Top

ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ഡോളര്‍ക്കടത്ത് കേസില്‍ അഞ്ചാം പ്രതിയായേക്കും

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കിറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

29 Nov 2020 9:56 PM GMT

ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ഡോളര്‍ക്കടത്ത് കേസില്‍ അഞ്ചാം പ്രതിയായേക്കും
X

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡോളര്‍ക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. മറ്റു പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരെയും ഇന്ന് കോടതിയില്‍ എത്തിക്കും.

കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം സ്വപ്‌നയേയും സരിത്തിനേയും ശിവശങ്കറിനൊപ്പം ഇരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോഴും ഡോളര്‍ കടത്തിയിട്ടുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് നല്‍കിയിരിക്കുന്ന മൊഴി.

ഡോളര്‍ കടത്തിയത് ശിവശങ്കറിന് അറിയാമായിരുന്നു എന്നുപറഞ്ഞ സ്വപ്ന, പണം വിദേശത്തു നിക്ഷേപിക്കാന്‍ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഡോളര്‍ക്കടത്ത് കേസില്‍ ശിവശങ്കറിനെ അഞ്ചാംപ്രതി ആക്കാനാണ് സാധ്യത.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യ്തത്. കേസില്‍ ശിവശങ്കറിനെതിരെ തെളിവ് കിട്ടിയതിന് ശേഷമായിരുന്നു കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍. ഇതുവഴി കള്ളക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും ഡോളര്‍ കടത്തിയെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍.

നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായാണ് ഡോളര്‍ സംഘടിപ്പിച്ചതെന്ന് സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. സ്വപ്നയേയും സരിതിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടിലായിരുന്നു കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍.

Next Story