Top

ഗൗരിയമ്മയുടെ അരൂരില്‍ പെണ്‍ പോരാട്ടച്ചൂട്; പാട്ടും പാടി ജയിക്കുമോ ദലീമ? സീറ്റ് നിലനിര്‍ത്താനുറച്ച് ഷാനിമോള്‍

തദ്ദേശതെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനിടയിലും മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകള്‍ കൈവിട്ടുപോയതിനാല്‍ മണ്ഡലത്തിന് പ്രത്യേക ശ്രദ്ധ കൊടുത്തു കൊണ്ടാണ് ഇടതുമുന്നണിയുടെ നീക്കങ്ങള്‍

3 April 2021 5:16 AM GMT
അനുപമ ശ്രീദേവി

ഗൗരിയമ്മയുടെ അരൂരില്‍ പെണ്‍ പോരാട്ടച്ചൂട്; പാട്ടും പാടി ജയിക്കുമോ ദലീമ? സീറ്റ് നിലനിര്‍ത്താനുറച്ച് ഷാനിമോള്‍
X

കേരള രാഷ്ട്രീയത്തിന്റെ ഉരുക്കുവനിത കെ ആര്‍ ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തെകൂടി അടയാളപ്പെടുത്തുന്ന മണ്ഡലചരിത്രമാണ് ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലത്തിന്റേത്. മണ്ഡല ചരിത്രത്തിലെ പതിനഞ്ച് തെരഞ്ഞെടുപ്പുകളില്‍ ഒമ്പതിലും സിപിഐഎമ്മിനെ വിജയിപ്പിച്ച മണ്ഡലത്തില്‍ നിന്ന് എട്ടുതവണയാണ് ഗൗരിയമ്മ നിയമസഭയിലെത്തിയത്. അതില്‍ രണ്ടുതവണ യുഡിഎഫില്‍ നിന്ന് മത്സരിച്ച് വിജയിച്ച ഗൗരിയമ്മ രണ്ടുതവണ മണ്ഡലത്തില്‍ പരാജയപ്പെട്ട ചരിത്രവുമുണ്ട്. പൊതുവെ വിപ്ലവ ഭൂമികളടങ്ങുന്ന ഇടത് അനുകൂല മണ്ണാണെങ്കിലും 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അട്ടിമറിവിജയത്തിന് കളമൊരുക്കി സിപിഐഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയാണ് മണ്ഡലം സമ്മാനിച്ചത്.

2006-ലെ തെരഞ്ഞെടുപ്പില്‍ കെ ആര്‍ ഗൗരിയമ്മയെ പിന്തള്ളി വിജയിച്ച സിപിഐഎമ്മിന്റെ എ എം ആരിഫിനെ 2011, 2016 തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി വിജയിപ്പിച്ചതിനുശേഷമായിരുന്നു അരൂര്‍ 2019-ല്‍ ഇടതുമുന്നണിയെ കൈവിട്ടത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരിയപ്പോള്‍ ഇടതുമുന്നണിക്ക് ആശ്വാസമായത് അരൂരിലെ എ എം ആരിഫിന്റെ വിജയമായിരുന്നു. എന്നാല്‍ ആരിഫ് രാജിവെച്ച എംഎല്‍എ സ്ഥാനത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ യുവ സ്ഥാനാര്‍ഥി മനു സി പുളിക്കലിനെ 2079 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഷാനിമോള്‍ ഉസ്മാന്‍ മണ്ഡലത്തില്‍ വിജയിച്ചു. അതിനുമുന്‍പ് 1960-ലായിരുന്നു കോണ്‍ഗ്രസ് അവസാനമായി മണ്ഡലത്തില്‍ വിജയം കണ്ടത്.

1957, 1960- വര്‍ശങ്ങളിലെ മണ്ഡലത്തിലെ ഒന്നും രണ്ടും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു അരൂര്‍ മണ്ഡലം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പി എസ് കാര്‍ത്തികേയനായിരുന്നു രണ്ട് തവണയും മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1964-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം സിപിഐഎമ്മിനുവേണ്ടി 1965-ല്‍ കളത്തിപറമ്പില്‍ രാമന്‍ ഗൗരിയമ്മ എന്ന കെ ആര്‍ ഗൗരിയമ്മ മത്സരിച്ചപ്പോഴാണ് ആദ്യമായി അരൂര്‍ ഇടതുമുന്നണിക്കൊപ്പമാകുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ അമ്മ ദേവകി കൃഷ്ണനെ 4583 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഗൗരിയമ്മയുടെ ആദ്യ വിജയം.

