ഒടിടി സെന്‍സറിങ്ങ് വേണോ? ആസ്വാദനത്തിന് കൂച്ചുവിലങ്ങിടുമോ?

നമ്മൾക്ക് വേണ്ടതെന്താണെന്ന് ആരാണ് തീരുമാനിക്കുന്നത്..? പ്രത്യേകിച്ചും സ്വകാര്യമായ വസ്തുതകളിൽ. ഒരു വ്യക്തിയെ ഒരു പൗരനായി കണക്കാക്കാൻ രാജ്യം നിശ്ചയിച്ച ആ പ്രായമെത്തിയാൽ പിന്നെ എന്തിനാണ് ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കും സ്വാതന്ത്ര്യത്തിനും മേൽ മറ്റൊരാൾ കടിഞ്ഞാൺ ഇടുന്നത് ..? ഏതു തരം നിയന്ത്രണങ്ങളെ പറ്റി പറഞ്ഞുതുടങ്ങിയാലും ഇത്തരം ചോദ്യങ്ങളൊക്കെ നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകാം.

രാജ്യത്ത് ഇന്നേതു മേഖലയിലും നിയന്ത്രണങ്ങൾ തന്നെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പഠിക്കേണ്ടതെന്തെന്ന് മുതൽ പരസ്യമായ വാത്സല്യ-സ്നേഹ പ്രകടനങ്ങൾ വരെ സദാചാരത്തിന്റെയും ധാർമികതയുടെയും പേരിൽ നിയന്ത്രിക്കപ്പെടുന്നുണ്ട്. തീർത്തും വ്യക്തിപരമായ ‘എന്ത് കഴിക്കണം.. ആരുടെ കൂടെ ജീവിക്കണം..എന്ത് കാണണ’മെന്ന് വരെയും നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് ഇന്ന് നമ്മുടെ അടുക്കലേക്കു എത്തുന്നത്. അപ്പോൾ ഇതെല്ലാം അതിജീവിച്ചു കടന്നു വരുന്ന സംഗതികളിൽ ഇനി വീണ്ടുമൊരു വലിച്ചു മുറുക്കൽ വേണോ എന്നാണ് ചോദ്യം ..?

എന്താണ് ഓടിടി ? ഓടിടി ഉള്ളടക്കത്തിൽ നിയന്ത്രണം ആവശ്യമാണോ ?

ഇന്‍റര്‍നെറ്റിലൂടെ കാഴ്ചക്കാരിലേക്ക് നേരിട്ട് എത്തപ്പെടുന്ന ഒരു സ്ട്രീമിംഗ് മീഡിയ സേവനമാണ് ഓവര്‍- ദ- ടോപ്പ് അഥവാ ഓടിടി എന്നറിയപ്പെടുന്നത്. 2015 ലാണ് ഇന്ത്യയിൽ ഹോട്ട് സ്റ്റാർ എന്ന ആദ്യ ജനപ്രിയ ഒടിടി പ്ലാറ്റ് ഫോം പ്രവർത്തനം ആരംഭിക്കുന്നെതെങ്കിലും ഓടിടികൾ വ്യാപക ജനശ്രദ്ധയാകർഷിക്കുന്നത് കൊറോണ കാലത്താണ്. അത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട കാഴ്ചകളും ചർച്ചകളും സംവാദങ്ങളും ഈ സമീപകാലത്താണ് കൂടുതലായി ഉണ്ടായത്‌. അധികം വൈകാതെ കഴിഞ്ഞ ജൂലൈയിൽ ഓടിടിക്ക് മേൽ നിയന്ത്രണം വേണമെന്ന ആവശ്യവും ഉയർന്നു.

