‘വ്യക്തിഹത്യ നടത്താന്‍ മാത്രമല്ലേ നിങ്ങള്‍ക്കറിയൂ, ഞാന്‍ എവിടെയും പോയിട്ടില്ല’; ഇടത് സൈബര്‍ പോരാളികളോട് ഷിബു തെക്കുംപുറം
തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷവും താന്‍ മണ്ഡലത്തില്‍ ചെയ്ത ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
22 May 2021 12:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലത്തുനിന്ന് മത്സരിച്ച് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് തനിക്കെതിരെ നടക്കുന്ന വ്യക്തിയധിക്ഷേപത്തോട് പ്രതികരിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായിരുന്ന ഷിബു തെക്കുംപുറം. കോതമംഗലംത്തെ ഇടതുപക്ഷ സുഹൃത്തുക്കള്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ഷിബു തെക്കുപുറത്തിന്റെ ആരോപണം. ഈ പ്രചരണങ്ങളോട് പ്രതികരിച്ചുകൊണ്ട് അത്രപെട്ടെന്ന് താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും ഷിബു തെക്കുംപുറം ഇവിടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷവും താന്‍ മണ്ഡലത്തില്‍ ചെയ്ത ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യക്തിഹത്യ കൈമുതലാക്കിയ ഇടതരെ ഇതൊന്നും ബോധ്യപ്പെടുത്താന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഇത് തന്നെ പിന്തുണച്ചവര്‍ക്കുള്ള വിശദീകരണമാണെന്നും ഷിബു ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഷിബു തെക്കുപുറത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്:
പ്രിയമുള്ളവരേ,
കോതമംഗലംത്തെ ഇടതുപക്ഷ സുഹൃത്തുക്കൾ ഇപ്പോൾ പുതിയ നാടകരചനയിൽ ആണ് എല്ലാം നിർത്തി ഷിബു തെക്കുംപുറം വീട്ടിൽ കേറിയെന്നു, അവരോടായി മാത്രം പറയട്ടെ ഒരു തെരഞ്ഞെടുപ്പ് തോൽവിയിൽ അങ്ങനെയങ്ങ് ഇല്ലാതാവുന്നതല്ലാ വർഷങ്ങൾ പലതു കഴിഞ്ഞ എന്റെ രാഷ്ട്രിയ ജീവിതം… തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു എന്നാൽ കഴിയുംവിധം ഇനിയും ഞാൻ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് ഞാൻ വെറും വാക്ക് പറയാറില്ല,എന്റെ നാടുമായി ബന്ധപ്പെട്ട് പലവിധ സാഹയങ്ങൾ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞും നടക്കുന്നുണ്ട്.
അതൊന്നും വ്യക്തിഹത്യമാത്രം കൈമുതലാക്കിയ ഇടതുപക്ഷത്തെ കുഞ്ഞു സൗഹൃദങ്ങളോട് അറിയിക്കേണ്ട ആവശ്യവുമില്ലാ, ഇത് പറയുന്നത് എന്നോടൊപ്പം ഇത്രയും നാൾ കൂടെനിന്ന് എന്നെ പിന്തുണച്ചിരുന്ന ഒരു വിഭാഗം തെറ്റിദ്ധാരണയിൽ ആയിട്ടുണ്ട് എന്ന് അറിഞ്ഞതിനാലാണ്…കഴിഞ്ഞ ദിവസം മുതൽ കോവിഡ് കേസുകൾക്ക് മാത്രമായി പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് കോവിഡ് പോസിറ്റിവായ നിർധനരായ കുടുംബങ്ങൾക്ക് കോവിഡ് പ്രതിരോധമരുന്നുകളും ഭക്ഷ്യകിറ്റുകളും വീടുകളിൽ എത്തിച്ച് നൽകുകയും,കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള വാഹനസൗകര്യം,കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരചടങ്ങുകൾ നടത്താൻ സഹായിക്കുക,അണുനശീകരണ പ്രവർത്തനങ്ങൾ എന്നിവ തുടങ്ങിയിട്ടുണ്ട്,കൂടാതെ എന്റെ നാട് ജനകിയ സ്റ്റോർ വഴി ട്രിപ്പിൾ ലോക്ക്ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സാധങ്ങൾ ആറു കിലോമീറ്റർ ചുറ്റളവിൽ ഫ്രീ ഡെലിവറിയും ആരംഭിച്ചിരുന്നു.
ഇടതുപക്ഷ സുഹൃത്തുക്കളോടായി പറയട്ടെ നിങ്ങൾ ഈ വ്യക്തിഹത്യ തുടങ്ങിയിട്ട് കാലംകുറച്ചായി ഈ തെരഞ്ഞെടുപ്പിൽ ഒരിടത്തുപോലും വ്യക്തിഹത്യ അല്ലാതെ പുരോഗമന പ്രസ്ഥാനത്തിന്റെ വക്താക്കൾ എന്നു പറയുന്നവർ രാഷ്ട്രിയം പറഞ്ഞു നേരിടാൻ മുതിർന്നിട്ടില്ല (ചെറുത് മുതൽ വലുത് വരെ) ..അത് നിങ്ങൾ തുടരുക അറിയാവുന്ന പണിയല്ലേ നിങ്ങൾക്ക് ചെയ്യാൻ കഴിയു…ഷിബു തെക്കുംപുറം എവിടേയും പോവില്ല,തെരഞ്ഞെടുപ്പ് വേദികളിൽ ഞാൻ പറഞ്ഞത് വെറും വാക്കല്ല എന്റെ വീടിന്റെ വാതിലുകൾ ആരുടെ മുന്നിലും കൊട്ടിയടയ്ക്കുകയില്ലാ,എന്നും എന്നാൽ കഴിയുംവിധം ജനങ്ങളോടൊപ്പം ഞാൻ ഉണ്ടായിരിക്കും..ഈ നാട്ടിൽ ഉണ്ടാവും..