കേരളത്തിൽ ഷിഗല്ല മരണം; പകരുന്നതെങ്ങനെ? ലക്ഷണങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍ അറിയാം

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിൽ 14 പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചെന്ന വാർത്ത വന്നിട്ടുള്ളത്. കോഴിക്കോട്ടെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്താണ് ഷിഗല്ല സ്ഥിരീകരിച്ചത്. ഒരു മരണവും 25 സമാനമായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് രോഗബാധയുടെ ഭീകരതയും ആശങ്കകളും ഒഴിഞ്ഞു വാക്സിൻ എത്തുന്നു എന്ന ആശ്വാസവാർത്ത കേട്ടുതുടങ്ങിയതിന് പുറകെയാണ് ഉത്കണ്ഠ പരത്തികൊണ്ട് പുതിയ രോഗമായ ഷിഗല്ലയുടെ രംഗപ്രവേശം. ആരോഗ്യവകുപ്പിൽ നിന്നും അറിയാൻ കഴിയുന്നത് മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയും ആണ് ഈ രോഗബാധ ഉണ്ടാകുന്നത് എന്നാണ്. രോഗത്തെയും രോഗാണുവിനെയും ലക്ഷണങ്ങളെയും പ്രതിരോധത്തെയും പറ്റിയുള്ള വിശദാംശങ്ങളറിയാം.

രോഗലക്ഷണങ്ങൾ:-

ഷിഗല്ല എന്ന ബാക്ടീരിയ ആണ് മരണത്തിലേക്ക് വരെ എത്തിച്ചേക്കാവുന്ന ഈ രോഗത്തിന്റെ കാരണക്കാരൻ. രോഗബാധിതനായ വ്യക്തിയുടെ കുടലിലാണ് രോഗാണു കാണപ്പെടുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ പ്രകടമാകുന്ന പ്രധാന രോഗലക്ഷണങ്ങൾ ആയി പറയപ്പെടുന്നത്‌ വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ്. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു.

മേൽ സൂചിപ്പിച്ചതുപോൽ മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങളായ പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ രണ്ട് മുതല്‍ ഏഴ് ദിവസം വരെ കാണപ്പെടാം. ലക്ഷണങ്ങള്‍ ചിലരിൽ നീണ്ടുനില്‍ക്കാൻ ഇടയുണ്ട്. മറ്റു ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതെയും ഇരിക്കാറുണ്ട്.

പകരുന്നത് ഇങ്ങനെ:-

എന്നാൽ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഷിഗല്ല രോഗം പിടിപെട്ടാൽ ഗുരുതരമാകാനും മരണത്തിലേക്ക് എത്താനുമുള്ള സാധ്യത വളരെ കൂടുതലാണ്. തികഞ്ഞ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ കൂടുതൽ എളുപ്പത്തിൽ രോഗവ്യാപനം നടക്കും. ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് അനുസരിച്ചു രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിച്ചേക്കും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

പ്രതിരോധ മാർഗ്ഗങ്ങൾ

ഷിഗല്ലയെ നേരിടേണ്ടതെങ്ങനെയെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക എന്നിവ അവയിൽ പ്രധാനമാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കഴിവതും പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ആഹാരം പാകം ചെയ്യാതിരിക്കുക എന്നത് ശ്രെദ്ധിക്കേണ്ടതാണ്.

രോഗത്തെ പ്രതിരോധിക്കാനായി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക, വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക. കക്കൂസും ശുചിമുറിയും അണുനശീകരണം നടത്തുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. രോഗ ലക്ഷണമുള്ളവര്‍ ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക. കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക എന്നിവയാണ് ആരോഗ്യവകുപ്പിന്റെ മറ്റു നിർദ്ദേശങ്ങൾ.

Latest News