Top

വേണ്ടത്ര വാക്സിൻ ജില്ലകളിൽ ലഭ്യമാകുന്നില്ല , പലയിടത്തും നീണ്ടനിരകൾ ദൃശ്യം; വിതരണ നടപടികൾ സുഗമമാക്കി ഭരണകൂടം

കൊവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ പലയിടത്തും ഇന്നും തിരക്കാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർക്ക് മാത്രമാണ്
പലയിടത്തും ഇന്ന് കുത്തിവെപ്പ് നൽകുന്നത്.

22 April 2021 12:06 AM GMT

വേണ്ടത്ര വാക്സിൻ ജില്ലകളിൽ ലഭ്യമാകുന്നില്ല , പലയിടത്തും നീണ്ടനിരകൾ ദൃശ്യം; വിതരണ നടപടികൾ സുഗമമാക്കി ഭരണകൂടം
X

സംസ്ഥാനത്ത് പലയിടങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് തുടരുന്നു. പലയിടത്തും വേണ്ടത്ര പ്രതിരോധ മരുന്ന് കിട്ടാനില്ല. തിരുവനന്തപുരത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ ജിമ്മി ജോർജ് സ്റ്റേഡിയത്തിലും വാക്സിൻ വിതരണം ഉണ്ടാകില്ലെന്നാണ് ലഭ്യമായ അറിവ്. വാക്സിന്റെ അഭാവം നിലനിൽക്കുന്നതിനാൽ തലസ്ഥാനത്ത് ഇന്ന് ഒൻപത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.

അതേസമയം കൊവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ പലയിടത്തും ഇന്നും തിരക്കാണ്. സ്പോട്ട് രജിസ്‌ട്രേഷൻ നിർത്തിയത് അറിയാതെ എത്തിയവരും, വാക്സിന്റെ രണ്ടാം ഡോസ് എടുക്കാൻ വന്നവരും തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ ഒത്തുചേർന്നത് വലിയൊരു ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു.

ആവശ്യമായ വാക്സിൻ ലഭ്യമാകാത്തോടെ കോട്ടയം ജില്ലയിലെയും മെഗാ വാക്സിനേഷൻ ക്യാംപുകൾ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ ജില്ലയിൽ കഴിഞ്ഞ ദിവസത്തേക്കാൾ മെച്ചപ്പെട്ട സംവിധാനമാണ് ഭരണകൂടവും പൊലീസും വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർക്ക് മാത്രമാണ് ഇന്ന് കുത്തിവെപ്പ് നൽകുന്നത്.

രോഗവ്യാപനം രൂക്ഷമായ ചെമ്പ്, കൂരോപ്പട പഞ്ചായത്തുകളിലെ രണ്ട് വാർഡുകളിൽ വീതം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗികളുടെ എണ്ണം 10000മായി ഉയർന്നിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിൽ നിലവിൽ യാതൊരു വാക്സിൻ പ്രതിസന്ധിയും ഇല്ലെന്നാണ് റിപ്പോർട്ടുകൾ. രജിസ്റ്റർ ചെയ്തവർക്കെല്ലാം വാക്സിൻ നല്കാനാവുന്ന നിലയിലാണ് ജില്ലയിൽ മരുന്ന് വിതരണം ക്രമീകരിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിലും ഓൺലൈൻ രജിസ്‌ട്രേഷൻ അനുസരിച്ചാണ് വാക്സിൻ വിതരണം പുരോഗമിക്കുന്നത്. 155 കേന്ദ്രങ്ങളിൽ മരുന്ന് വിതരണം നടക്കുന്നുണ്ട്. 30000 പേർക്കോളം വാക്സിൻ നൽകാനുള്ള ക്രമീകരണങ്ങൾ ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പ്രതിസന്ധികളൊന്നും തന്നെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കണ്ണൂർ ജില്ലയിൽ നേരിട്ടെത്തി ടോക്കൺ എടുക്കുന്നവർക്കാണ് വാക്സിൻ നൽകുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ വഴി ജില്ലയിൽ എല്ലായിടത്തും വിതരണം നടക്കുന്നില്ല. ചെറിയ തോതിലുള്ള ആശയകുഴപ്പം ഉണ്ടായെങ്കിലും വിതരണ കേന്ദ്രങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. 10000 ഡോസ് മരുന്നാണ് സ്റ്റോക്കിൽ ഉള്ളത്. ജില്ലയിലെ 24 കേന്ദ്രങ്ങളിലൂടെയാണ് മരുന്ന് വിതരണം നടത്തുന്നത്.

Next Story