Top

കഴക്കൂട്ടത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍, ഇത്തവണ വിജയം ഉറപ്പ്: ശോഭാ സുരേന്ദ്രന്‍

ശബരിമല വിഷയത്തിലെ കടകംപള്ളി സുരേന്ദ്രന്റെയും പാര്‍ട്ടിയുടേയും നിലപാടില്ലായ്മയാണ് ബിജെപി മുഖ്യപ്രചരണായുധമാക്കുന്നത്.

30 March 2021 2:51 AM GMT

കഴക്കൂട്ടത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍, ഇത്തവണ വിജയം ഉറപ്പ്: ശോഭാ സുരേന്ദ്രന്‍
X

സംസ്ഥാന രാഷ്ട്രീയത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ മണ്ഡലമായി മാറിക്കഴിഞ്ഞു കഴക്കൂട്ടം. ബിജെപിയുടെ ശക്തമായ സാന്നിധ്യം ത്രികോണ മത്സരത്തിനാണ് കളമൊരുക്കിയിരിക്കുന്നത്. എന്നാല്‍ ത്രികോണ മത്സരമില്ലെന്നും എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്നും ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. യുഡിഎഫിന്റെ പ്രവര്‍ത്തനം വളരെ നിര്‍ജ്ജീവമാണെന്നതാണ് ഇതിന് കാരണമായി ശോഭ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ഇത്തവണ വിജയത്തിന് വഴിമാറുമെന്ന ശുഭപ്രതീക്ഷയിലാണ് ശോഭാ സുരേന്ദ്രനും പാര്‍ട്ടിയും

ശബരിമല വിഷയം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് കഴക്കൂട്ടം. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമാണ് അതിന് കാരണമെന്ന് ശോഭ ചൂണ്ടിക്കാട്ടുന്നു. ശബരിമല വിഷയത്തിലെ കടകംപള്ളി സുരേന്ദ്രന്റെയും പാര്‍ട്ടിയുടേയും നിലപാടില്ലായ്മയാണ് ബിജെപി മുഖ്യപ്രചരണായുധമാക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ ക്ഷമാപണം നടത്തി പ്രചരണം തുടങ്ങിയ കടകംപള്ളി സുരേന്ദ്രന് പക്ഷെ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ പിന്തുണ കിട്ടിയിട്ടില്ല. പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നാണ് സിപിഐഎം, സിപിഐ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരിക്കുന്നത്. ഇത് തുറന്ന് കാട്ടിയാണ് ബിജെപി വോട്ടര്‍മാരെ സമീപ്പിക്കുന്നത്. ഒപ്പം വിശ്വാസസംരക്ഷണത്തിന് ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ഉറപ്പും നല്‍കുന്നു. ശബരിമലയ്ക്ക് പുറമെ മണ്ഡലത്തിലെ വികസനമുരടിപ്പും ചര്‍ച്ചയാക്കുന്നുണ്ട്.

ബിജെപിയുടെ മുന്നേറ്റം എല്‍ഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ ഉണ്ടായ ആസൂത്രിതമായ ആക്രമണം ഇതിന് തെളിവാണെന്നും ശോഭ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെയാണ് സിപിഐഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍. പൊലീസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ ദുരുപയോഗപ്പെടുത്തി വിജയം നേടാനാണ് എല്‍ഡിഎഫ് ശ്രമമെന്നും ശോഭ ആരോപിക്കുന്നു.

ഏറെ വൈകിയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെങ്കിലും ശോഭാ സുരേന്ദ്രന്റെ വരവ് മണ്ഡലത്തില്‍ പാര്‍ട്ടി അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ഈ ആവേശം കൊണ്ടുതന്നെ പരിമിത സമയത്തിനുള്ളില്‍ പ്രചരണത്തില്‍ മറ്റ് മുന്നണികള്‍ക്കൊപ്പമെത്താന്‍ ശോഭാ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ പിന്തുണ ചെറുതല്ലാത്ത ആത്മവിശ്വാസമാണ് ബിജെപിക്ക് നല്‍കുന്നത്. മുന്‍കാലങ്ങളില്‍ ബിജെപിയോട് അയിത്തം കാണിച്ചിരുന്ന വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഇത്തവണ അനുകൂല നിലപാടിലേക്ക് എത്തിയതും കരുത്ത് വര്‍ധിപ്പിക്കുന്നു. പ്രചരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ വാഹനപ്രചരണ ജാഥയും ഗൃഹസമ്പര്‍ക്കവുമായി മണ്ഡലത്തിലുടനീളം നിറയുകയാണ് ശോഭാ സുരേന്ദന്‍.

അവസാനലാപ്പിലേക്ക് കടന്നതോടെ പ്രചരണത്തിന്‍ഖെ ആവേശവും ചൂടും വര്‍ധിച്ചിരിക്കുകയാണ്. ഇതിന് കൊഴുപ്പേകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഏപ്രില്‍ രണ്ടിന് തലസ്ഥാനത്ത് എത്തുന്നുണ്ട്. കഴിഞ്ഞ തവണ വി മുരളീധരന്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അതിനാല്‍ത്തന്നെ ഇത്തവണത്തെ അനുകൂല സാഹചര്യത്തിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

Next Story