Congress Crisis

ചെന്നിത്തലയുടെ ‘കേരള മോഡല്‍ റാഫേലും’ ഇറ്റലിയിലിരുന്ന് ട്വീറ്റ് ചെയ്യുന്ന രാഹുലും

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി അടുത്തിടെ നല്‍കിയ ഒരു മൊഴിയിലെ കുരുക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുനേരെയായിരുന്നു. യുഎഇ കോണ്‍സുലേറ്റിന് കൈമാറാന്‍ യുഎസ് ഡോളര്‍ നിറച്ച ഒരു ബാഗ് തങ്ങള്‍ക്ക് നല്‍കിയെന്നായിരുന്നു ആരോപണം. സ്വാഭാവികമായും ഈ മൊഴി സന്തോഷിക്കാന്‍ അവസരം നല്‍കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കായിരുന്നു. കേസില്‍ സ്പീക്കര്‍ക്ക് പങ്കുണ്ടെന്ന ആരോപണവും രാജി ആവശ്യവും അദ്ദേഹം ഉയര്‍ത്താന്‍ തുടങ്ങിയിട്ട് അതിനകം നാല് മാസം പിന്നിട്ടിരുന്നു.

എന്നാലതിനെയൊക്കെ അപ്രസക്തമാക്കിയാണ് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് കടന്നുപോയത്. കോണ്‍ഗ്രസ് നയിച്ച യുഡിഎഫിനേക്കാള്‍ സിപിഐഎം നയിച്ച എല്‍ഡിഎഫിന് സീറ്റുകള്‍ നല്‍കിയ കേരളത്തിലെ വോട്ടര്‍മാര്‍, സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ യുഡിഎഫ് ഉണ്ടാക്കിയ ബഹളമൊന്നും എല്‍ഡിഎഫിന്റെ പ്രതിഛായ തകര്‍ക്കാനുതകിയില്ല എന്ന്‌ വ്യക്തമാക്കി. ഏതായാലും തദ്ദേശതെരഞ്ഞെടുപ്പ് പ്രാദേശികവല്‍ക്കരിക്കപ്പെട്ടുവെന്നും ഈ വര്‍ഷം മെയ്മാസത്തിലെത്താനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനെ സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങള്‍ സ്വാധീനിക്കുമെന്നും പ്രത്യാശിക്കാന്‍ മാത്രമേ യുഡിഎഫിന് തരമുള്ളൂ.

ഇത്തവണത്തേക്ക് എന്തായാലും സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി സ്വര്‍ണ്ണക്കടത്തിനെ അവതരിപ്പിച്ച യുഡിഎഫിന്റെ സിംഗിള്‍ പോയിന്റ് അജണ്ട ഫലം കണ്ടില്ല. പകരം അത് ഒരു കൊച്ച് റാഫേല്‍ വിവാദമായിരൂപപ്പെടുകയായിരുന്നു. ജനപ്രിയനായ നരേന്ദ്രമോദിയുടെ പ്രതിഛായ ഇടിക്കാന്‍ റാഫേല്‍ വിവാദത്തിനാകുമെന്ന് രാഹുല്‍ ഗാന്ധി കരുതിയപോലെ, കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത മൂലം ജനപ്രീതി വര്‍ദ്ധിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ താഴെയിറക്കാമെന്ന രമേശ് ചെന്നിത്തലയുടെ വിശ്വാസത്തിനാണ് തിരിച്ചടിയേറ്റത്.

പാളിപ്പോയ പ്രശ്‌നങ്ങള്‍

ഇവിടെ സിപിഐഎമ്മിനേയോ പാര്‍ട്ടി നേതൃത്വത്തെയോ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാളാന്‍ കാരണമായത് ആരോപണങ്ങളെ പിന്‍താങ്ങാന്‍പറ്റിയ തെളിവുകളുടെ അഭാവമായിരുന്നു. കേസിനെ ഭീകരവാദ ഫണ്ടിംഗുമായി ബന്ധിപ്പിത്താന്‍ കേന്ദ്ര ഏജന്‍സികള്‍ പ്രകടിപ്പിച്ച അമിതാവേശവും ഇതിനെച്ചൊല്ലി സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിക്കാത്ത സിപിഐഎം നിലപാടും മോദി സര്‍ക്കാര്‍ ഇടത് സര്‍ക്കാരിനെ വേട്ടയാടുന്നു എന്ന തരത്തിലുള്ള ഒരു ചിത്രമാണ് യഥാര്‍ഥത്തിലുണ്ടാക്കിയത്.

