Top

സിദ്ധിഖ് കാപ്പന്‍ ചെയ്തത് ഞെട്ടിക്കുന്നതെന്ന് യുപി സര്‍ക്കാര്‍; ഞെട്ടിച്ചത് എഫ്‌ഐആറെന്ന് കപില്‍ സിബല്‍; അര്‍ണബ്, കാപ്പന്‍ കേസുകള്‍ വ്യത്യസ്തമെന്ന് കോടതി

കാപ്പനുവേണ്ടി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇയാളുടെ ഭാര്യ റൈഹാന സിദ്ധിഖിനെ കക്ഷിയാക്കാന്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയിട്ടുണ്ട്.

2 Dec 2020 10:38 PM GMT

സിദ്ധിഖ് കാപ്പന്‍ ചെയ്തത് ഞെട്ടിക്കുന്നതെന്ന് യുപി സര്‍ക്കാര്‍; ഞെട്ടിച്ചത് എഫ്‌ഐആറെന്ന് കപില്‍ സിബല്‍; അര്‍ണബ്, കാപ്പന്‍ കേസുകള്‍ വ്യത്യസ്തമെന്ന് കോടതി
X

റിപ്പബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമി കേസിലെ വിധി സിദ്ധിഖ് കാപ്പന്‍ കേസിനോട് താരതമ്യം ചെയ്യാനാകില്ലെന്നും ഇരുകേസുകളും വ്യത്യസ്തമാണെന്നും സുപ്രിം കോടതി. ഉത്തര്‍പ്രദേശ് ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കവേയായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം.


സിദ്ധിഖ് കാപ്പന്റേത് ക്രിമിനല്‍ കേസാണെന്നും ഇത്തരമൊരു കേസില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ തന്നെ നേരിട്ട് ഹര്‍ജിക്കാരായതിന്റെ കീഴ്‌വഴക്കം വേറെ കാണിച്ചുതരാനാകുമോ എന്ന് ചോദ്യം ചെയ്തുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. സിദ്ധിഖ് കാപ്പനെതിരെ കണ്ടെത്തിയ കാര്യം ഞെട്ടിക്കുന്നതാണെന്നായിരുന്നു യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. സാമുദായിക ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗാണ് കാപ്പന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയ്ക്കുമുന്നില്‍ അറിയിച്ചു.

എന്നാല്‍ യഥാര്‍ഥത്തില്‍ ഞെട്ടിക്കുന്നത് കാപ്പനെതിരെ തയ്യാറാക്കിയ എഫ്‌ഐആറാണെന്നും കാപ്പനെതിരെ നടന്ന അന്വേഷണവും കണ്ടെത്തലുമെല്ലാം വാസ്തവവിരുദ്ധമാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. കാപ്പനുവേണ്ടി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇയാളുടെ ഭാര്യ റൈഹാന സിദ്ധിഖിനെ കക്ഷിയാക്കാന്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കക്ഷിയാക്കിയാല്‍ എന്തുകൊണ്ട് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് റൈഹാനയോട് ചോദിക്കുമെന്നും കോടതി വ്യക്തമാക്കി.

Next Story