
ബിജെപിയെ കടന്നാക്രമിച്ച് ശിവസേന മുഖപത്രമായ സാമ്‌ന. ഇങ്ങനെ തുടരുകയാണെങ്കില്‍ രാജ്യം സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് പോലെ തകരുമെന്നും അതിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ശിവസേന ആരോപിച്ചു. പല വിഷയങ്ങളിലും സുപ്രീംകോടതി അവരുടെ ധാര്‍മ്മീകത മറന്നുപോകുന്നെന്നും ശിവസേന സാമ്‌നയില്‍ പറഞ്ഞു.
‘രാഷ്ട്രീയ ലക്ഷ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കോട്ടം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇങ്ങനെ പോയാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് പോലെ രാജ്യം തകരാന്‍ അധികം നാള്‍ വേണ്ടി വരില്ല. കേന്ദ്ര സര്‍ക്കാരിന്റെ കഴിവിനെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും വലിയൊരു ചോദ്യമാണ് 2020ല്‍ ഉയര്‍ന്നിരിക്കുന്നത്’, ശിവസേന പറഞ്ഞു.
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിനെ താഴെയിറക്കാനായി പ്രധാനമന്ത്രി ഏറെ പരിശ്രമിച്ചിരുന്നു എന്ന ബിജെപി നേതാവ് വിജയ്‌വര്‍ഗിയ നടത്തിയ വെളിപ്പെടുത്തല്‍ മറാത്തി ഡെയ്‌ലി വലിയ വാര്‍ത്തയാക്കിയിരുന്നു. ഒരു രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന പ്രധാന മന്ത്രി അവരുടെ പ്രത്യേക താല്‍പര്യത്തിന് വേണ്ടി സംസ്ഥാനസര്‍ക്കാരുകളെ താഴെയിറക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് കുഴപ്പമാണുള്ളത് എന്ന് പരിഹസിച്ച ശിവസേന, അത്തരം പ്രവണതകള്‍ രാജ്യത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ബിജെപി ഇതര സംസ്ഥാനങ്ങളെ ഇല്ലാതാക്കുമെന്ന വിമര്‍ശനവും ഉയര്‍ത്തി.
നേരത്തെ ചലച്ചിത്ര താരം കങ്കണ റണൗത്തിനെയും റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയേയും അനുകൂലിച്ച കേന്ദ്ര നിലപാടിനെ വിമര്‍ശിച്ചും ശിവസേന രംഗത്തെത്തിയിരുന്നു.