സൗദിയില്‍ ഇനി നമസ്‌കാര സമയങ്ങളിലും കടകള്‍ തുറക്കാം; ഉത്തരവിറക്കി

സൗദി അറേബ്യയില്‍ ഇനി ദിവസേനയുള്ള അഞ്ച് നമസ്‌കാര സമയങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ഭരണകൂടം. ഫെഡറേഷന്‍ ഓഫ് സൗദി ചേംബറാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. കൊവിഡ് വ്യാപനം തടയാനായി കടകള്‍ക്ക് മുമ്പിലെ ആള്‍ത്തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു ഭേദഗതി എന്നാണ് ഔദ്യോഗിക വിശദീകരണം.

2019 ല്‍ 24 മണിക്കൂറും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള ഉത്തരവ് പുറത്തു വന്നിരുന്നു. എന്നാല്‍ ഇതില്‍ അഞ്ച് നേരത്തെ പ്രാര്‍ത്ഥനാ സമയവും ഉള്‍പ്പെടുമോ എന്നതില്‍ അന്ന് പരക്കെ സംശയമുയര്‍ന്നിരുന്നു. ദിവസേന അഞ്ചു തവണ കടകള്‍ അടച്ചിടുന്നത് ഒഴിവാക്കുന്നത് സാമ്പത്തികപരമായും സൗദിക്ക് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം റിയാദിലുള്‍പ്പെടെ നേരത്തെയുള്ള ഉത്തരവ് പ്രകാരം പ്രാര്‍ത്ഥനാ സമയങ്ങളിലും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്തെ സാമൂഹ്യ ജീവിതത്തിലെ മതചട്ടക്കൂടുകളില്‍ വ്യാപകമായ അഴിച്ചു പണിയാണ് നടക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സൗദിയുടെ പ്രതിച്ഛായ മോശമാക്കിയ മതപൊലീസ് സംഘങ്ങള്‍ ഇന്ന് മുഖ്യധാരയില്‍ നിന്നും അപ്രത്യക്ഷമാവുകയാണ്. കടുത്ത നടപടികളാണ് ഇവര്‍ക്കെതിരെ ഭരണകൂടം സ്വീകരിക്കുന്നത്. ടൂറിസം, സാമ്പത്തിക രംഗം എന്നിവയുടെ വളര്‍ച്ചയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായ മാറ്റുന്നതിനുമായാണ് ഈ മാറ്റങ്ങള്‍.

Covid 19 updates

Latest News