ബിജെപിയുടെ കൊടിയില്ല, ചിഹ്നമില്ല; സെക്രട്ടേറിയറ്റിന് മുന്നില്‍ ശോഭയുടെ ഒറ്റയാള്‍ നിരാഹാരസമരം
പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ഐക്യാദാര്‍ഢ്യവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം. ‘പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക അഴിമതി സിബിഐ അന്വേഷിക്കുക’ എന്ന ആവശ്യമുയര്‍ത്തിയാണ് ശോഭാ സുരേന്ദ്രന്‍ 48 മണിക്കൂര്‍ ഉപവാസമിരിക്കുന്നത്. സമരപ്പന്തലില്‍ ബിജെപിയുടെ ചിഹ്നമോ കൊടിയോ ഇല്ലാതെയാണ് ശോഭയുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ പിന്തുണയുമായെത്തിയെങ്കിലും പ്രധാന നേതാക്കളാരും ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എത്തുകയോ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. കോര്‍കമ്മിറ്റി സ്ഥാനമടക്കം ആവശ്യപ്പെട്ട പദവികളില്‍ ഇനിയും തീരുമാനമാകാത്ത സാഹചര്യത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ഉദ്ദേശം കൂടി ശോഭയുടെ […]

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ഐക്യാദാര്‍ഢ്യവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം. ‘പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക അഴിമതി സിബിഐ അന്വേഷിക്കുക’ എന്ന ആവശ്യമുയര്‍ത്തിയാണ് ശോഭാ സുരേന്ദ്രന്‍ 48 മണിക്കൂര്‍ ഉപവാസമിരിക്കുന്നത്. സമരപ്പന്തലില്‍ ബിജെപിയുടെ ചിഹ്നമോ കൊടിയോ ഇല്ലാതെയാണ് ശോഭയുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ പിന്തുണയുമായെത്തിയെങ്കിലും പ്രധാന നേതാക്കളാരും ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എത്തുകയോ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. കോര്‍കമ്മിറ്റി സ്ഥാനമടക്കം ആവശ്യപ്പെട്ട പദവികളില്‍ ഇനിയും തീരുമാനമാകാത്ത സാഹചര്യത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ഉദ്ദേശം കൂടി ശോഭയുടെ സമരത്തിനുണ്ടെന്നാണ് വിലയിരുത്തലുകള്‍. ബിജെപി, ബിജെപിയുടേതായ തരത്തില്‍ സമരം ചെയ്യുമെന്നും തന്റെ സമരത്തിന് കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടെന്ന് ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാര്‍ട്ടി പാര്‍ട്ടിയുടേതായ തരത്തില്‍, യുവമോര്‍ച്ചക്കാര്‍ ചിലപ്പോ സമരം ചെയ്യും. മഹിളാ മോര്‍ച്ച സമരം ചെയ്യും, ഇവിടെയിരിക്കുന്ന ഞങ്ങളെല്ലാവരും പാര്‍ട്ടിക്കാര്‍ തന്നെയാണ്. എന്നാല്‍ ഞാന്‍ പറയുന്നത് ഇത് കക്ഷിരാഷ്ട്രീയപരമായി മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വസ്തുതയല്ല. ഈ നടക്കുന്ന സമരത്തിന് സ്വാഭാവികമായും കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ട്.
ശോഭാ സുരേന്ദ്രന്‍
സമരത്തിന് ഫേസ്ബുക്കിലൂടെ ശോഭ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പോസ്റ്റിലോ ഒപ്പം ചേര്‍ത്തിരിക്കുന്ന പ്രൊഫൈല്‍ പിക് ക്യാംപെയ്‌നിലോ ബിജെപി എന്ന വാക്കോ താമര ചിഹ്നമോ ഇല്ല.

ശോഭയുടെ പ്രതികരണം
“കാലാകാലമായി നാട്ടില്‍ നടക്കുന്ന തെറ്റുകള്‍ തിരുത്തപ്പെടാന്‍ വേണ്ടിയാണ് വ്യക്തികള്‍ പരിശ്രമിക്കേണ്ടത്. അഞ്ച് കൊല്ലം യുഡിഎഫിന്റെ നേതൃത്വത്തില്‍ ഈ തെറ്റ് നടന്നു എന്നുള്ളതുകൊണ്ട് എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞ ഒരു സര്‍ക്കാര്‍ ആ തെറ്റ് അനുവര്‍ത്തിക്കണമെന്നില്ല. ആ തെറ്റ് തിരുത്താനാണ് അവര്‍ക്ക് അധികാര കസേര കൊടുത്തത്. ആ അധികാര കസേര കൊടുത്തതിന് ശേഷവും അഞ്ച് വര്‍ഷവും എട്ട് വര്‍ഷവും ജോലിക്ക് വേണ്ടി കാത്തിരിക്കേണ്ട ഗതികേടിലേക്ക് ഇവിടുത്തെ കുട്ടികള്‍ വരുന്നു. അതിനെ ചോദ്യം ചെയ്യുകയാണ് വേണ്ടത്. ആ പ്രതികരണം പലതരത്തിലുണ്ടാകും. പാര്‍ട്ടി പാര്‍ട്ടിയുടേതായ തരത്തില്‍, യുവമോര്‍ച്ചക്കാര്‍ ചിലപ്പോ സമരം ചെയ്യും. മഹിളാ മോര്‍ച്ച സമരം ചെയ്യും, ഇവിടെയിരിക്കുന്ന ഞങ്ങളെല്ലാവരും പാര്‍ട്ടിക്കാര്‍ തന്നെയാണ്. എന്നാല്‍ ഞാന്‍ പറയുന്നത് ഇത് കക്ഷിരാഷ്ട്രീയപരമായി മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വസ്തുതയല്ല. ഈ നടക്കുന്ന സമരത്തിന് സ്വാഭാവികമായും കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ട്. അതിന്റെ സൂചനയാണ് ഈ അനുഷ്ഠിക്കുന്ന ഈ 48 മണിക്കൂര്‍ ഉപവാസം.”