കേരളത്തിലെ മാധ്യമങ്ങളും ഈ കേസ് വലിയ തോതില്‍ ഏറ്റെടുത്തതോടെ എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി. മാധ്യമങ്ങളും കുറച്ച് പ്രതിപക്ഷത്തിന്റെ പണിയെടുത്ത് സഹായിച്ചതോടെ കോണ്‍ഗ്രസിനത് സ്വപ്‌നം കണ്‍മുന്നിലെത്തിയ നിമിഷമായിരുന്നു. പക്ഷെ കൊടുങ്കാറ്റുയർത്തി കോൺഗ്രസ് വന്നിട്ടും ഇളംകാറ്റുപോലും പിണറായി വിജയന് അനുഭവപ്പെട്ടില്ല.

ഇവിടെ രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വയം ചോദിക്കാന്‍ വിട്ടുപോയ ചില ചോദ്യങ്ങളുണ്ട്‌: സ്പീക്കറിന്റെ രാജി എങ്ങനെയാണ് വോട്ടര്‍മാര്‍ക്ക് ഗുണം ചെയ്യുക? അഴിമതി നടന്നിട്ടില്ലെന്നോ അതിനെപ്രതി ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനുമേല്‍ കടുത്ത ചോദ്യങ്ങള്‍ ഉയര്‍ത്തരുതെന്നോ ആരും പറഞ്ഞിട്ടില്ല. അതിനെക്കുറിച്ച് ആരും അലോസരപ്പെട്ടിരുന്നുതന്നെയില്ല.

ജൂലൈ മുതല്‍ ഡിസംബര്‍ വരെ കോണ്‍ഗ്രസ് അതിനെ സുപ്രധാന വിഷയമാക്കി എടുത്തു. എന്നാലതായിരുന്നോ അന്നത്തെ സുപ്രധാന വിഷയം? അത്തരത്തില്‍ പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്തുകാരനാണെന്ന് മുദ്രകുത്തപ്പെട്ടിരുന്നെങ്കില്‍ എന്തുണ്ടാവുമായിരുന്നു? തൊഴില്‍രഹിതരായി കേരളത്തിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് അത് തൊഴില്‍ നല്‍കുമായിരുന്നോ? അടുത്ത പ്രളയത്തെ നേരിടാനത് കേരളത്തെ പ്രാപ്തരാക്കുമായിരുന്നോ? കൊവിഡ് 19 നിയന്ത്രിക്കാന്‍ സഹായിക്കുമായിരുന്നോ? സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനോ അയല്‍ സംസ്ഥാനങ്ങളുടെ അത്രയും സംരംഭകസൗഹൃദമായി കേരളത്തെ മാറ്റാനോ അതിനാകുമായിരുന്നോ?

പരസ്യത്തിന്റെ പ്രാഥമിക തത്വം

ഒരാവശ്യത്തെ തൃപ്തിപ്പെടുത്തുക എന്നതാണ് ഒരു പരസ്യത്തിന്റെ പ്രാഥമിക തത്വം. എന്നാല്‍ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് ആവര്‍ത്തിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുകയല്ലാതെ കേരള വോട്ടറുടെ എന്ത് അടിയന്തര ആവശ്യമാണ് കോണ്‍ഗ്രസ് അതിലൂടെ നിറവേറ്റിയത്? എന്നിട്ടുതന്നെ ആ കേസില്‍ ചില സൗകാര്യവ്യക്തികളല്ലാതെ ഏതെങ്കിലും സിപിഐഎം നേതാക്കള്‍ ഉള്‍പ്പെട്ടതായി കാണുന്നുണ്ടോ എന്നുള്ളതും ചോദ്യമായി അവശേഷിക്കുന്നു.

