‘പെര്‍ഫോമന്‍സാണ് പുനസംഘടനയ്ക്കുള്ള മാനദണ്ഡമെങ്കില്‍ ആദ്യം മാറ്റേണ്ടത് മോദിയെ’; ആഞ്ഞടിച്ച് സിദ്ധരാമയ്യ
കൊവിഡ് പ്രതിരോധത്തിനുള്ള എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രിയുടേതായിരുന്നുവെന്ന് പറഞ്ഞ സിദ്ധരാമയ്യ കൊവിഡിനെ പ്രതിരോധിക്കാന്‍ പാത്രം കൊട്ടണമെന്ന് വരെ പ്രധാനമന്ത്രി പറഞ്ഞെന്നും ചൂണ്ടിക്കാട്ടി.
8 July 2021 8:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്രമന്ത്രിസഭാ പുനസംഘടനയ്ക്കുള്ള മാനദണ്ഡം ഓരോരുത്തരുടേയും കര്‍ത്തവ്യനിര്‍വ്വഹണത്തിനായുള്ള പ്രകടനമാണെങ്കില്‍ ആദ്യം പുറത്താക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. 2014 മുതല്‍ സംഭവിച്ചിട്ടുള്ള ബിജെപി സര്‍ക്കാരിന്റെ പരാജയത്തിന് മുഴുവന്‍ ഉത്തരവാദി മോദിയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സാമ്പത്തിക തകര്‍ച്ചയ്ക്ക് പ്രധാനമന്ത്രി കഴിഞ്ഞാല്‍ പിന്നെ ഉത്തരവാദി നിര്‍മ്മല സീതാരാമനാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിസഭാ പുനസംഘടന പരാജയമാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
കൊവിഡ് പ്രതിരോധത്തിനുള്ള എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രിയുടേതായിരുന്നുവെന്ന് പറഞ്ഞ സിദ്ധരാമയ്യ കൊവിഡിനെ പ്രതിരോധിക്കാന്‍ പാത്രം കൊട്ടണമെന്ന് വരെ പ്രധാനമന്ത്രി പറഞ്ഞെന്നും ചൂണ്ടിക്കാട്ടി. എന്നിട്ടും കൊവിഡ് പ്രതിരോധത്തിന്റെ പാളിച്ചയുട പേരില്‍ പുറത്താക്കിയത് ഹര്‍ഷവര്‍ധനെയാണ്. എന്തുകൊണ്ടാണ് മോദി രാജിവെക്കാതിരുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു. നോട്ടുനിരോധനവും ജിഎസ്ടിയും പരാജയപ്പെട്ട നയങ്ങളാണെന്ന് തെളിഞ്ഞന്നും അദ്ദേഹം വിമര്‍ശിച്ചു.
അതിനിടെ മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ ഘടകകക്ഷി നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നേരത്തെ യുവമോര്‍ച്ചാ ബംഗാള്‍ അധ്യക്ഷനും എംപിയുമായ സൗമിത്ര ഖാന്‍ അതൃപ്തി രേഖപ്പെടുത്തി രാജിവെച്ചിരുന്നു. പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ബിജെപി ഘടക കക്ഷിയായ നിഷാദ് പാര്‍ട്ടിയും രംഗത്തുവന്നിരിക്കുന്നത്. പാര്‍ട്ടി തലവനായ സഞ്ജയ് നിഷാദ് പരസ്യ പ്രസ്താവന ഇറക്കിയേക്കും. തന്റെ മകനായ പ്രവീണ്‍ നിഷാദിന് മന്ത്രിസഭയില്‍ ഇടം നല്‍കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ ബിജെപി ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഘടകകക്ഷികളുടെ എതിര്‍പ്പ് യോഗി ആതിഥ്യനാഥിന് തലവേദനയാകും. യോഗി ഭരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അതിനിടയിലാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്‍പ് ഘടകകക്ഷികളെ കാര്യമായി പരിഗണിച്ചില്ലെങ്കില്‍ ബിജെപിക്ക് തിരിച്ചടി ഉറപ്പാണ്.