ഇന്ത്യയെയും ഇന്ത്യൻ സമൂഹത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കൊണ്ട് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വിനോദ വ്യവസായ മേഖലയോട് ഓടിടി പ്ലാറ്റ്ഫോമുകളിൽ അവർ റിലീസ് ചെയ്യുന്ന പ്രോഗ്രാമുകൾ സ്വയം നിയന്ത്രണവിധേയമാക്കാൻ ആവശ്യപ്പെടുക ആയിരുന്നു. അതിനു ശേഷം ഓടിടി പ്ലാറ്റുഫോമുകൾക്ക് മേൽ നിയന്ത്രണം വെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് സുപ്രിം കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്യപ്പെട്ടു.

ഹർജി കേട്ട സുപ്രീംകോടതി കേന്ദ്രത്തിനും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കും (ഐ‌എ‌എം‌ഐ‌ഐ) നോട്ടീസ് നൽകുകയും പിന്നാലെ ഒരു ഗസറ്റ് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. തുടർന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ചില വ്യവസ്ഥകൾ പുറപ്പെടുവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. നിലവിൽ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും വിവര-പ്രക്ഷേപണ മന്ത്രാലയത്തിന്റെ (ഐ & ബി) പരിധിയിലുമാണ്.

മത-രാഷ്ട്രീയ വികാരങ്ങളെ മുറിപ്പെടുത്തുമെന്ന പേരിൽ താണ്ഡവ്

ജനങ്ങളുടെ വൈകാരികതയെ പന്താടുന്നുവെന്ന പേരിൽ പാതാൾ ലോക്

ഹിന്ദുഫോബിയ ഉണർത്തുന്നുവെന്ന പരാതിയിൽ ലൈല

രാഷ്ട്രീയ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചുവെന്ന ആരോപണത്തിൽ സേക്രഡ്‌ ഗെയിംസ്

വിശുദ്ധരായ സന്യാസികളെ അപകീർത്തിപ്പെടുത്തുന്നു എന്ന പേരിൽ ആശ്രം എന്നീ സീരീസുകളെല്ലാം തന്നെ രാജ്യത്തിന്റെ ഐക്യത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയർത്തിയിട്ടുണ്ടെന്ന പേരിൽ നിയമ നടപടികളെ നേരിട്ടവയാണ്.

കാര്യങ്ങൾ നീങ്ങുന്നതിന്റെ വേഗതയും നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും കണക്കാക്കപ്പെടുമ്പോൾ എത്തരമൊരു സെൻസർഷിപ്പിലേക്കാണ് ഇത് ചെന്നെത്തുക എന്നൊരു ആശങ്കയാണ് ഇപ്പോൾ നിലവിലുള്ളത്. ഇനി ഓടിടിയിലേക്കു വന്നാൽ ഒരു സിനിമ അല്ലെങ്കിൽ സീരീസ് ‘എങ്ങനെ കാണണം’ എന്ന് പ്രേക്ഷകരെ നിർബന്ധിക്കാൻ സർക്കാരിനാകുമോ.?

രാജ്യത്ത് നിലവിലെ പ്രദർശനാനുമതി എന്താണ് പറയുന്നത്..?

1952ൽ രൂപീകരിച്ച സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അഥവാ സെൻസർ ബോർഡ് മുഖേനയാണ് ഇന്ത്യയിൽ സിനിമകൾ പ്രദർശനാനുമതി തേടുന്നത്. പിന്നീട് 1983ൽ ചില ചട്ടങ്ങളും, 1991ൽ ചില മാർഗ്ഗനിർദ്ദേശങ്ങളും കൂട്ടിച്ചേർക്കപ്പെടുക ആയിരുന്നു. മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കേവലമായ ചില ഞെട്ടലുകൾ, അസ്വസ്ഥതകൾ അല്ലെങ്കിൽ കുറ്റകൃത്യങ്ങൾ എന്നിവ സിവിൽ നിയമ കോടതികളിൽ കൈകാര്യം ചെയ്യണമെന്നാണ് കോടതി അനുശാസിക്കുന്നത്. സ്വകാര്യതയെ ലംഘിക്കുകയോ അന്തസ്സിനെ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന തരം സംഭാഷണത്തിനും ഇത് ബാധകമാണ്. ഓടിടി നിർമ്മാതാക്കളും ഈ പരിധിയിൽ വരുന്നു. സെൻസർ ബോർഡിൽ നിലവിലുള്ള ഒരു ഉപവകുപ്പ് ഇതാണ്.