എന്നാല്‍ അതേസമയം, പിണറായി വിജയന്‍ സൃഷ്ടിക്കുന്ന തലക്കെട്ടുകള്‍ കാണുക. അദ്ദേഹം ഇടതടവില്ലാതെ വികസനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം അവകാശപ്പെടുന്നതുപ്രകാരം സര്‍ക്കാരിന്റെ 600 വാഗ്ദാനങ്ങളില്‍ 570 എണ്ണമാണ് നിറവേറ്റപ്പെട്ടത്. മറുവശത്ത് കോണ്‍ഗ്രസ് തങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുമ്പോള്‍ പിണറായി വിജയന്‍ സംസ്ഥാനവ്യാപകമായി പര്യടനം നടത്തി വികസനപ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. യഥാര്‍ഥത്തില്‍ അത് ചെയ്യേണ്ടിയിരുന്നത് കോണ്‍ഗ്രസായിരുന്നു.

ഇതൊരൊറ്റപ്പെട്ട ഉദ്ദാഹരണമല്ല. വളരെ നിര്‍ണ്ണായകമായിരുന്ന മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കമല്‍നാഥും ഇതേ തെറ്റ് തന്നെ ചെയ്തു. വിജയിച്ചിരുവന്നുവെങ്കില്‍ സര്‍ക്കാരിനെ തിരിച്ചുപിടിക്കാവുന്ന ഒരു മത്സരത്തില്‍ അദ്ദേഹം ദയനീയമായി തൊറ്റു. ജ്യോതിരാദിത്യ സിന്ധ്യയും ബിജെപിയും എങ്ങനെ തന്റെ സര്‍ക്കാരിനെ അന്യായമായി അട്ടിമറിച്ചു എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു കോണ്‍ഗ്രസിന്റെ മുഴുവന്‍ പ്രചാരണവും. ഒപ്പം ഹിന്ദുത്വ രാഷ്ട്രീയം വാരിവിതറാനും രാമക്ഷേത്രത്തിന്റെ അവകാശം രാജീവ് ഗാന്ധിക്ക് നല്‍കാനുമുള്ള ശ്രമങ്ങള്‍ വേറെയും നടത്തി. എന്നാല്‍ ഇതെല്ലാം ചമ്പലിലെ ഗ്രാമങ്ങളെ അവിടുത്തെ വോട്ടര്‍മാരെ സ്വധീനിക്കുക? സര്‍ക്കാരിന്റെ വിട്ടുപോയ അറ്റത്തെ കൂട്ടിമുട്ടിക്കുന്നതിലോ കമല്‍നാഥിന്‌ നീതിലഭിക്കുന്നതിലോ ജനങ്ങള്‍ക്ക് എങ്ങനെയാണ് താത്പര്യമുണ്ടാകേണ്ടിയിരുന്നത്? ഇവിടെ വോട്ടര്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന തങ്ങളുടെ വരുമാനത്തെക്കുറിച്ച്‌ ചിന്തിക്കുമോ അതോ രാമക്ഷേത്രനിര്‍മ്മാണത്തിന്റെ കീര്‍ത്തി ആര്‍ക്ക് ചാര്‍ത്തിക്കൊടുക്കണമെന്ന്‌ ചിന്തിക്കുമോ?

സാധാരണക്കാരന് എന്ത് ലഭിച്ചു

2004 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുമേല്‍ അപ്രതീക്ഷിത ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആദ്യ യുപിഎ സര്‍ക്കാരിന് രൂപം കൊടുത്തത്. ആരാലും പ്രതീക്ഷിക്കപ്പെടാത്ത ആ ജയം അടല്‍ ബിഹാരി വാജ്‌പേയിയുടെ ജനപ്രീതിയെയെ ആര്‍ക്കും തകര്‍ക്കാനാവില്ല എന്ന തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും വിമര്‍ശകരുടെയും പൊതു അഭിപ്രായം തെറ്റായിരുന്നു എന്ന് തെളിയിച്ചു. സത്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പോലും ആശ്ചര്യത്തിലായിരുന്നു. എന്നാലാനേട്ടത്തിന്റെ നന്ദി കോണ്‍ഗ്രസിനുവേണ്ടി ഒരു പരസ്യകമ്പനി എഴുതിനല്‍കിയ ഒരു മുദ്രാവാക്യത്തിന് അവകാശപ്പെട്ടതായിരുന്നു: ‘ആം ആദ്മി കൊ ക്യാ മിലാ?’- ‘സാധാരണക്കാരന് എന്ത് ലഭിച്ചു?’