തുടര്‍ന്ന് 1967-ല്‍ കോണ്‍ഗ്രസിന്റെ കെ ഭാസിയെയും, 1970-ല്‍ സിപിഐയുടെ സി ജി സദാശിവനെയും പിന്തള്ളി ഗൗരിയമ്മ തുടര്‍ച്ചയായി വിജയിച്ചു. എന്നാല്‍ 1977-ല്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഐ സ്ഥാനാര്‍ഥി പി എസ് ശ്രീനിവാസന്‍ ഗൗരിയമ്മയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു. 1980-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി കെ സദാനന്ദനെ 12369 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ഗൗരിയമ്മ മണ്ഡലത്തിലേക്ക് തിരിച്ചെത്തി. 1982-ല്‍ കേരള കോണ്‍ഗ്രസിന്റെ ടി ടി മാത്യു, 1987-ലും 1991-ലും കോണ്‍ഗ്രസിന്റെ പിജെ ഫ്രാന്‍സിസ് എന്നിവരെയും പിന്തള്ളി ഗൗരിയമ്മ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്നു.

1994-ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് സിപിഐഎം കെ ആര്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി പാര്‍ട്ടി രൂപീകരിച്ച ഗൗരിയമ്മ 1996-ലും 2001-ലും ജെഎസ്എസ് ബാനറില്‍ യുഡിഎഫില്‍ നിന്ന് മത്സരിച്ചു വിജയിച്ചു. 1996-ല്‍ സിപിഐഎം സ്ഥാനാര്‍ഥി ബി വിനോദിനെയും 2001-ല്‍ സിപിഐഎം സ്ഥാനാര്‍ഥി കെ വി ദേവദാസിനെയും തോല്‍പ്പിച്ച് കാല്‍ നൂറ്റാണ്ട് കാലം ഗൗരിയമ്മ അരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2006-ല്‍ വീണ്ടും തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ഗൗരിയമ്മയ്ക്ക് പക്ഷേ ഇടത് സ്ഥാനാര്‍ഥിയായെത്തിയ എ എം ആരിഫിനോട് 4753 വോട്ടുകള്‍ക്ക് പരാജയപ്പെടേണ്ടി വന്നു. 2011-ലെ തെരഞ്ഞെടുപ്പില്‍ അരൂര്‍ വിട്ട് ചേര്‍ത്തലയില്‍ മത്സരിച്ചെങ്കിലും സിപിഐയുടെ പി തിലോത്തമനോട് പരാജയപ്പെട്ട ഗൗരിയമ്മ അതോടെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങി. അതേസമയം, അരൂരില്‍ 2011-ലും 2016-ലും എ എം ആരിഫ് വിജയം ആവര്‍ത്തിച്ചു. 2011-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എ എ ഷുക്കൂറിനെ 16852 വോട്ടുകള്‍ക്കും 2016-ല്‍ സി ആര്‍ ജയപ്രകാശിനെ 38519 വോട്ടുകള്‍ക്കുമായിരുന്നു എ എം ആരിഫ് പരാജയപ്പെടുത്തിയത്.

2019-ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആരിഫ് എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് കേരളത്തിലെ മറ്റ് അഞ്ച് മണ്ഡലങ്ങളോടൊപ്പം അരൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക് കടന്നത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാനെ നിയമസഭാതെരഞ്ഞെടുപ്പില്‍ വീണ്ടും യുഡിഎഫ് കളത്തിലിറക്കി. ആ നീക്കം വിജയം കാണുകയും സിപിഐഎമ്മിന്റെ മനു സി പുളിക്കലിനെ 2079 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഷാനിമോള്‍ ഉസ്മാന്‍ മണ്ഡലം പിടിക്കുകയുമായിരുന്നു. 2016-ല്‍ സിപിഐഎം സ്ഥാനാര്‍ഥി എ എം ആരിഫ് 38,519 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ചിടത്താണ് ഷാനിമോള്‍ ഉസ്മാന്‍ അട്ടിമറി നേട്ടമുണ്ടാക്കിയത്. ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ക്കൊപ്പം മന്ത്രി ജി സുധാകരന്റെ പൂതന പരാമര്‍ശവും, എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയുമാണ് തിരിച്ചടിക്ക് കാരണമായി നിരീക്ഷിക്കപ്പെട്ടത്. 2019 ലെ വിജയത്തിനു മുന്‍പ് 2006-ല്‍ പെരുമ്പാവൂരില്‍ നിന്നും 2016-ല്‍ ഒറ്റപ്പാലത്തുനിന്നും ഷാനിമോള്‍ ഉസ്മാന്‍ മത്സരിച്ചിരുന്നെങ്കിലും തോല്‍വിയായിരുന്നു ഫലം.

