
കൊല്‍ക്കത്തയിലെ വട്ഗജില് നടന്ന റോഡ് ഷോയ്ക്കിടെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയ്ക്കും ഉപാധ്യക്ഷന്‍ മുഗുള്‍ റോയ്ക്കും നേരെ കല്ലേറും ചെരിപ്പേറും. സംസ്ഥാനത്തെ ബിജെപി ഹെഡ്ക്വട്ടേഴസിന് അടുത്ത് ഓര്ഫന്ഗജ് റോഡില്‍ നടത്താനിരുന്ന പരിപാടി പൊലീസ് അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് വാട്ഗജ് റോഡിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെ ചില കാറുകളുടെയും മറ്റും ചില്ലുകള്‍ തകര്‍ന്നു.
കൈലാഷ് വിജയ് വര്‍ഗീയ, മുകുള്‍ റോയ്, എംപി അര്ജുന് സിംഗ് എന്നിവരാണ് ബിജെപിയുടെ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കിയത്. സംഘം വാട്ഗജില് എത്തിയെപ്പോഴാണ് നേതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരിപാടി നടക്കവെയായിരുന്നു ബിജെപിയുടെ റോഡ് ഷോ അതുവഴി കടന്ന് പോയത്. പരിസരത്ത് പൊലീസ് സജ്ജമായിരുന്നതിനാല്‍ സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങിയില്ല.
ഇതിനിടെ തങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് ബിജെപിയും രംഗത്തെത്തി. ‘ഞങ്ങള്‍ക്ക് അലിപോരെയില് നിന്ന് സെന്‍ട്രല്‍ കൊല്‍ക്കത്തയിലേക്ക് റോഡ് ഷോ സംഘടിപ്പിക്കുവാന്‍ പൊലീസ് അനുവാദം നല്‍കിയിരുന്നില്ല. ഹാസ്റ്റിംഗ്സ് വരെ പരിപാടി സംഘടിപ്പിക്കാനാണ് അനുവാദം ഉണ്ടായിരുന്നത്. സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഞങ്ങള്‍ പൊലീസിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു. എന്നിരുന്നാലും ചില തൃണമൂല്‍ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് നേരെ ചെരുപ്പുകളും കല്ലുകളും എറിഞ്ഞു. എന്നാല്‍ സമാധാനം നിലനിര്‍ത്താനായി പ്രകോപിതരായി ആക്രമണം അഴിച്ചുവിടാന്‍ അനുവദിക്കാതെ ഞങ്ങള്‍ സംയമനം പാലിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യും. ആക്രമണത്തെ പ്രത്യാക്രമണം കൊണ്ടല്ല, മറിച്ച് ജനങ്ങളുടെ വോട്ടുകൊണ്ട് തിരിച്ചടി നല്‍കും’, വിജയ് വര്‍ഗീയ പറഞ്ഞു.
കഴിഞ്ഞമാസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത പരിപാടിക്ക് നേരെയും കൊല്‍ക്കത്തയില്‍ സമാനസംഭവം അരങ്ങേറിയിരുന്നു.