
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി കസ്റ്റഡിയിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആറ് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്.
ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി ഇന്ന് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. വീണ്ടും കസ്റ്റഡി വേണമെന്ന ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആദ്യ ദിവസങ്ങളില്‍ ശിവശങ്കര്‍ സഹകരിച്ചില്ലെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തിയതായും ശിവശങ്കര്‍ പറഞ്ഞതായി ഇഡി വ്യക്തമാക്കി. ലൈഫ് മിഷന്‍ കെ ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തി നല്‍കിയത്.
സ്വര്‍ണ്ണക്കടത്ത് കേസും ലൈഫ് മിഷനുമായി ബന്ധമുണ്ടെന്നും ഇഡി കോടതിയില്‍ പറഞ്ഞു. വാട്‌സ് ആപ് ചാറ്റിലൂടെയാണ് ലൈഫ് മിഷന്‍ പദ്ധതി വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറിയതെന്നാണ് ഇഡി പറയുന്നത്.
അതേസമയം ലൈഫ് മിഷന് ഇഡിയുടെ കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തന്നെ കസ്റ്റഡിയില്‍ പീഡിപ്പിച്ചില്ലെന്നും വൈകിട്ട് 6ന് ശേഷം തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും മതിയായ വിശ്രമം തനിക്ക് ലഭിച്ചിരുന്നുവെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.