ഇത്തവണയും മണ്ഡലം നിലനിര്‍ത്താനായി ഷാനിമോള്‍ ഉസ്മാനെ തന്നെയാണ് കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഐശ്വര്യകേരള യാത്രയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കിയപ്പോള്‍ 7539 വോട്ടുകളുടെ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. ഒപ്പം പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനും പരിഹാരമുണ്ടാക്കിയാലെ കോണ്‍ഗ്രസിന് വിജയം ആവര്‍ത്തിക്കാനാകൂ.

അതേസമയം ദലീമ ജോജോ എന്ന ഗായികയെയാണ് ഇത്തവണ ഇടതുമുന്നണി മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിച്ചു വിജയിച്ച ദലീമ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തനം കാഴ്ച വെച്ചയാളാണ്. തദ്ദേശതെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനിടയിലും മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകള്‍ കൈവിട്ടുപോയതിനാല്‍ മണ്ഡലത്തിന് പ്രത്യേക ശ്രദ്ധ കൊടുത്തു കൊണ്ടാണ് ഇടതുമുന്നണിയുടെ നീക്കങ്ങള്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭരണത്തുടർച്ച ഉണ്ടായാൽ മാത്രമേ വികസനം സാധ്യമാകൂ എന്ന് കരുതുന്നതിനാൽ പാർട്ടിയുടെ വിജയത്തിനായി പരിശ്രമിക്കുമെന്ന് സ്ഥാനാർഥി അവകാശപ്പെടുന്നു.

എന്നാല്‍ ആസന്നമായ ഈ തെരഞ്ഞെടുപ്പില്‍ അരൂരിനെ ഉറച്ച മണ്ഡലമായി ഇടതുമുന്നണി കാണുന്നില്ല. 2016-ലെ തിരിച്ചടിക്ക് പുറമെ ഉള്‍പാര്‍ട്ടിപ്പോരും സിപിഐഎമ്മിന് തലവേദനയാകുന്നുണ്ട്. ജില്ലാ സെക്രട്ടറി യോഗത്തില്‍ വിമര്‍ശനമുന്നയിച്ചത് പിബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. അരൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വേണ്ട പരിശോധന നടന്നിട്ടില്ലെന്ന് ആഞ്ഞടിച്ച പിണറായി വിജയന്‍ സംഘടനാപ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നും വേണ്ടിവന്നാല്‍ ജില്ലയുടെ മേല്‍നോട്ടം ഏറ്റെടുക്കുമെന്നുമായിരുന്നു യോഗത്തില്‍ പറഞ്ഞത്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് പോലെ പരസ്യ പ്രതികരണങ്ങളും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളാകാനുള്ള ശ്രമവും ഉള്‍പ്പെടെയുള്ള അച്ചടക്കലംഘനങ്ങളുണ്ടായാല്‍ സിപിഐഎമ്മില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും പിണറായി വിജയന്‍ നടത്തിയിരുന്നു.

ബിഡിജെഎസിലെ ടി.അനിയപ്പനാണ് എൻഡിഎക്ക് വേണ്ടി ഇരുവർക്കുമെതിരെ അരൂരിൽ മത്സരിക്കുന്ന മൂന്നാമൻ. 2016ലെ തെരഞ്ഞെടുപ്പിൽ അനിയപ്പന് 29000ത്തിലേറെ വോട്ട് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അരൂരില്‍ ഇത്തവണ മത്സരച്ചൂട് ഏറും.

Also Read: ‘വേലി തന്നെ വിളവ് തിന്നുക’; ഷാനിമോള്‍ക്കെതിരെ ആരിഫ്; എംപിയും എംഎല്‍എയും ഫേസ്ബുക്കില്‍ വാക്ക്‌പോര്

Next Story

Popular Stories