ഓടിടി പ്ലാറ്റ്ഫോമുകളിൽ ‘സ്വകാര്യ കാഴ്ച’യാണ് നടക്കുന്നത്. ഒരു തീയേറ്ററിലെ പോലെ പൊതു പ്രദർശനമായി ഓടിടി കാഴ്ച്ചയെ കണക്കാക്കാനാകില്ല. അത് കൊണ്ട് പ്രീ-സെൻസർഷിപ്പ് ഏർപ്പെടുത്തുന്നത് ഏകപക്ഷീയവും വഷളത്തരവും ആയ ഒരു നടപടിയായിട്ടേ കാണാനാകൂ. കാരണം ഇന്ത്യൻ പ്രേക്ഷകർ അവരുടെ തെരഞ്ഞെടുപ്പ് എവിടെ പരിമിതപ്പെടുത്തണമെന്നോ, അല്ലെങ്കിൽ ആഗോളപൗരന്മാർ ഇന്ത്യൻ സിനിമകളോ ടിവി സീരീസുകളോ ഓടിടി-ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ കാണരുതെന്നോ പ്രസ്താവിച്ചു സർക്കാരിനു ന്യായീകരിക്കാനാകില്ല.

ഓടിടി പ്ലാറ്റ്‌ഫോമുകളുടെ സ്വയം നിയന്ത്രിത വ്യവസ്ഥകൾ:-

ഒരു നിയമം ആയിട്ടില്ലെങ്കിലും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ പുറത്തു വിട്ടിരിക്കുന്ന ഓടിടി പ്ലാറ്റ്‌ഫോമുകളുടെ സ്വയം നിയന്ത്രിത വ്യവസ്ഥകളുടെ 3 പ്രധാന സവിശേഷതകൾ ഇതെല്ലാമാണ് :-

1. പ്രക്ഷേപണം ചെയുന്ന ഉള്ളടക്കത്തെ പ്രത്യേക വിഭാഗങ്ങളായി വർഗ്ഗീകരിക്കുക. ചില പ്രായ വിഭാഗങ്ങൾക്ക് അനുചിതമായ ഉള്ളടക്കമാണെങ്കിൽ അവിടെ ‘ഡിസ്ക്ലെയ്‌മർ’ നൽകുക .

2. പ്രായത്തെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന വർഗ്ഗീകരണത്തിനും, നിരോധിതമെന്ന് കല്പിക്കപ്പെടുന്ന ഉള്ളടക്കത്തിനും വ്യക്തമായ നിർവചനം നൽകുക. .

3. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിപാടികളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കു തങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിനായി ഉചിതമായ ഒരു വ്യവസ്ഥ ഉണ്ടാക്കുക.

വിദേശരാജ്യങ്ങളിലെ ഓടിടി നിയന്ത്രണങ്ങൾ :-

2018 സെപ്റ്റംബറിൽ യുകെ സർക്കാരിനോട് ഓടിടി പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുവാൻ ബി‌ബി‌സി ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നെറ്റ്ഫ്ലിക്സിനോടൊപ്പം പങ്കാളികളാകാമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ നെറ്റ്ഫ്ലിക്സിൻറെ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ എല്ലാ പ്രോഗ്രാമുകൾക്കും സ്വന്തമായി നിയന്ത്രണങ്ങൾ സജ്ജമാക്കാൻ അവർ സഹായിസഹായിച്ചു. പിന്നീട് 2020ൽ ഇയു ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്ന നിയമനിർമ്മാണം യുകെ സർക്കാർ നടത്തുകയായിരുന്നു.