ഇന്ന് കോണ്‍ഗ്രസ് ചോദിക്കാന്‍ മറന്നുപോകുന്ന ചോദ്യമതാണ്. അഥവാ ചോദിക്കുമ്പോള്‍ ലാഭം കൊയ്യുന്നതും. 2018ല്‍ മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുവിജയിച്ച് കോണ്‍ഗ്രസ് ഉണ്ടാക്കിയ ആശ്ചര്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്‌ കാര്‍ഷിക ലോണ്‍ എഴുതിതള്ളുമെന്ന ഒരു വാഗ്ദാനമായിരുന്നു. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചുറ്റിപ്പറ്റി ഒരു ചര്‍ച്ചയുണ്ടാക്കാന്‍ തേജസ്വി യാദവിനായെങ്കില്‍ അതും പത്ത് ലക്ഷം തൊഴില്‍ എന്ന അദ്ദേഹത്തിന്റെ വാഗ്ദാനത്തിനുപുറത്തായിരുന്നു.

2019 ല്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച ഏതെങ്കിലും രൂപത്തില്‍ മിനിമം വേതനമെന്ന വാഗ്ദാനം വലിയൊരവസരമാണ് അദ്ദേഹത്തിനൊരുക്കി കൊടുത്തത്. എന്നാല്‍ കോണ്‍ഗ്രസ് അവരുടെ ഈ ‘ന്യൂന്‍തം ആയ് യോജന’ അഥവാ ‘ന്യായ്’ കാമ്പയിന്‍ വളരെ വൈകിയാണ് ആരംഭിച്ചതെന്ന അബദ്ധം മാത്രമല്ല കാട്ടിയത്, രാഹുല്‍ ഗാന്ധി തന്റെ ‘ചൗകിദാര്‍ ചോര്‍ ഹേ’ മുദ്രാവാക്യം ഉപേക്ഷിക്കാനും കൂട്ടാക്കിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡാറ്റാ അനലറ്റിക്‌സ് സെല്ലിന്റെ റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ റാഫേല്‍ വിഷയമാകുന്നു എന്നു ഉറപ്പിച്ചു പറഞ്ഞു. അതിന്റെ ഫലമായി എന്തുണ്ടായി? അതിന്റെ ഫലമായി ന്യായ് കാമ്പയിനോട് ന്യായം കാണിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.

ഇന്ന് കൊവിഡ് തകര്‍ത്തെറിഞ്ഞ സമ്പദ് വ്യവസ്ഥയുമായാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. ഈ സാമ്പത്തിക മാന്ദ്യത്തിനിടയിലും എന്‍ഡിഎ ബിഹാര്‍ ഭരണം നിലനിര്‍ത്തി. ഇതിനിടെ തൊഴില്‍നഷ്ടത്തില്‍ നിന്ന് പിടിച്ചുകയറാന്‍ സാധിച്ച ജനങ്ങളാണെങ്കില്‍ അവരുടെ വരുമാനം താഴോട്ടുപോകുന്ന പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. ഒരു സാമൂഹ്യ സുരക്ഷാ വലയെന്ന നിലയില്‍ മിനിമം വേതനമെന്ന ആവശ്യവുമായി ഒരു ബഹുജന കാമ്പയിന്‍ ആരംഭിക്കാന്‍ പ്രതിപക്ഷത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിത്. കേരളത്തിലും പശ്ചിമ ബംഗാളിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ പിടിക്കാന്‍ അത് ചിലപ്പോള്‍ കോണ്‍ഗ്രസിനെ സഹായിച്ചേക്കും. എന്നാല്‍ രാഹുല്‍ ഗാന്ധി എവിടെയാണ്? അദ്ദേഹം മിലാനിലിരുന്ന് മോഡിക്കെതിരെ ട്വീറ്റ് ചെയ്യുകയാണ്.

ദി പ്രിന്റില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ ശിവം വിജ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

മൊഴിമാറ്റം: അനുപമ ശ്രീദേവി

Latest News