
സ്വര്‍ണ്ണക്കടത്ത് ഡോളര്‍ക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഏഴാം തീയതി വരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. കള്ളക്കടത്തില്‍ ശിവശങ്കറിന്റെ നേരിട്ടുള്ള ബന്ധം സംബന്ധിച്ച് ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.
അധികാര ദുര്‍വിനിയോഗം നടത്തിയ ശിവശങ്കര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ട്. ശിവശങ്കറിനെ രക്ഷിക്കാനാണ് ആദ്യം സ്വപ്ന കള്ളമൊഴി നല്‍കിയത്. ശിവശങ്കറിനെ പ്രതിചേര്‍ത്തതില്‍ ന്യായമുണ്ട്. ഈ റാക്കാറ്റിലെ മുഴുവന്‍ പേരെയും കണ്ടെത്തണം. ശിവശങ്കറിന്റെ മൂന്നാം ഫോണും കണ്ടെത്തണമെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡി ആവശ്യമെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്.
ശിവശങ്കര്‍ ഉള്‍പ്പടെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡോളര്‍ക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമായിരുന്നു കസ്റ്റംസിന്റെ വാദം.
കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം സ്വപ്നയേയും സരിത്തിനേയും ശിവശങ്കറിനൊപ്പം ഇരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോഴും ഡോളര്‍ കടത്തിയിട്ടുണ്ടെന്നായിരുന്നു സ്വപ്ന കസ്റ്റംസിന് നല്‍കിയിരുന്ന മൊഴി.