സിംഗപ്പൂരിൽ ഓടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നത് മാധ്യമങ്ങളുടെ റെഗുലേറ്ററി ബോഡിയായ ഇൻഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ചാണ്. ചലച്ചിത്രങ്ങൾ റേറ്റ് ചെയ്യുന്നതുപോലെ ഓടിടി പ്ലാറ്റ്ഫോമിനും അവരുടെ പ്ലാറ്റ്ഫോമിൽ‌ ലഭ്യമായ ഉള്ളടക്കം റേറ്റ് ചെയ്യേണ്ടതുണ്ട്. വിവിധ പ്രായക്കാരായ കാഴ്ചക്കാർ‌ക്ക് ലഭ്യമാക്കാനായി പ്രത്യേക നിർദ്ദേശങ്ങൾ‌ ഇവർ പുലർത്തുന്നുണ്ട്.

ഇന്ത്യയും ഓടിടി ഉള്ളടക്കവും ഇന്ന് :-

ഇന്ത്യയിൽ ഇന്ന് ഓടിടി പ്ലാറ്റ്ഫോമുകൾ അതിന്റെ ഉള്ളടക്കം കൊണ്ട് സ്രഷ്ടാക്കളുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് ഒരു ഉത്തേജനം നൽകിയിട്ടുണ്ടെന്ന് വേണം അനുമാനിക്കാൻ എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഉദാഹരണമായി അടുത്തിടെ നടന്ന എമ്മി അന്താരാഷ്ട്ര അവാർഡ് ദാന ചടങ്ങിൽ നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസ് ആയ ‘ദില്ലി ക്രൈം’ നേടിയ ബെസ്റ്റ് ഡ്രാമ അവാർഡ് ചൂണ്ടി കാണിക്കപ്പെടുന്നു.

ട്രായ് അഥവാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ , ഓടിടി കമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ സ്വകാര്യതയും സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ റെഗുലേറ്ററി ഇടപെടലുകൾ ആവശ്യമില്ലെന്നാണ് ശുപാർശ ചെയ്തിട്ടുള്ളത്. എന്നിരിക്കലും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം ഉള്‍പ്പെടെയുള്ള ഓടിടി പ്ലാറ്റ്‌ഫോമുകളുടെയും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെയും പ്രവര്‍ത്തനത്തിനു മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്.

പ്രിന്റ്-കേബിള്‍ മീഡിയകള്‍ക്ക് പരാതി പരിഹാരത്തിനായി പ്രത്യേക സംവിധാനം ഉണ്ട്. എന്നാൽ ഡിജിറ്റല്‍ മീഡിയക്ക് അത്തരം ഒരു പ്ലാറ്റ്‌ഫോം ഇല്ലെന്നത് സര്‍ക്കാറിന്റെ ശ്രെദ്ധയിൽ വന്നിട്ടുണ്ട്. ഒപ്പം ഓണ്‍ ലൈന്‍ ന്യൂസ് കണ്ടന്റുകളുടെ വിഷയത്തില്‍ ഓസ്‌ട്രേലിയ പ്രഖ്യാപിച്ച നിയമനിര്‍മാണ രീതികൾ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട് എന്നുമാണ് ഈ വിഷയത്തിൽ ഇപ്പോൾ കേൾക്കുന്ന പുതിയ വാർത്ത.

തങ്ങൾക്ക് നേരെ ഉയരുന്ന വിമർശനത്തെ നേരിടാനായുള്ള ഭയമെന്ന് പരിഹാസരൂപത്തിലും ഭരണവിരുദ്ധമായി ഒന്നും സംഭവിക്കരുതെന്നുള്ള അത്യാഗ്രഹം കൊണ്ടുമാണ് ഈ നിയന്ത്രണങ്ങൾ എന്ന് ഉയർന്നു കേൾക്കുമ്പോൾ എന്തിനാണ് എങ്ങിനെയാണ് ഓടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കപ്പെടുക എന്നുള്ളത് നോക്കികാണേണ്ടതു തന്നെയാണ്.

Latest News