
കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനിയായ അമ്പത്തിയാറുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അണുനശീകരണത്തിനു വേണ്ടുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ബാക്ടീരിയ ചെറുക്കാനുള്ള മരുന്നുകളുടെ വിതരണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. രണ്ടുപേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.
കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.
ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാവെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. അതേ സമയം ഷിഗെല്ല ബാക്ടീരിയ എങ്ങനെ ഇവിടെ എത്തി എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.