്കിങ്ങ്, അഗ്നിരക്ഷാമാര്‍ഗങ്ങള്‍, പുറത്തുകടക്കല്‍ തുടങ്ങിയ സംഗതികള്‍ കമ്മിറ്റി വിലയിരുത്തും.

സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്തയെത്തി പാര്‍ട്ടി പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും സെക്രട്ടറിയേറ്റ് കോംപൗണ്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു.

Next Story